സല്‍മാന്‍ അലി ആഗ, സിക്കന്ദര്‍ റാസ, മിച്ചല്‍ മാര്‍ഷ്
ചെറു ടീമുകള്‍ മികച്ച കളി പുറത്തെടുത്തപ്പോള്‍ ട്വന്‍റി 20 ലോകകപ്പിലെ സമവാക്യങ്ങളാകെ മാറുകയാണ്. മുന്‍ ചാംപ്യന്‍മാരായ ഓസ്ട്രേലിയ പുറത്താകലിന്‍റെ വക്കിലാണ്. പാക്കിസ്ഥാന് സൂപ്പര്‍ എട്ടിലേക്ക് കടക്കാന്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരുന്നു. ഇന്നത്തെ സിംബാബ്‍വെ– അയര്‍ലാന്‍ഡ് മത്സരവും നാളെ നടക്കുന്ന പാക്കിസ്ഥാന്‍– നമീബിയ മത്സരവും സൂപ്പര്‍ എട്ടിലേക്ക് ആരൊക്കെ എന്നതില്‍ വ്യക്തത വരുത്തും.
ഓരോ ഗ്രൂപ്പിലെയും പോയിന്‍റില്‍ മുന്നിലുള്ള രണ്ടു ടീമുകളാണ് സൂപ്പര്‍ എട്ടിലേക്ക് കടക്കുക. വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസീലന്‍ഡ് എന്നിവര്‍ ഇതുവരെ സൂപ്പര്‍ എട്ടിലേക്ക് കടന്നു. അടുത്ത രണ്ടു ടീമുകള്‍ ഏതൊക്കെ എന്നതിലാണ് ആകാംക്ഷ. രണ്ടു ഗ്രൂപ്പിലെ ആറു ടീമുകള്‍ക്ക് ഇനിയും സൂപ്പര്‍ എട്ടിലേക്ക് എത്താന്‍ അവസരമുണ്ട്.
പാക്കിസ്ഥാന്‍/ യു.എസ്.എ
ഗ്രൂപ്പ് എയില്‍ നിന്നും നമീബിയയെ തോല്‍പ്പിച്ചാല്‍ പാക്കിസ്ഥാന് സൂപ്പര്‍ എട്ടിലേക്ക് കടക്കാം. നാലു മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്‍റോടെ ഇന്ത്യയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരാകും. നമീബിയയോട് തോറ്റാല്‍ പാക്കിസ്ഥാന്‍ പുറത്താകും. ഇവിടെ യു.എസ്.എ മുന്നേറും. നിലവില്‍ യു.എസ്.എയാണ് ഗ്രൂപ്പില്‍ രണ്ടാമത്. രണ്ട് ജയം രണ്ട് തോല്‍വി. നെറ്റ് റണ്‍റേറ്റില്‍ പാക്കിസ്ഥാനേക്കാള്‍ മെച്ചപ്പെട്ടനിലയിലാണ് എന്നതാണ് യു.എസ്എ യ്ക്ക് അനുകൂലമാകുന്ന ഘടകം.
സിംബാബ്‍വെ/ ഓസ്ട്രേലിയ/ അയര്‍ലന്‍ഡ്
ഗ്രൂപ്പ് ബിയാണ് സൂപ്പര്‍ എട്ടിലേക്കുള്ള പോരാട്ടത്തെ മുള്‍മുനയിലേക്ക് കൊണ്ടുപോകുന്നത്. രണ്ടു മത്സരങ്ങളില്‍ നിന്ന് സിംബാബ്‍വെയ്ക്ക് രണ്ടു പോയിന്‍റാണുള്ളത്. 1.984 എന്ന ശക്തമായ റണ്‍റേറ്റ്. അടുത്ത രണ്ട് മത്സരങ്ങളില്‍ അയര്‍ലന്‍ഡിനെയോ ശ്രീലങ്കയെയോ തോല്‍പ്പിച്ചാല്‍ സിംബാബ്‍വെയ്ക്ക് സൂപ്പര്‍ എട്ടിലേക്ക് എത്താം. രണ്ടു മത്സരവും തോറ്റാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനമാക്കിയാകും രണ്ടാം സ്ഥാനക്കാരെ തീരുമാനിക്കുക.
ഒരു മത്സരം മാത്രം ജയിച്ച ഓസ്ട്രേയിയ മൂന്നാം സ്ഥാനത്താണ്. 1.01 ആണ് റണ്‍റേേറ്റ്. സിംബാബ്‍വെ രണ്ട് മത്സരം തോല്‍ക്കുകയും അടുത്ത മത്സരത്തില്‍ ഒമാനെതിരെ മികച്ച റണ്‍റേറ്റില്‍ ജയിക്കുകയും ചെയ്താല്‍ മാത്രമെ ഓസ്ട്രേലിയയ്ക്ക് ഇനി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. അതേസമയം, സിംബാബ്‌വെയെ തോൽപ്പിച്ചാൽ അയർലൻഡിനും നാലു പോയിന്‍റാകും. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയ്ക്ക് മുന്നേറാന്‍ അയർലണ്ടിനേക്കാൾ മികച്ച നെറ്റ് റണ്‍ റേറ്റ് ആവശ്യമാണ്.