T20 ലോകകപ്പില്‍ ഇന്ത്യയോടേറ്റ തോല്‍വിക്കുശേഷം പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ

പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ–പാക് ബന്ധത്തിലുണ്ടായ വിള്ളല്‍ പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് രാജ്യത്തിന് പുറത്തും പാരയാകുന്നു. ഇംഗ്ലണ്ടിലെ പ്രധാന ട്വന്‍റി ട്വന്‍റി ലീഗായ ദ് ഹണ്ട്രഡിലെ നാല് ടീമുകള്‍ പാക്കിസ്ഥാനില്‍ നിന്നുള്ള കളിക്കാരെ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചു. ഐപിഎല്‍ ടീമുകള്‍ക്ക് നിക്ഷേപമുള്ള മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്‍റ്സ്, എം.ഐ ലണ്ടന്‍, സതേണ്‍ ബ്രേവ്, സണ്‍റൈസേഴ്സ് ലീഡ്സ് എന്നീ ടീമുകളാണ് ഈ നിലപാടെടുത്തത്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ പ്രതിനിധികള്‍ ഇക്കാര്യം പാക് കളിക്കാരുടെ ഏജന്‍റിനോട് സൂചിപ്പിച്ചിട്ടുണ്ട്.

ഐപിഎല്‍ ഉടമകള്‍ക്ക് നിക്ഷേപമില്ലാത്ത ടീമുകളില്‍ മാത്രമേ പാക് താരങ്ങള്‍ക്ക് അവസരം ലഭിക്കൂ. ഇംഗ്ലണ്ടില്‍ മാത്രമല്ല ഇന്ത്യന്‍ നിക്ഷേപമുള്ള മറ്റ് ലീഗുകളിലും ഇത് അലിഖിത നിയമമായി മാറിക്കഴിഞ്ഞെന്ന് ഒരു പാക് ഏജന്‍റ് ബിബിസിയോട് പറഞ്ഞു. സണ്‍റൈസേഴ്സ് ലീഡ്സ് വൈസ് ചെയര്‍മാന്‍ ജെയിംസ് ഷെറിഡാനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയെങ്കിലും ‘ഏറ്റവും മികച്ച ടീമിനെ രൂപപ്പെടുത്താനാണ് ശ്രമിക്കുന്നത്’ എന്നുമാത്രമായിരുന്നു മറുപടി.

എട്ട് ടീമുകളാണ് നാലുവര്‍ഷം മുന്‍പ് ആരംഭിച്ച ദ് ഹണ്ട്രഡ് ലീഗിലുള്ളത്. 18 രാജ്യങ്ങളില്‍ നിന്നായി ഇത്തവണത്തെ താരലേലത്തിന് ആയിരത്തിലേറെ കളിക്കാര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലാന്‍ഡ്, പാക്കിസ്ഥാന്‍, വെസ്റ്റിന്‍ഡീസ് എന്നിവിടങ്ങളില്‍ നിന്ന് മാത്രം അന്‍പതിലേറെ പ്രമുഖരുണ്ടെന്ന് ഇസിബി വക്താവ് അറിയിച്ചു. കഴിഞ്ഞ ടൂര്‍ണമെന്‍റില്‍ പാക്കിസ്ഥാനില്‍ നിന്ന് മൊഹമ്മദ് ആമിര്‍, ഇമാദ് വസീം എന്നിവര്‍ ഉണ്ടായിരുന്നു. അതിനുശേഷമാണ് പുതിയ നിക്ഷേപകര്‍ രംഗത്തുവന്നത്. പഴയ സീസണുകളില്‍ ഷഹീന്‍ഷാ അഫ്രീദി, ഷദാബ് ഖാന്‍, ഹാരിസ് റൗഫ് തുടങ്ങിയവരും കളിച്ചിട്ടുണ്ട്. ദ് ഹണ്ട്രഡ് വനിതാ ലീഗില്‍ പാക് താരങ്ങളാരും പങ്കെടുത്തിട്ടില്ല.

എല്ലാ രാജ്യങ്ങളിലെയും കളിക്കാരെ എല്ലാ ടീമുകളും ഉള്‍പ്പെടുത്തുമെന്നാണ് കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ നിക്ഷേപം ഉറപ്പിച്ചതിന് പിന്നാലെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ റിച്ചാര്‍ഡ് ഗോള്‍ഡ് പ്രഖ്യാപിച്ചത്. വിവേചനം ഒഴിവാക്കാനുള്ള ശക്തമായ നയങ്ങളെല്ലാം പ്രാബല്യത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ പാക് താരങ്ങളെ ഇംഗ്ലീഷ് ടീമുകള്‍ ഒഴിവാക്കുന്നത് പുതിയ കാര്യമല്ല. ഇന്‍റര്‍നാഷണല്‍ ലീഗ് ടി ട്വന്‍റിയില്‍പ്പോലും ഇന്ത്യന്‍ നിക്ഷേപമുള്ള എം.ഐ ലണ്ടനും സതേണ്‍ ബ്രേവും ഇന്നേവരെ പാക് താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല. ഐപിഎല്ലില്‍ 2009 മുതല്‍ ഒരു പാക് താരം പോലും കളിച്ചിട്ടില്ല. 

IPL Owners Extend Pakistan Player Ban to England’s 'The Hundred':

Following increased diplomatic tensions, several teams in England's "The Hundred" cricket league have reportedly implemented an unofficial ban on Pakistani players. Four specific teams owned by Indian Premier League (IPL) investors—including Manchester Super Giants and MI London—have decided not to recruit talent from Pakistan for the upcoming season. While the English Cricket Board previously advocated for non-discriminatory recruitment, agents suggest that Indian-owned franchises across various global leagues are now avoiding Pakistani cricketers as an unwritten rule. This trend mirrors the long-standing absence of Pakistani players in the IPL, further limiting their opportunities in lucrative international franchise cricket.