Image Credit: X@imArshit

Image Credit: X@imArshit

ഇന്ത്യയ്ക്ക് നിര്‍ണായകമായ സൂപ്പര്‍ എട്ടിലെ അവസാന രണ്ടു മത്സരങ്ങളിലും സഞ്ജു സാംസണ്‍ ടീമിലെത്തുമോ? ഫോമില്ലാതെ വലയുന്ന താരങ്ങളെ മാറ്റാനും ഇടംകയ്യന്‍ കോമ്പിനേഷന്‍ പൊളിക്കാനും ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന സൂചനകള്‍. പരിശീലന സെഷനില്‍ ആത്മവിശ്വാസത്തോടെ നെറ്റ്സില്‍ ബാറ്റ് ചെയ്ത സഞ്ജുവിന്‍റെ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. 

സിംബാബ്‍വെയ്ക്ക് എതിരെ 220 അടിക്കണം; പവര്‍പ്ലേയില്‍ വേണം പവര്‍ ഷോട്ട്; ഇന്ത്യയുടെ സാധ്യത ഇങ്ങനെ

കഴിഞ്ഞ ദിവസം പരിശീലനം നടത്തിയ സഞ്ജു ജസ്പ്രിത് ബുംറയുടെ പന്തുകള്‍ നേരിടുന്നതാണ് ദൃശ്യങ്ങള്‍. ആത്മവിശ്വാസത്തോടെ ബാറ്റു വീശിയ സഞ്ജു പന്ത് അടിച്ചു പറത്തുന്നുണ്ട്. നമീബിയയ്ക്ക് എതിരെ ഒറ്റ മത്സരത്തിലാണ് സഞ്ജു സാംസണ്‍ കളിച്ചത്. എട്ടു പന്തില്‍ 22 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കി. വരുന്ന മത്സരങ്ങളില്‍ തിലക് വര്‍മയ്ക്ക് പകരം സഞ്ജു ടീമിലേക്ക് തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു മത്സരങ്ങളില്‍ നിന്നും തിലക് നേടിയത് 106 റണ്‍സാണ്. നാല് കളികളില്‍ നിന്ന് അഭിഷേക് ശര്‍മ നേടിയത് 15 റണ്‍സാണ്. 

മോശം ഫോമില്‍ തുടരുന്ന ഒരു ബാറ്റ്സമാനെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ടീം മാനേജ്മെന്‍റ്. ഒപ്പം ഇടംകയ്യന്‍ ബാറ്റിങ് എന്ന കോമ്പിനേഷന്‍ പൊളിക്കാനും ടീം തയ്യാറെടുക്കുന്നു എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ സഹപരിശീലകരായ റയാൻ ടെൻ ഡോഷേറ്റും സിതാൻഷു കൊട്ടക്കും നല്‍കിയ സൂചന. ''ഹെഡ് കോച്ചിനും മാനേജ്മെന്‍റിനും മാറ്റങ്ങള്‍ വരുത്തണമെന്ന് തോന്നുന്ന ഘട്ടത്തില്‍ ചെയ്യും. മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ? എന്തൊക്കെ എങ്ങനെ മാറ്റണം എന്നിവയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. പുതിയ കോമ്പിനേഷന്‍ പരീക്ഷിക്കണമോ നിലവിലുള്ളതുമായി മുന്നോട്ട് പോകണോ എന്ന് ചിന്തിക്കേണ്ട ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്'' എന്നാണ് ബാറ്റിങ് കോച്ച് സിതാന്‍ഷു കൊട്ടക് പറഞ്ഞത്. 

'അക്സര്‍ വൈസ് ക്യാപ്റ്റനല്ലേ? ഇങ്ങനെ ചെയ്യാമോ! ഗംഭീര്‍ അധികകാലം ഉണ്ടാവില്ല'; തുറന്നടിച്ച് ശ്രീകാന്ത്

ടീമില്‍ മറ്റു സ്പെഷലിസ്റ്റ് ബാറ്റ്സമാന്മാരില്ലാത്തത് ആശങ്കയാണെന്നും ഫോം പരിഗണിക്കാതെ സഞ്ജു ടീമിലേക്ക് എത്തിയേക്കാമെന്നും ഡോഷേറ്റ പറഞ്ഞു. ''18 മാസമായി മികച്ച രീതിയില്‍ ബാറ്റു ചെയ്യുകയും എന്നാല്‍ ഇപ്പോള്‍ റണ്‍സെടുക്കാന്‍ പ്രയാസപ്പെടുന്നതുമായ താരങ്ങളില്‍ ഉറച്ചുനില്‍ക്കുമോ അതോ സഞ്ജുവിനെ പോലെ മികച്ച താരത്തെ ടീമിലേക്ക് കൊണ്ടുവരുമോ? സഞ്ജു ടീമിലെത്തിയാല്‍ ടോപ്പ് ഓര്‍ഡറില്‍ വലംകയ്യന്‍ ബാറ്റ്സമാന്‍ വരുന്നത് നേട്ടമാകും'' എന്നാണ് ഡോഷേറ്റ പറഞ്ഞത്. 

സിംബാബ്‍വെയ്ക്ക് എതിരെ സഞ്ജുവും അഭിഷേകും ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. മൂന്നാമത് ഇഷാന്‍ കിഷനാണ് സാധ്യത. ഇടം–വലകയ്യന്‍ ബാറ്റിങ് നിലനിര്‍ത്താന്‍ ഓപ്പണിങില്‍ ആര് ആദ്യം പുറത്താകും എന്നതിനെ അടിസ്ഥാനമാക്കിയാകും ഇഷാനെ മൂന്നാമത് ഇറക്കുക. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇഷാന്‍ മൂന്നാമതാണ് ഇറങ്ങിയത്. 32 പന്തില്‍ 76 റണ്‍സ് സ്കോര്‍ ചെയ്തതും ഈ പൊസിഷനിലാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സില്‍ ഇറങ്ങുന്നതും മൂന്നാമതാണ് എന്നത് ബാറ്റിങിലെ മാറ്റത്തെ ബാധിക്കില്ല.

ENGLISH SUMMARY:

Sanju Samson's potential return to the Indian team for the crucial Super 8 matches is creating buzz, with indications of management considering changes to address player form and batting combinations. The confident net sessions of Samson, including facing Jasprit Bumrah, fuel speculation about his inclusion, potentially replacing struggling batsmen.