2026 ഫെബ്രുവരി 16-ന് കാൻഡിയിലെ പല്ലെക്കലെ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള പോരാട്ടത്തിനിടെ ഓസ്‌ട്രേലിയയുടെ നഥാൻ എല്ലിസ് . (ഫോട്ടോ: ഇഷാര എസ്. കൊടിക്കാര / എഎഫ്‌പി)
ട്വന്റി-20 ലോകകപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ കരുത്തരായ ഓസ്‌ട്രേലിയ പുറത്തായി. നിർണ്ണായക മത്സരങ്ങളിൽ ശ്രീലങ്കയോടും സിംബാബ്‌വെയോടും പരാജയപ്പെട്ടതാണ് ഓസീസിന് തിരിച്ചടിയായത്. ഇതോടെ 2009-ന് ശേഷം ആദ്യമായി ഒരു ലോകകപ്പിന്റെ സൂപ്പർ-8 കാണാതെ പുറത്താകുക എന്ന നാണക്കേടിലേക്കും ടീം വീണു. മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഓസ്‌ട്രേലിയയ്ക്ക് വിജയിക്കാനായത്.
ഗ്രൂപ്പ് ബിയിലെ അവസാന പോരാട്ടത്തിൽ സിംബാബ്‌വെയും അയർലൻഡും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഓസ്‌ട്രേലിയയുടെ പുറത്താകൽ ഔദ്യോഗികമായത്. ഇന്നത്തെ മത്സരത്തിൽ ടോസ് പോലും ഇടാൻ സാധിക്കാതെ വന്നതോടെ ഇരു ടീമുകളും പോയിന്റുകൾ പങ്കുവെച്ചു. ഇതോടെ അഞ്ച് പോയിന്റുകളുമായി സിംബാബ്‌വെ രണ്ടാം സ്ഥാനക്കാരായി സൂപ്പർ-8 റൗണ്ടിലേക്ക് മുന്നേറി. അയർലൻഡും ടൂർണമെന്റിൽ നിന്ന് പുറത്തായിരിക്കുകയാണ്.
രണ്ട് വർഷം മുൻപ് നടന്ന ലോകകപ്പിൽ ആദ്യ ഘട്ടത്തിൽ പുറത്തായ ശ്രീലങ്ക ഇത്തവണ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. സ്വന്തം മണ്ണിൽ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയയെ തകർത്ത് ആരാധകരെ ആവേശത്തിലാഴ്ത്തിയ ലങ്ക, ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് സൂപ്പർ-8ൽ എത്തിയത്. സിംബാബ്‌വെയും ശ്രീലങ്കയും അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോൾ, ഗ്രൂപ്പിലെ വമ്പന്മാരായ ഓസ്‌ട്രേലിയയുടെ വീഴ്ച ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.