ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു അഭിഷേക് ശര്‍മ. ഓപ്പണിങില്‍ മികച്ച തുടക്കം നല്‍കിയിരുന്ന താരം ലോകകപ്പില്‍ കളിച്ച മൂന്നു കളിയിലും പൂജ്യത്തിന് പുറത്തായി. എന്താണ് അഭിഷേകിന്‍റെ പ്രശ്നം? ഓപ്പണിങില്‍ അഭിഷേകിന് മുകളിലുള്ള അമിതമായ പ്രതീക്ഷകളാണ് താരത്തിന് സമ്മര്‍ദ്ദമാകുന്നതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ പറഞ്ഞു. സിക്സോ ഫോറോ അടിച്ച് ഇന്നിങ്സ് തുടങ്ങുന്നതിന് പകരം ക്ഷമയോടെ ആരംഭിക്കാനാണ് അദ്ദേഹം നല്‍കുന്ന നിര്‍ദ്ദേശം.
''അഭിഷേകില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നത് അദ്ദേഹത്തിന് ഭാരമുണ്ടാക്കുന്നതാകാം. മത്സരത്തില്‍ മികച്ച തുടക്കം കിട്ടിയിരുന്നെങ്കില്‍ കാര്യങ്ങള്‍ വേറൊരു തരത്തിലാകുമായിരുന്നു. സിക്സര്‍ പറത്തുന്ന താരം, ടീമിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാന്‍ എന്നിങ്ങനെയുള്ള പ്രതീക്ഷകള്‍ അദ്ദേഹത്തിന് മുകളില്‍ ഭാരമുണ്ടാക്കുന്നുണ്ടാകാം'', എന്നാണ് ഗവാസ്കര്‍ പറഞ്ഞത്.
"അഭിഷേകിന്‍റെ കയ്യില്‍ വൈവിധ്യമാര്‍ന്ന ഷോട്ടുകളുണ്ട്. ക്രീസിൽ അല്പം കൂടി സമയം ചെലവഴിക്കാൻ അദ്ദേഹം തയ്യാറാകണം. ഫോറോ സിക്സോ അടിച്ച് ഇന്നിങ്സ് ആരംഭിക്കേണ്ടതില്ല. സ്വാഭാവികമായി അത്തരം പന്തുകൾ ലഭിക്കുകയാണെങ്കിൽ കുഴപ്പമില്ല - മനഃപൂർവ്വം വലിയ ഷോട്ടുകൾക്ക് മുതിരുന്നത് ശരിയല്ല. നാല് ഡോട്ട് ബോളുകൾ വന്നാലും അത് കാര്യമാക്കേണ്ടതില്ല, കാരണം അടുത്ത എട്ടു പന്തുകൾക്കുള്ളിൽ തന്നെ ആ റൺസ് നികത്താനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്'' എന്നും ഗവാസ്കര്‍ പറഞ്ഞു.
തുടര്‍ച്ചയായ മൂന്നു മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായതോടെ നാണക്കേടിന്‍റെ റെക്കോര്‍ഡാണ് അഭിഷേക് ശര്‍മയ്ക്ക്. നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതോടെ 2026 ല്‍ ട്വന്‍റി 20 മത്സരങ്ങളില്‍ അഭിഷേക് ഇതുവരെ അഞ്ചു തവണ പൂജ്യത്തിന് പുറത്തായി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കാകുന്ന ഓപ്പണര്‍മാരില്‍ ഒരാളായി താരം മാറി.
ഓപ്പണർ എന്ന നിലയിൽ അഞ്ച് തവണ ഡക്ക് ഔട്ട് ആയിട്ടുള്ള അഭിഷേക് ശർമ്മയ്ക്കൊപ്പം 2024 ല്‍ അഞ്ചു തവണ പൂജ്യത്തിന് പൂജ്യത്തിന് പുറത്തായി സഞ്ജുവും കൂട്ടിനുണ്ട്. ലോകകപ്പിലെ തുടര്‍ച്ചയായ ഡക്കുകള്‍ കൂടാതെ ജനുവരിയിലെ ന്യൂസീലന്‍ഡ് പര്യടനത്തിലും അഭിഷേക് രണ്ടു തവണ പൂജ്യത്തിന് പുറത്തായിരുന്നു.