Image Credit: Faheem Hussain / SPORTZPICS for BCCI (Wiki)

ജീവന്‍മരണപ്പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങാനിരിക്കെ ചെപ്പോക്കില്‍ ഇറക്കുമതി ചെയ്ത രാസ സ്പ്രേ തളിച്ചു. വൈകുന്നേരം 7 മണിയോടെ ആരംഭിക്കുന്ന മല്‍സരം രാത്രിയിലേക്ക് നീളുമെന്നതിനാല്‍ തന്നെ മഞ്ഞുമൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനാണ് കെമിക്കല്‍ സ്പ്രേ അടിച്ചത്. 'ഡ്യൂ ക്യൂര്‍' എന്നറിയപ്പെടുന്ന കെമിക്കലാണ് തളിച്ചതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെക്കന്‍റ് ഇന്നിങ്സില്‍ മഞ്ഞുണ്ടാകുമെന്നും ഇത് തടയുന്നതിനായി ഡ്യൂ ക്യൂര്‍ പ്രയോഗിക്കുന്നതിലൂടെ ബാറ്റിങും ബോളിങും ആയാസരഹിതമാക്കാമെന്നതുമാണ്  പ്രത്യേകത.

ചൊവ്വാഴ്ചയും ബുധനാഴ്ചയും ഓരോ റൗണ്ട് വീതം കെമിക്കല്‍ സ്പ്രേ ചെയ്തിരുന്നു. ഇന്നുച്ചയ്ക്കും ഇതാവര്‍ത്തിച്ചു. ഇതോടെ രാത്രിയിലെ മഞ്ഞിനെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 80–90 ശതമാനത്തിനിടയിലാണ് കളിയുടെ സമയത്ത് പ്രതീക്ഷിക്കുന്ന ഊഷ്മാവ്. 

സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ് സാധാരണയായി ചെപ്പോക്കിലെ പിച്ച്. ഗ്രിപ്പില്‍ പന്ത് തിരിയുമ്പോള്‍ റണ്‍സെടുക്കാന്‍ ബാറ്റര്‍ക്ക് ക്ഷമ വേണ്ടി വരും. അതിനൊപ്പം പുല്ലിലെ ഈര്‍പ്പം കൂടിയാകുമ്പോള്‍ പന്ത് തെന്നിമാറുകയും ചെയ്തേക്കാം. ചുരുക്കത്തില്‍ ബാറ്റര്‍മാര്‍ വിയര്‍ത്തേക്കാമെന്ന് സാരം. ടോസിനും നിര്‍ണായക പങ്കാണ് ചെപ്പോക്കിലുള്ളത്. കനത്ത മഞ്ഞുള്ളപ്പോള്‍ ആദ്യം ബാറ്റ് ചെയ്യാനാകും ക്യാപ്റ്റന്‍മാര്‍ താല്‍പര്യപ്പെടുക. ഭേദപ്പെട്ട സ്കോര്‍ തുടക്കത്തില്‍ കെട്ടിപ്പടുക്കാനാകുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയെപ്പോലെ തന്നെ സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരം തോറ്റാണ് സിംബാബ്​വെയും ഇന്നിറങ്ങുന്നത്. വിന്‍ഡീസിനോട് 107 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയാണ് സിംബാംബ്​വെ ഏറ്റുവാങ്ങിയത്. ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ദയനീയമായി പരാജയപ്പെട്ട ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ ഏറെക്കുറെ തുലാസിലാണ്. സിംബാബ്​വെയ്ക്കെതിരെയും വിന്‍ഡീസിനെതിരെയും ജയിക്കുക മാത്രമല്ല, മറ്റ് ടീമുകളുടെ മല്‍സരഫലം കൂടി ഇന്ത്യയെ തുണയ്ക്കണമെന്നതാണ് സ്ഥിതി.

ENGLISH SUMMARY:

In a desperate bid to counter the heavy dew factor at Chennai’s Chepauk Stadium, authorities have used a US-imported chemical spray called 'Dew Cure' ahead of the India vs Zimbabwe T20 World Cup 2026 clash. The chemical was applied in multiple rounds to ensure that the outfield remains dry, helping both bowlers and fielders maintain a better grip during the second innings. With humidity levels expected to hit 80-90%, this move is seen as a tactical step to balance the game for the team bowling second. India faces a must-win situation after their initial Super 8 loss to South Africa, with their semi-final hopes hanging by a thread. The Chepauk pitch, traditionally a spinner's paradise, might behave differently if the moisture is effectively controlled. Both India and Zimbabwe enter this contest seeking redemption after heavy defeats in their previous matches