Pakistan's captain Salman Ali Agha, left, with Pakistan cricket team media manager Naeem Gillani, PTI
അഞ്ചു ജയങ്ങള്‍ തുടര്‍ച്ചയായി നേടിയ പാക്കിസ്ഥാന്‍ ടീം വിജയിക്കാന്‍ അര്‍ഹതയുള്ളവരായിരുന്നുവെന്നും പക്ഷേ ഇന്ത്യ അപ്രതീക്ഷിത തിരിച്ചടി തന്നുവെന്നും പാക്കിസ്ഥാന്‍ ഹെഡ്കോച്ച് മൈക്ക് ഹെസ്സന്‍. 61 റണ്‍സിന്റെ പതനത്തിനു ശേഷം ഡ്രസ്സിങ്റൂമിലെത്തിയ ടീമംഗങ്ങളല്ലാവരും കടുത്ത വേദനയിലായിരുന്നുവെന്നും പാക്കിസ്ഥാന്‍ എന്ന രാജ്യത്തിന് ആ വിജയം എത്രത്തോളം അനിവാര്യമായിരുന്നുവെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, എന്നിട്ടും സാധിച്ചില്ല, വലിയ ആത്മവിശ്വാസത്തിലായിരുന്നു ടീം, ഇന്ത്യക്കെതിരെ മത്സരിക്കാനെത്തിയതെന്നും ഹെസ്സന്‍ പറയുന്നു. ഇനി നമീബിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം ജയിക്കേണ്ടതുണ്ടെന്നും ഹെസ്സന്‍ പറയുന്നു. Also Read:‘പുല്ല്, ബഹിഷ്കരിച്ചാല്‍ മതിയായിരുന്നു’; ഇന്ത്യയോടേറ്റ തോല്‍വിയില്‍ പാക് താരങ്ങളെ ട്രോളി ആരാധകര്‍
77 റണ്‍സ് നേടിയ ഇഷാന്‍ കിഷനും 32 റണ്‍സുമായി സൂര്യകുമാര്‍ യാദവും 27 റണ്‍സുമായി ശിവം ദുബെയും ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചു. അതേസമയം പൊരുതാന്‍ പോലും കരുത്തില്ലാതെയാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കു മുന്‍പില്‍ അടിയറവ് പറഞ്ഞത്. ബുംമ്രയും ഹാര്‍ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും പാക്കിസ്ഥാന്‍ ബാറ്റര്‍മാരെ നിലംതൊടാതെ പറപ്പിച്ചു. സ്കോര്‍ബോര്‍ഡ് തുറക്കും മുന്‍പേ ഫര്‍ഹാന്‍ പൂജ്യത്തിന് പുറത്തായിരുന്നു. സയിം അയൂബും സല്‍മാന്‍ ആഗയും പാക്കിസ്ഥാനെ നിരാശയിലാക്കി.
രണ്ടക്കമെണ്ണാതെ അഞ്ച് ബാറ്റര്‍മാര്‍ ഗ്രൗണ്ട് വിട്ടു. വീണിടത്തുനിന്നും പാക്കിസ്ഥാന് ശ്വാസമേകിയത് ഉസ്മാന്‍ ഖാനും ഷദാബ് ഖാനുമായിരുന്നു. പയ്യെപയ്യെ സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ നോക്കിയെങ്കിലും ഒന്നും നടന്നില്ല. 44റണ്‍സില്‍ താരത്തെ അക്സര്‍ പട്ടേല്‍ പുറത്താക്കി.
വാലറ്റത്ത് 23 റണ്‍സെടുത്ത് അഫ്രീദി തോല്‍വിയുടെ ഭാരം കുറച്ചു. തോല്‍വിക്ക് പിന്നാലെ പാക് ആരാധകരും താരങ്ങള്‍ക്കെതിരെ തിരിഞ്ഞതോടെ സാഹചര്യം തീര്‍ത്തും വഷളായി. പാക് സോഷ്യല്‍മീഡിയ നിറയെ ടീമിനെതിരായ സൈബര്‍ ആക്രമണങ്ങളാണ്. മത്സരം ഉപേക്ഷിക്കുകയായിരുന്നു ഇതിലും നല്ലതെന്നും ചിലര്‍ പറയുന്നുണ്ട്.