pak-cricket-troll

ലോകകപ്പില്‍ ഇന്ത്യയോടേറ്റ കനത്ത പരാജയം പാക്കിസ്ഥാന്‍ ആരാധകരെ കടുത്ത നിരാശയിലും രോഷത്തിലുമാഴ്ത്തി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ബഹിഷ്കരണ നാടകവും ഐസിസി ഇടപെടലും ചര്‍ച്ചകളുമെല്ലാമായി വമ്പന്‍ ഹൈപ്പാണ് മല്‍സരത്തിന് കിട്ടിയത്. ജിയോഹോട്‌സ്റ്റാറില്‍ മാത്രം 45 കോടിയിലേറെ ആളുകള്‍ മല്‍സരം ലൈവ് കണ്ടു. പാക്കിസ്ഥാനിലും കോടിക്കണക്കിനാളുകള്‍ ടിവിക്കുമുന്നില്‍ ഇരിപ്പുറപ്പിച്ചു. ഇന്ത്യ, ടി20 ലോകകപ്പില്‍ ഇന്ത്യ–പാക് മല്‍സരങ്ങളിലെ ഏറ്റവും വലിയ സ്കോര്‍ നേടിയശേഷവും ആരാധകര്‍ നല്ല പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ക്രീസിലെത്തിയ ബാറ്റര്‍മാരില്‍ വിക്കറ്റ് കീപ്പര്‍ ഉസ്മാന്‍ ഖാനും പേസര്‍ ഷഹീന്‍ഷാ അഫ്രീദിയും ഒഴികെ ആരും നിലംതൊട്ടില്ല.

pakistan-sad-fans

13 റണ്‍സിന് മൂന്നുവിക്കറ്റ് വീണപ്പോള്‍ത്തന്നെ പാക് ആരാധകര്‍ വരാനിരിക്കുന്ന വിധി മുന്നില്‍ക്കണ്ടു. എന്നാല്‍ ഉസ്മാന്‍ ഖാന്‍റെ മിന്നല്‍ പ്രകടനം വീണ്ടും പ്രതീക്ഷയുണര്‍ത്തി. എന്നാല്‍ മിനിറ്റുകള്‍ കൊണ്ട് ആ പ്രതീക്ഷയും തകര്‍ന്നു. ബോളിങ്ങില്‍ അമ്പേ പരാജയപ്പെട്ട ഷഹീന്‍ഷാ അഫ്രീദി ബാറ്റുകൊണ്ട് പ്രായച്ഛിത്തം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഒപ്പം നില്‍ക്കാന്‍ ആരുമുണ്ടായില്ല. ഇതോടെ ആരാധകരുടെ നിരാശ ക്രോധമായി മാറി. പലരും സ്വന്തം വീട്ടിലെ ടിവി തല്ലിപ്പൊട്ടിച്ചു. മറ്റുചിലര്‍ താരങ്ങളുടെ പോസ്റ്ററുകള്‍ വലിച്ചുകീറീ. മിക്കവരും കലി തീര്‍ക്കാന്‍ സോഷ്യല്‍ മീഡിയയിലേക്ക് ഇറങ്ങി.

‘പുല്ല്... ബഹിഷ്കരിച്ചാല്‍ മതിയായിരുന്നു’. ഇതാണ് പാക്കിസ്ഥാനിലെ ക്രിക്കറ്റ് ആരാധകരുടെ വികാരത്തിന്‍റെ ആകെത്തുക. ഈ വാചകം ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ട്രെന്‍ഡിങ്ങാണ്. ‘കളി ബഹിഷ്കരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ ഞങ്ങളുടെ ഒരു ഞായറാഴ്ച ഇങ്ങനെ നശിക്കില്ലായിരുന്നു.’ – നമല്‍ എന്ന (@namaloomafraaad) എന്ന എക്സ് യൂസറുടെ വാക്കുകള്‍ തരംഗമായി.

ഇന്ത്യയുടെ ബാറ്റിങ് കഴിഞ്ഞപ്പോള്‍ത്തന്നെ ഷഹീന്‍ഷാ അഫ്രീദിയുടെ ഹേറ്റര്‍മാരുടെ എണ്ണം ഇരട്ടിയായി. രണ്ടോവര്‍ മാത്രം എറിഞ്ഞ ഷഹീന്‍ 31 റണ്‍സാണ് വിട്ടുകൊടുത്തത്. കിട്ടിയത് അക്സര്‍ പട്ടേലിന്‍റെ വിക്കറ്റ് മാത്രം. അഫ്രീദിയെക്കൊണ്ട് പിന്നീട് ബോള്‍ ചെയ്യിക്കാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ മുതിര്‍ന്നതുമില്ല.

shaheen-shah-afridi

ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുടെ വാക്കുകളും ബോഡി ലാംഗ്വേജും കളിക്കളത്തിലെ തീരുമാനങ്ങളുമെല്ലാം പാക് ക്രിക്കറ്റ് പ്രേമികള്‍ മീമുകളായും ട്രോളുകളായും പറത്തിവിടുകയാണ്. ബോളിങ് ഓപ്പണ്‍ ചെയ്ത് രണ്ടോവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി അഭിഷേക് ശര്‍മയുടെ നിര്‍ണായക വിക്കറ്റെടുത്ത ആഗ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഒന്നും സംഭവിച്ചില്ല. ബുംറയുടെ പന്തില്‍ പാണ്ഡ്യ ക്യാച്ചെടുക്കുമ്പോള്‍ ആഗയുടെ സ്കോര്‍ 4!

pakistan-fans

പാക്കിസ്ഥാന്‍റെ തുരുപ്പുചീട്ടാകുമെന്ന് കരുതിയ മിസ്റ്ററി സ്പിന്നര്‍ ഉസ്മാന്‍ താരിഖിന്‍റെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അനായാസം കൈകാര്യം ചെയ്തപ്പോള്‍ താരമായത് സയീം അയൂബ് മാത്രം. 4 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റാണ് സയീം പിഴുതത്. ഇതുവച്ചും ട്രോളര്‍മാര്‍ തലപുകച്ചപ്പോള്‍ വന്നത് ചിരിപ്പിച്ച് കൊല്ലുന്ന മീമുകള്‍.

ഇന്ത്യയുടെ ബാറ്റിങ് കഴിഞ്ഞപ്പോള്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ ഉസ്മാന്‍ താരിഖിനെ കമന്‍റിന് വിളിച്ചിരുന്നു. അപ്പോള്‍ ഉസ്മാന്‍ പറഞ്ഞ വാക്കുകളും ട്രോളര്‍മാര്‍ ഓര്‍മിപ്പിച്ചു. ‘നമ്മള്‍ ഇപ്പോള്‍ സേഫ് സൈഡില്‍ ആണ്. ഈ സ്കോറൊക്കെ ചേസ് ചെയ്യാന്‍ കഴിയും’ എന്നായിരുന്നു ഉസ്മാന്‍റെ പ്രതികരണം. ‘ബ്രോ പുതിയ ആളാണ്’ എന്ന ഒറ്റവാചകത്തില്‍ തീര്‍ത്തു @ഡോണ്‍വിത്ത്ക്രിക് എന്ന എക്സ് ഹാന്‍ഡില്‍.

‘നിങ്ങള്‍ ഇന്ത്യ–പാക് മല്‍സരത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുമ്പോള്‍ ലൈഫ് മനോഹരമാകും’ എന്ന എക്സ് പോസ്റ്റിലെ സങ്കടം കാണാതിരിക്കാന്‍ ആര്‍ക്ക് കഴിയും?

പാക്കിസ്ഥാന്‍ താരങ്ങളുടെ ഫീല്‍ഡിങ് പിഴവുകളെയും വിട്ടുകളഞ്ഞ ക്യാച്ചുകളെയും യൂസര്‍മാര്‍ വിട്ടില്ല. ‘മരുഭൂമിയില്‍ വാക്വം ക്ലീനര്‍ ഉപയോഗിക്കുന്നത് പോലെയാണ് പാക്കിസ്ഥാന്‍റെ ഫീല്‍ഡിങ്’ എന്ന് റെഡ് സ്ലാന്‍റി എന്ന എക്സ് ഹാന്‍ഡില്‍ ട്രോളുന്നു.

ഇന്ത്യ പാക്കിസ്ഥാന്‍ മല്‍സരം ഇനിമുതല്‍ കണ്ണുകെട്ടിവച്ച് കാണുന്നതാണ് പാക് ആരാധകര്‍ക്ക് നല്ലത് എന്നൊരു ഉപദേശവും കണ്ടു എക്സില്‍.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും മന്ത്രിയുമായ മൊഹ്‍സിന്‍ നഖ്‍വി ഇപ്പോഴും എയറിലാണ്. ബംഗ്ലാദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യയുമായുള്ള മല്‍സരം ബഹിഷ്കരിക്കാനിറങ്ങിയ നഖ്‍വി എവിടെ എന്നാണ് പാക് ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം. മല്‍സരം കഴിയുന്നതിന് മുന്‍പുതന്നെ നഖ്‍വി സ്റ്റേഡിയം വിട്ടിരുന്നു.

pak-05

കൊളംബോയില്‍ ഇന്നലെ നടന്ന ഗ്രൂപ്പ് എ മല്‍സരത്തില്‍ 61 റണ്‍സിനാണ് പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റത്. ട്വന്‍റി ട്വന്‍റി ലോകകപ്പിലെ ഇന്ത്യ പാക് മല്‍സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറായിരുന്നു ഇന്ത്യ നേടിയ 175/7. ലോകകപ്പില്‍ റണ്‍ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വി കൂടിയാണ് പാക്കിസ്ഥാന്‍റേത്. വെറും 40 പന്തില്‍ 77 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാന്‍ കിഷനായിരുന്നു ഇന്ത്യയുടെ വിജയശില്‍പിയും പ്ലേയര്‍ ഓഫ് ദ് മാച്ചും.

indian-fans
'Better Off Boycotting': Outraged Pakistan Fans Savage Team After Humiliating Defeat to India :

Pakistan's 61-point defeat to India in the T20 World Cup has triggered a massive wave of outrage and mockery among fans on social media. Despite the high pre-match hype and record-breaking viewership, Pakistan failed to chase India’s historic total of 175/7, with only Usman Khan and Shaheen Afridi showing any resistance. Frustrated supporters, who witnessed the team's largest-ever runs-based loss to India, are now trending the phrase "We should have boycotted" as a reflection of their disappointment. The backlash has spared no one, targeting captain Salman Ali Agha’s decisions, poor fielding efforts, and PCB Chairman Mohsin Naqvi’s earlier boycott threats.