abhishek-sharma-siraj-jersey

Image Credit: X@The_SportsTiger ·

നെതര്‍ലന്‍ഡ്നിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇഷാനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത അഭിഷേകിന്‍റെ ജഴ്സിയിലാണ് ആരാധകര്‍ ആദ്യം കണ്ണുടക്കിയത്. ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഇറങ്ങിയത് പേസര്‍ മുഹമ്മദ് സിറാജിന്‍റെ ജഴ്സിയണിഞ്ഞാണ്. സിറാജ് എന്നെഴുതി 73–ാം നമ്പര്‍ പതിച്ച ജഴ്സിയിലാണ് അഭിഷേക് ശര്‍മ ബാറ്റു ചെയ്തത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

അഭിഷേക് ശര്‍മ കിറ്റ് ഹോട്ടലില്‍ മറന്നുവച്ചു എന്നാണ് കമേന്‍ററിയില്‍ നാസർ ഹുസൈനും സുനിൽ ഗവാസ്കറും പറഞ്ഞത്. എന്നാല്‍ അഭിഷേക് ജഴ്സി ഡ്രസിങ് റൂമില്‍ എത്തിച്ചിരുന്നു എന്നും എന്നാല്‍ ഇന്ത്യന്‍ ഇന്നിങ്സ് ആരംഭിക്കുന്നതിന് മുന്‍പ് ഇത് എത്തിക്കാന്‍ ടീമിലുള്ള ആര്‍ക്കും സാധിച്ചില്ലെന്നാണ് ദേശിയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  അതേസമയം, ഭാഗ്യം പരീക്ഷിക്കാനാണ് അഭിഷേക് ജഴ്സി മാറ്റിയതെന്നാണാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ഭാഗ്യം തെളിയാൻ വേണ്ടി മാറ്റിയ മറ്റൊരു വസ്ത്രം എന്ന് കമന്‍ററിക്കിടെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നസീർ ഹുസൈൻ പറയുകയും ചെയ്തു. 

ജഴ്സി മാറിയെങ്കിലും അഭിഷേക് ഇത്തവണയും പൂജ്യത്തിന് പുറത്തായി. ആര്യൻ ദത്തിന്റെ പന്തിൽ അഭിഷേകിന്റെ ലെഗ് സ്റ്റംപ് തെറിക്കുകയായിരുന്നു. രണ്ട് ഡോട്ട് ബോളുകൾ കളിച്ചതിന് ശേഷം പുൾ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെയാണ് അഭിഷേകിന്‍റെ വിക്കറ്റ് വീണത്. ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് അഭിഷേക് പൂജ്യത്തിന് പുറത്താകുന്നത്. യു.എസ്.എയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും പൂജ്യത്തിന് പുറത്തായ അഭിഷേക് നമീബിയയ്ക്ക് എതിരെ കളിച്ചിരുന്നില്ല. വെസ്റ്റ് ഇൻഡീസിന്റെ ആൻഡ്രെ ഫ്ലെച്ചറിനും ഉഗാണ്ടയുടെ റോജർ മുസാക്കയ്ക്കും ശേഷം ട്വന്‍റി 20 ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി മൂന്ന് തവണ പൂജ്യത്തിന് പുറത്താകുന്ന കളിക്കാരനാണ് അഭിഷേക്. മുഹമ്മദ് സിറാജിന് ശേഷം ട്വന്‍റി 20യില്‍ തുടർച്ചയായി മൂന്ന് തവണ പൂജ്യത്തിന് പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യൻ താരവുമാണ് അദ്ദേഹം. 

അഭിഷേക് ശര്‍മ പരാജയപ്പെട്ടെങ്കിലും ഇന്ത്യ നെതര്‍ലൻഡ്സിനെതിരെ 194 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. അർധ സെഞ്ചറി നേടി പുറത്താകാതെനിന്ന ശിവം ദുബെയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 31 പന്തുകൾ നേരിട്ട ശിവം ദുബെ 66 റൺസുമായി പുറത്താകാതെനിന്നു. സൂര്യകുമാർ യാദവ് (28 പന്തിൽ 34), തിലക് വര്‍മ (27 പന്തിൽ 31), ഹാർദിക് പാണ്ഡ്യ (21 പന്തിൽ 30), ഇഷാൻ കിഷൻ (ഏഴു പന്തിൽ 18) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. 

ENGLISH SUMMARY:

Abhishek Sharma's jersey choice for the match against the Netherlands, where he wore Mohammad Siraj's jersey, has become a talking point. Despite the jersey change, Sharma was dismissed for zero, marking his third consecutive duck in the T20 World Cup.