salman-blames-spinners-for-loss

ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയോടേറ്റ 61 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയുടെ ഭാരം സ്പിന്നര്‍മാര്‍ക്ക് മേല്‍ വച്ച് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ. ജയിക്കാമായിരുന്ന മല്‍സരം സ്പിന്നര്‍മാര്‍ തുലച്ച് കളഞ്ഞുവെന്നാണ് സല്‍മാന്‍റെ പക്ഷം. പോസ്റ്റ് മാച്ച് പ്രസന്‍റേഷനിലായിരുന്നു ഇന്ത്യയ്ക്കെതിരെ തകര്‍ന്നടിഞ്ഞ് പോയതിന്‍റെ നിരാശയത്രയും ബോളര്‍മാര്‍ക്ക് മേല്‍ പാക് ക്യാപ്റ്റന്‍ കൊണ്ടിട്ടത്. 

'ഞങ്ങളുടെ സ്പിന്നര്‍മാര്‍ക്ക് ശോഭിക്കാന്‍ കഴിഞ്ഞില്ല. ചിലയിടങ്ങളിലൊക്കെ വിചാരിച്ചത് പോലെകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. സ്പിന്നര്‍മാരെ ഞങ്ങള്‍ വിശ്വസിച്ചു. കഴിഞ്ഞ ആറുമാസമായി അവര്‍ മികച്ച ഫോമിലായിരുന്നു'- ആഗ തുറന്ന് പറഞ്ഞു. ബാറ്റര്‍മാരുടെ അശ്രദ്ധമായ സമീപനത്തെയും ആഗ വിമര്‍ശിച്ചു. ബാറ്റര്‍മാര്‍ അല്‍പം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ വിക്കറ്റ് വീഴ്ചയുണ്ടാവില്ലായിരുന്നുവെന്നും പാക് ക്യാപ്റ്റന്‍ വ്യക്തമാക്കി. 

 'പവര്‍പ്ലേയില്‍ നന്നായി വിക്കറ്റ് നഷ്ടമുണ്ടായി. രണ്ടാം ഇന്നിങ്സില്‍ പിച്ച് കുറേക്കൂടി മെച്ചപ്പെട്ടു. ഇത്തരം മല്‍സരങ്ങള്‍ അങ്ങേയറ്റം വൈകാരികം കൂടിയാകും. അതിനെ അത്തരത്തില്‍ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അങ്ങനെയുള്ള കുറേ കളികള്‍ ഞങ്ങള്‍ കളിച്ചിട്ടുണ്ട്.രണ്ട് ദിവസത്തിനുള്ളില്‍ അടുത്ത മല്‍സരമുണ്ട്. ഇനി അതിലേക്ക് ശ്രദ്ധ നല്‍കേണ്ടതുണ്ട്. അത് ജയിച്ച് സൂപ്പര്‍ എട്ടില്‍ കടക്കുകയാണ് ലക്ഷ്യം'- സല്‍മാന്‍ ആഗ വ്യക്തമാക്കി.

ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ബാറ്റിങിന്‍റെ ബലത്തില്‍ 176 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ഇന്ത്യ പാക്കിസ്ഥാന് മുന്നില്‍ ഉയര്‍ത്തിയത്. പക്ഷേ 18 ഓവറില്‍ 114 റണ്‍സെടുത്ത് പാക്കിസ്ഥാന്‍ പുറത്തായി. ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ പാക്കിസ്ഥാന് ഹാര്‍ദികിന്‍റെ ആദ്യ ഓവറില്‍ തന്നെ ഷാഹിബ്സദയെ നഷ്ടമായി. ആ ആഘാതത്തില്‍ നിന്ന് പിന്നീട് കരകരയറാന്‍ പാക്കിസ്ഥാന് കഴിഞ്ഞില്ല. തൊട്ടുപിന്നാലെ ബുംറയുടെ പന്തില്‍ സയീം അയൂബും മടങ്ങി. 

നാല് റണ്‍സ് മാത്രമെടുത്ത് സല്‍മാന്‍ ആഗയും മടങ്ങിയതോടെ പാക്കിസ്ഥാന്‍റെ തോല്‍വി ഉറപ്പായി. ബാബര്‍ അസമിനെ അക്സര്‍ പട്ടേലും പുറത്താക്കിയതോടെ അഞ്ചാം ഓവറില്‍ നാലിന് 34 എന്ന നിലയിലേക്ക് പാക്കിസ്ഥാന്‍ വീണു.  ഉസ്മാന്‍ ഖാന്‍ മാത്രമാണ് പാക് നിരയില്‍ അല്‍പമെങ്കിലും പിടിച്ച് നിന്നത്. 34 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയ താരമാണ് വലിയ നാണക്കേടില്‍ നിന്ന് പാക്കിസ്ഥാനെ രക്ഷിച്ചത്. 

ENGLISH SUMMARY:

Pakistan captain Salman Ali Agha expressed deep disappointment after his team suffered a crushing 61-run defeat against India in the T20 World Cup 2026. Agha primarily blamed the Pakistani spinners for failing to capitalize on the pitch and the batters for their careless approach during the chase. Despite a competitive target of 176 set by India, thanks to Suryakumar Yadav's brilliant half-century, Pakistan was bundled out for just 114 runs in 18 overs. Jasprit Bumrah and Hardik Pandya dismantled the top order early, while Axar Patel claimed the crucial wicket of Babar Azam. Only Usman Khan showed some resistance with a fighting 44, but it wasn't enough to save Pakistan from embarrassment. With the Super 8 qualification at stake, Pakistan must win their next game in two days