ട്വന്‍റി 20 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് എതിരെ ശ്രീലങ്കയ്ക്ക് എട്ടു വിക്കറ്റ് വിജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 181 റണ്‍സ് വിജയ ലക്ഷ്യം ശ്രീലങ്ക 18 ഓവറില്‍ മറികടന്നു. ജയത്തോടെ മൂന്നു കളികളില്‍ നിന്നും ആറു പോയിന്‍റോടെ ശ്രീലങ്ക സൂപ്പര്‍ എട്ടിലെത്തി. തുടര്‍ച്ചയായ രണ്ടു മത്സരങ്ങളിലെ തോല്‍വിയോടെ ഓസ്ട്രേലിയയുടെ സൂപ്പര്‍ എട്ടിലേക്കുള്ള യോഗ്യത തുലാസിലായി.
ഓപ്പണര്‍ പാത്തും നിസംഗയുടെ സെഞ്ചറിയാണ് ശ്രീലങ്കന്‍ വിജയത്തിന്‍റെ കരുത്ത്. 52 പന്തില്‍ 10 ബൗണ്ടറിയും 5 സിക്സറും സഹിതമാണ് നിസ്സങ്കയുടെ ഇന്നിങ്സ്. ലോകകപ്പിലെ ആദ്യ സെഞ്ചറിയാണിത്. കുശാല്‍ മെന്‍ഡിസ് 51 റണ്‍സും പവന്‍ രത്നായകെ 28 റണ്‍സും നേടി. മാര്‍ക്കസ് സ്റ്റോണിസും ആഡം സാംപയുമാണ് റണ്‍സ് വഴങ്ങിയവരില്‍ മുന്നില്‍. സ്റ്റോണിസ് 46 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി. ആദം സാംബ 41 റണ്‍സ് വഴങ്ങി.
ഓപ്പണിങില്‍ സെഞ്ചറി കൂട്ടുകെട്ടുമായി മികച്ച തുടക്കം നല്‍കിയ ഓസീസിന്‍റെ സ്കോറിങിന് പിന്നീട് വേഗം കുറഞ്ഞു. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും (54), ട്രാവിസ് ഹെഡ് (56) എന്നിവര്‍ അര്‍ധ സെഞ്ചറി നേടി. ഇവരുവരും പുറത്തായതോടെ സ്കോറിങും കുറഞ്ഞു. പിന്നീട് വന്ന ജോഷ് ഇംഗ്ലിസ് (27), ഗ്ലാന്‍ മാക്സ്‍വെല്‍ (22) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. മത്സരം തിരിച്ചു പിടിച്ച ശ്രീലങ്കന്‍ ബൗളര്‍മാര്‍ 20 ഓവറില്‍ ഓസീസിനെ ഔള്‍ഔട്ടാക്കി. ശ്രീലങ്കയ്ക്കായി ദുഷാൻ ഹേമന്ത മൂന്നു വിക്കറ്റ് വീഴ്ത്തി.
ഓസീസ് പുറത്തേക്കോ?
ലോകകപ്പില്‍ ഓസീസിന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ്. കഴിഞ്ഞ കളിയില്‍ സിംബാബ്‍വെയോടും ഓസ്ട്രേലിയ തോറ്റിരുന്നു. അവസാന മത്സരത്തില്‍ ഒമാനെതിരെ വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമെ ഓസ്ട്രേലിയയ്ക്ക് സൂപ്പര്‍ എട്ടിലേക്ക് എത്താനാകൂ. ഒപ്പം സിംബാബ്‍വെയുടെ മത്സരഫലങ്ങള്‍ കൂടി അനുകൂലമാകണം. നിലവില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച സിംബാബ്‍വെ അടുത്ത മത്സരത്തില്‍ ചൊവ്വാഴ്ച അയര്‍ലന്‍ഡിനോട് ജയിച്ചാല്‍ ഓസ്ട്രേലിയ പുറത്താകും.
ശ്രീലങ്കയോടും അയർലൻഡിനോടും സിംബാബ്‌വെ തോറ്റാൽ മാത്രമേ ഓസ്‌ട്രേലിയയ്ക്ക് യോഗ്യത ലഭിക്കൂ. ഈ സാഹചര്യത്തിൽ, ഇരു ടീമുകൾക്കും നാല് പോയിന്റുകൾ വീതം ലഭിക്കും. ഒമാനെതിരെ മികച്ച വിജയം നേടിയാല്‍ നെറ്റ് റൺ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഓസ്ട്രേലിയയ്ക്ക് സൂപ്പര്‍ എട്ടിലെത്താം. അതേസമയം, സിംബാബ്‌വെയെ തോൽപ്പിച്ചാൽ അയർലൻഡിനും നാലു പോയിന്‍റാകും. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയ്ക്ക് മുന്നേറാന്‍ അയർലണ്ടിനേക്കാൾ മികച്ച നെറ്റ് റണ്‍ റേറ്റ് ആവശ്യമാണ്.