Image Credit: PTI

Image Credit: PTI

ഇന്ത്യയുടെ ഫീല്‍ഡിങ് പിഴവുകള്‍ തുറന്ന് കാട്ടിയ മല്‍സരം കൂടിയായിരുന്നു ബുധനാഴ്ച നെതര്‍ലന്‍ഡ്സിനെതിരെ നടന്നത്. മല്‍സരത്തിനിടെ തന്നെ റിങ്കു സിങിനോട് സൂര്യകുമാര്‍ ദേഷ്യപ്പെടുകയും ചെയ്തു. കളിയിലെ അവസാന ഓവറിലായിരുന്നു സംഭവം. ലിയോണ്‍ കാഷെ അടിച്ച പന്ത് വായുവില്‍ ഉയര്‍ന്ന് പൊങ്ങി. ക്യാച്ചെടുക്കാന്‍ എളുപ്പം റിങ്കു സിങിനായിരുന്നു. എന്നാല്‍ താന്‍ പിടിച്ചോളാമെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് റിങ്കുവിനെ കൈ കൊണ്ട് ആഗ്യം കാണിച്ചു. പക്ഷേ സൂര്യയ്ക്ക് പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നോര്‍ത്ത് റിങ്കുവും ഓടി. കൂടിയിടി തലനാരിഴയ്ക്ക് ഒഴിവാക്കിയെങ്കിലും ക്യാച്ച് നഷ്ടമായി. ഇതോടെയാണ് സൂര്യകുമാര്‍ ഗ്രൗണ്ടിലിരുന്ന് ചൂടായത്. ബുംറയുള്‍പ്പടെ അമ്പരന്ന് നില്‍ക്കുന്നത് കാണാം. ഓവര്‍ പൂര്‍ത്തിയാകുന്നത് വരെ സൂര്യകുമാര്‍ റിങ്കുവിനോട് സംസാരിക്കുന്നതും വിഡിയോയില്‍ കാണാം.

അതേസമയം, നെതര്‍ലന്‍ഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്യാനുള്ളത് മികച്ച തീരുമാനമായിരുന്നുവെന്നും ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാന്‍ സാധിച്ചത് നന്നായെന്നുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍റെ വിലയിരുത്തല്‍. കുറച്ച് മഞ്ഞുണ്ടായിരുന്നുവെന്നും അത് ബോളര്‍മാര്‍ക്ക് കുറച്ച് വെല്ലുവിളിയായിരുന്നുവെന്നും പക്ഷേ താന്‍ സന്തോഷവാനാണെന്നും താരം മല്‍സരത്തിന് ശേഷം വെളിപ്പെടുത്തി. 

അഭിഷേക് ശര്‍മ തുടര്‍ച്ചയായി മൂന്നാമതും പൂജ്യത്തിന് പുറത്തായത് ഇന്ത്യയ്ക്ക് തലവേദനയാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.ടോപ് ഓര്‍ഡര്‍ പ്രതീക്ഷിച്ചത് പോലെ തിളങ്ങാതിരുന്നപ്പോള്‍ ശിവം ദുബെയുടെ തകര്‍പ്പന്‍ ബാറ്റിങാണ്  മല്‍സരത്തില്‍ ഇന്ത്യയെ തുണച്ചത്. 31 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത ദുബെ മികച്ച പ്രകടനം പുറത്തെടുത്തു. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും പിന്നീട് ബാറ്റര്‍മാര്‍ മല്‍സരം വരുതിയിലാക്കിയെന്നും ജയിക്കുമ്പോഴും ടീം പുതിയ കാര്യങ്ങള്‍ പഠിക്കുകയാണെന്നും സൂര്യകുമാര്‍ പറഞ്ഞു. 

ENGLISH SUMMARY:

Indian captain Surya Kumar Yadav was seen losing his cool at teammate Rinku Singh during the T20 match against Netherlands after a major fielding blunder. The incident occurred in the final over when both players ran for a catch of Lyon Cache, nearly colliding on the field. Despite SKY signaling that he would take the catch, Rinku’s attempt to secure it led to a missed opportunity and a near-injury situation. The viral video shows a frustrated Surya gesturing at Rinku while senior players like Jasprit Bumrah looked on in surprise. Despite the fielding lapses, India secured a victory after scoring 193 runs, powered by Shivam Dube’s explosive 66 off 31 balls. However, opener Abhishek Sharma’s third consecutive duck remains a concern for the team management. Captain Surya later commented that while he is happy with the win, the team is still in a learning phase regarding handling pressure situations.