hardik-tilak

TOPICS COVERED

ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സിംബാബ്‍വെയ്ക്ക് 257 റണ്‍സ് വിജയലക്ഷ്യം. നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 256 റണ്‍സെടുത്തു. തകര്‍ത്തടിച്ച ഇന്ത്യന്‍ ബാറ്റിങ് നിര കുറിച്ചത് ലോകകപ്പിലെ ഇത്തവണത്തെ ഉയര്‍ന്ന ടീം ടോട്ടലാണ്. അഭിഷേക് ശര്‍മയും ഹര്‍ദിക്ക് പാണ്ഡ്യയും അര്‍ധ സെഞ്ചറി നേടി. റിച്ചാര്‍ഡ് എൻഗരവ 62 റണ്‍സ് വഴങ്ങി. 

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ സഞ്ജു സാംസണ്‍ തുടക്കം ഗംഭീരമാക്കി. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ റിച്ചാര്‍ഡ് എൻഗരവയെ സിക്സര്‍ പറത്തിയാണ് സഞ്ജു തുടങ്ങിയത്. ഒരു ബൗണ്ടറിയും സഹിതം ആദ്യ ഓവറില്‍ 13 റണ്‍സാണ് ഇന്ത്യ നേടിയത്. രണ്ടാം ഓവറിലെ നാലാം പന്തില്‍ സഞ്ജു മുസറബാനിയെ സിക്സര്‍ പറത്തി. മൂന്നാം ഓവറില്‍ 23 റണ്‍സാണ് മാപോസ വഴങ്ങിയത്. രണ്ട് വൈഡും ഒരു നോ ബോളും എറിഞ്ഞ ഓവറില്‍ അഭിഷേക് ശര്‍മ രണ്ട് ബൗണ്ടറിയും ഒരു സിക്സറും നേടി. മുസറബാനി എറിഞ്ഞ നാലാം ഓവറിലാണ് സഞ്ജുവിന്‍റെ വിക്കറ്റ് വീണത്.  സ്ലോവര്‍ ഷോർട്ട് ബോളില്‍ സഞ്ജു മിഡ്-വിക്കറ്റില്‍ റയാൻ ബേളിന് ക്യാച്ചിന് നല്‍കി പുറത്തായി. 15 പന്തിൽ 24 റൺസാണ് സഞ്ജു നേടിയത്. 

ശേഷം തകര്‍ത്തടിച്ച് അഭിഷേക്– ഇഷാന്‍ കൂട്ടുകെട്ട് 72 റണ്‍സ് നേടി. സഞ്ജുവിന് ശേഷം ഇഷാന്‍ (38) ആണ് പുറത്തായത്. 9.1 ഓവറില്‍ ഇന്ത്യ 100 കടന്നു. ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ വേഗ സെഞ്ചറിയാണിത്. പവര്‍പ്ലേയില്‍ 80 റണ്‍സാണ് ഇന്ത്യ നേടിയത്. 

അഭിഷേക് ശര്‍മ 30 പന്തില്‍ 55 റണ്‍സും സൂര്യകുമാര്‍ യാദവ് 33 റണ്‍സും നേടി പുറത്തായി. അവസാന ഘട്ടത്തില്‍ തിലക് വര്‍മ– ഹര്‍ദിക് കൂട്ടുകെട്ട് 31 പന്തില്‍ 84 റണ്‍സെടുത്തു. തിലക് വര്‍മ 16 പന്തില്‍ 44 റണ്‍സെടുത്തു.  23 പന്തില്‍ നിന്നും ഹര്‍ദിക് 50 റണ്‍സ് നേടി. 26 പന്തിലാണ് അഭിഷേക് ശര്‍മ അര്‍ധ സെഞ്ചറി നേടിയത്

ENGLISH SUMMARY:

India scored a massive 256 runs against Zimbabwe in the T20 World Cup Super 8 match, setting a record for the highest team total in this edition. Key contributions came from Abhishek Sharma and Hardik Pandya who both scored half-centuries, with Sanju Samson making a strong return to the Indian team.