കേരളം എന്ന് എഴുതിയതിലെ തെറ്റ് ട്രോളായത് ശ്രദ്ധയിൽപ്പെട്ടെന്നും താൻ എഴുതുന്നതിനിടയിൽ ചുറ്റും ആളുകൾ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ആശയക്കുഴപ്പമാണ് തെറ്റിന് കാരണമായതെന്നും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. സ്പെല്ലിങ് മിസ്റ്റേക്ക് ജനങ്ങൾ ചൂണ്ടിക്കാണിച്ചത് പൂർണാർഥത്തിൽ ഉൾക്കൊള്ളുന്നുവെന്നും മന്ത്രി ഫെയിസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ജനങ്ങളുടെ വിമർശനങ്ങളെയും അഭിപ്രായങ്ങളെയും തികഞ്ഞ ജനാധിപത്യ ബോധത്തോടെ കേൾക്കും. തെറ്റുകൾ ഉണ്ടെങ്കിൽ അത് മനസ്സിലാക്കി തിരുത്തി മുന്നോട്ട് പോകുകയും ചെയ്യും. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുമെന്ന് പി.ക.കുഞ്ഞാലിക്കുട്ടി കുറിച്ചു.
ജനങ്ങൾക്ക് എപ്പോഴും വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുമുള്ള പൂർണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ കുഞ്ഞാലിക്കുട്ടി, സോഷ്യല്‍ മീഡിയയിലെ സ്നേഹത്തിനും തിരുത്തലുകൾക്കും എല്ലാ പ്രിയപ്പെട്ടവർക്കും നന്ദിയും അറിയിച്ചു.
കഴിഞ്ഞദിവസം എറണാകുളത്ത് നടന്ന പരിപാടിക്കിടെ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി കേരളം എന്ന് ബോർഡിൽ എഴുതിയപ്പോൾ വന്ന തെറ്റാണ് സമൂഹമാധ്യമങ്ങളില്‍ ട്രോളായത്. കേരളത്തിലെ ഒരു മന്ത്രിക്ക് കേരളമെന്ന് എഴുതാൻ അറിയില്ലേ എന്നായിരുന്നു ട്രോളുകളിലെ പരിഹാസം.