Image Credit: AFP

Image Credit: AFP

ട്വന്‍റി 20  ലോകകപ്പില്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച പാക് താരം ഷദബ് ഖാന് പിസിബിയുടെ മുന്നറിയിപ്പ്. 61 റണ്‍സിന് ഇന്ത്യയോട് തോറ്റതിന് പിന്നാലെയാണ് പാക് താരങ്ങള്‍ക്ക് നേരെ മുന്‍താരങ്ങളടക്കം രംഗത്തെത്തിയത്. ഇതിന് കടുത്ത ഭാഷയിലായിരുന്നു ഷദബ് ഖാന്‍റെ മറുപടി. മുന്‍താരങ്ങള്‍ക്ക് പല അഭിപ്രായവും കാണും. അവര്‍ ഇതിഹാസങ്ങളുമാകും. പക്ഷേ അവര്‍ക്ക് ചെയ്യാന്‍ കഴിയാത്തത് പലതും ഞങ്ങള്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു താരത്തിന്‍റെ തുറന്നടിക്കല്‍. 'മുന്‍താരങ്ങള്‍ക്ക് അവരുടെ സ്വന്തം അഭിപ്രായങ്ങളുണ്ടാകാം. അവര്‍ പ്രതിഭകളും ആവും. പക്ഷേ അവര്‍ക്ക് സാധിക്കാത്തത് ഞങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് മറക്കരുത്. ഇന്ത്യയെ ലോകകപ്പില്‍ ‍ഞങ്ങള്‍ തോല്‍പ്പിച്ചിട്ടുണ്ട്. വിമര്‍ശനങ്ങളെല്ലാം ക്രിക്കറ്റിന്‍റെ കൂടി ഭാഗമാണ്' എന്ന് ഷദബ്  പറഞ്ഞതായാണ് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

2021ലെ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഷദബിന്‍റെ മറുപടി. എന്നാല്‍ ഷദബിന്‍റെ ഈ അഭിപ്രായപ്രകടനം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് അത്ര പിടിച്ചില്ല. മുന്‍താരങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ലെന്നും മൈക്ക് കാണുമ്പോള്‍ വായില്‍ തോന്നിയതെല്ലാം വിളിച്ച് പറയരുതെന്നും ഷദബിന് പിസിബി മുന്നറിയിപ്പ് നല്‍കിയെന്നാണ് ടെലികോം ഏഷ്യ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീം മാനേജര്‍ നവീദ് ചീമ വഴിയാണ് പിസിബി തങ്ങളുടെ അതൃപ്തി താരത്തെ അറിയിച്ചതെന്നാണ് സൂചന. 

'വാര്‍ത്താസമ്മേളനത്തില്‍ എന്തെല്ലാം പറയാം,പറയാന്‍ പാടില്ല എന്നതിനെ കുറിച്ചെല്ലാം നവീദ് ചീമ വഴി ഷദബിനോട് സംസാരിച്ചിട്ടുണ്ട്. ഷദബിന്‍റെ അമ്മായിയച്ഛന്‍ സഖ്​ലെയ്ന്‍ മുഷ്താഖ് ഉള്‍പ്പടെയുള്ള മുന്‍താരങ്ങള്‍ പാക്കിസ്ഥാന്‍റെ ഇതിഹാസ താരങ്ങളാണ്. ഷദബ് അവരെ ബഹുമാനിക്കേണ്ടതുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഉപയോഗിച്ച ഭാഷയല്ല വേണ്ടത്' എന്ന് പിസിബി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസാരം പരിധി വിട്ടാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ചീമ മറ്റ് താരങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഷദബിന്‍റെ വിമര്‍ശനത്തിനെതിരെ മുന്‍ താരമായ കമ്രാന്‍ അക്മല്‍ രംഗത്തെത്തിയിരുന്നു. അനാവശ്യ സംസാരമാണ് ഷദബ് നടത്തിയതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. 

ഇന്ത്യ–പാക് മല്‍സരം കഴിഞ്ഞ് രണ്ട് ദിവസമായിട്ടും മാധ്യമങ്ങളോട് സംസാരിക്കാന്‍ പാക് ടീം മാനേജ്മെന്‍റ് കളിക്കാരെ അനുവദിച്ചിരുന്നില്ല. നമീബിയയ്ക്കെതിരായ മല്‍സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ഒരു ചോദ്യത്തിന് മറുപടി പറയുന്നതില്‍ നിന്നും ഉസ്മാന്‍ താരിഖിനെ മാനേജ്മെന്‍റ് തടഞ്ഞിരുന്നു. ഇന്ത്യയ്ക്കെതിരായ മല്‍സരത്തില്‍ താരിഖ് വൈകി ഇറങ്ങിയതിന്‍റെ കാരണമെന്തെന്നായിരുന്നു ചോദ്യം. എന്നാല്‍ ' ഈ ചോദ്യത്തിന് മുഖ്യ പരിശീലകനായ മൈക്ക് ഹെസന്‍ മറുപടി പറഞ്ഞതാണെന്നും അതിനാല്‍ താരിഖ് മറുപടി പറയുന്നില്ലെന്നു'മായിരുന്നു മീഡിയ മാനേജര്‍ നയിം ഗില്ലാനിയുടെ മറുപടി.

നാളെ കൊളംബോയില്‍ നടക്കുന്ന സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ന്യൂസീലന്‍ഡിനെ നേരിടും. ഫെബ്രുവരി 24ന് ഇംഗ്ലണ്ടുമായും 28ന് ശ്രീലങ്കയുമായും  പാക്കിസ്ഥാന് മല്‍സരങ്ങളുണ്ട്. 

ENGLISH SUMMARY:

The Pakistan Cricket Board (PCB) has officially warned all-rounder Shadab Khan after his controversial remarks following Pakistan's 61-run loss to India in the T20 World Cup 2026. Responding to criticism from former players, Shadab claimed that the current squad has achieved what legends couldn't by defeating India in a World Cup (referring to 2021). The PCB, through manager Naveed Cheema, expressed dissatisfaction with Shadab's language, reminding him to respect legends like his father-in-law Saqlain Mushtaq. The board has instructed players to maintain decorum during press conferences and avoid unnecessary rebuttals. Meanwhile, tensions rise as Pakistan prepares for their Super 8 clash against New Zealand in Colombo. Former player Kamran Akmal also slammed Shadab for his 'unnecessary talk.