ഇന്ത്യാ –പാക്കിസ്ഥാന്‍ മത്സരം തുടങ്ങും മുന്‍പ് ചെറിയൊരു ചാറ്റല്‍ മഴ പെയ്തിരുന്നു. അതൊരു ശുഭലക്ഷണമായിരുന്നെന്ന് ഇന്ത്യന്‍ ആരാധകര്‍ക്ക് കളി തുടങ്ങിയപ്പോള്‍ മനസിലായി. ട്വന്റി20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യന്‍ ടീമിനു ഓര്‍മയില്‍ സൂക്ഷിക്കാന്‍ പാക്കിസ്ഥാനെതിരെ 61 റണ്‍സിന്റെ ജയം. 

 

ജയിക്കാന്‍ 176 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാന്‍ പൊരുതാന്‍ പോലുമാകാതെ കീഴടങ്ങി. പാക് ബാറ്റ്സ്മാന്‍മാരെ ക്രീസില്‍ ഉറച്ചു നില്‍ക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ അനുവദിച്ചില്ല. ബുംമ്രയും ഹാര്‍ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും തങ്ങളെ ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റി. വന്‍ ബാറ്റിങ് തകര്‍ച്ചയാണ് ടീമിനു നേരിടേണ്ടി വന്നത്. സ്കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിക്കാന്‍ ശ്രമിച്ച ബാറ്റ്സ്മാന്‍മാര്‍ ഒന്നിനു പിറകെ ഒന്നായി മടങ്ങി. സ്കോര്‍ബോര്‍ഡ് തുറക്കും മുന്‍പ് ഫര്‍ഹാന്‍ പൂജ്യത്തിന് പുറത്തായി. പിന്നാലെ ആറു റണ്‍സെടുത്ത സയിം അയൂബും മടങ്ങി. സല്‍മാന്‍ ആഗയും (4) നിരാശപ്പെടുത്തി. അഞ്ച് ബാറ്റര്‍മാരാണ് രണ്ടക്കം പോലും കാണാതെ പുറത്തായത്. ഇതോടെ കൂറ്റന്‍ അടികള്‍ക്ക് മുതിരാതെ ക്രീസില്‍ പിടിച്ചു നില്‍ക്കാനായി ഉസ്മാന്‍ ഖാന്റേയും ഷദാബ് ഖാന്റേയും ശ്രമം. പതുക്കെ ഇരുവരും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. പന്തുകര്‍ തുടരെ അതിര്‍ത്തി കടത്തി ഉസ്മാന്‍ ഖാന്‍ എതിരാളികളെ അല്‍പം ആശങ്കയിലാക്കി. എന്നാല്‍ കൂടുതല്‍ അപകടകാരിയാകും മുന്‍പ് 44 റണ്‍സെടുത്ത താരത്തെ പട്ടേല്‍ പറഞ്ഞയച്ചു. വാലറ്റത്ത് 23 റണ്‍സെടുത്ത അഫ്രീദിയുടെ പോരാട്ടം കൂടിയില്ലായിരുന്നില്ലെങ്കില്‍ പാക് തോല്‍വി കൂടുതല്‍ ദയനീയമാകുമായിരുന്നു. 18 ഓവറില്‍ 114 റണ്‍സിന് പാക്കിസ്ഥാന്‍ ഓളൗട്ടായി. ഹാര്‍ദിക് പാണ്ഡ്യ, ബുംമ്ര, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടും , കുല്‍ദീപ് യാദവ്, തിലക് വര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി. 

 

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങനയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ അഭിഷേക് ശർമ റണ്ണൊന്നുമെടുക്കാതെ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗയുടെ ആദ്യ ഓവറിലെ പന്തിൽ ഷഹീൻ അഫ്രീദി ക്യാച്ചെടുത്ത് അഭിഷേകിനെ പുറത്താക്കുകയായിരുന്നു. എന്നാല്‍ പതറാതെ ബാറ്റ് ചെയ്ത ഇഷാന്‍ കിഷന്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. 40 പന്തിൽ 77 റൺസടിച്ചാണ് താരം പുറത്തായത്.  27 പന്തുകളിൽ നിന്നാണ് ഇഷാൻ 50 തികച്ചത്. സ്കോർ 88ൽ നിൽക്കെ സയിം അയൂബിന്റെ പന്തിൽ ഇഷാൻ ബോൾ‍ഡായി മടങ്ങി. മൂന്നു സിക്സുകളും പത്തു ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. 

 

 

 

പവർപ്ലേയിൽ ഇന്ത്യ മികച്ച സ്കോറാണ് നേടിയത്. പവർപ്ലേയിലെ ആറോവറിൽ അഞ്ചും എറിഞ്ഞത് സ്പിന്നർമാരായിരുന്നു. കൊളംബോയിലെ സ്പിൻ പിച്ചിന്റെ ആനുകൂല്യം തുടക്കത്തിൽ തന്നെ മുതലാക്കാനായിരുന്നു പാക്ക് ടീമിന്റെ ശ്രമം. എന്നാൽ അധികം പരുക്കില്ലാതെ ഇന്ത്യ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 25 റണ്‍സെടുത്ത തിലക് വര്‍മയും 32 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും  മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ ശിവം ദുബൈയും മോശമല്ലാത്ത പ്രകടനം നടത്തി. 17 പന്തുകളില്‍ നിന്നും താരം 27 റണ്‍സെടുത്ത് പുറത്തായി. 

 

പാക്കിസ്ഥാന്‍ ബോളിങ് നിരയില്‍ സയിം അയൂബ് മൂന്നു വിക്കറ്റുകള്‍ നേടി. സല്‍മാന്‍ ആഗ, ഷഹീന്‍ ഷാ, ഉസ്മാന്‍ താരീഖ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി. 

ENGLISH SUMMARY:

India secured a dominant 61-run victory against Pakistan in the T20 World Cup Super 8, showcasing a stellar performance from their bowlers. This triumph marks a significant win in the history of India-Pakistan T20 encounters.