ആന്തണി മോസ്കയും ജസ്റ്റിന്‍ മോസ്കയും വിജയാഹ്ളാദത്തില്‍
ട്വന്‍റി ട്വന്‍റി ലോകകപ്പില്‍ കന്നി വിജയം കുറിച്ച് ഇറ്റലി. സി ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തില്‍ നേപ്പാളിനെ പത്തുവിക്കറ്റിന് തകര്‍ത്താണ് ഇറ്റലി ലോകകപ്പിലെ ആദ്യജയം കുറിച്ചത്. വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാളിന് 19.3 ഓവറില്‍ 123 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഓപ്പണര്‍മാരായ ജസ്റ്റിന്‍ മോസ്കയും ആന്തണി മോസ്കയും തകര്‍ത്താടിയപ്പോള്‍ ഇറ്റലി വെറും 13 ഓവറില്‍ വിജയം കണ്ടു. ജസ്റ്റിന്‍ മോസ്കയും ആന്തണി മോസ്കയും അര്‍ധസെഞ്ചറി നേടി. 43 പന്ത് ബാക്കിനില്‍ക്കേയായിരുന്നു ഇറ്റലിയുടെ വിജയം.
ഇംഗ്ലണ്ടിനെതിരായ ആദ്യമല്‍സരത്തില്‍ മിന്നിത്തിളങ്ങിയ നേപ്പാള്‍ ബാറ്റര്‍മാര്‍ ഇറ്റലിക്കെതിരെ നിറംമങ്ങി. ഇറ്റാലിയന്‍ സ്പിന്നര്‍മാരുടെ ഉജ്വല ബോളിങ്ങും മികച്ച ഫീല്‍ഡിങ്ങുമാണ് നേപ്പാള്‍ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ സഹായിച്ചത്. 27 റണ്‍സെടുത്ത ആരിഫ് ഷെയ്ഖും 23 റണ്‍സെടുത്ത രോഹിത് പൗഡേലും 20 റണ്‍സെടുത്ത ആസിഫ് ഷെയ്ഖും മാത്രമേ പിടിച്ചുനിന്നുള്ളു. കെ.സി.കരണ്‍ 18 റണ്‍സോടെ പുറത്താകാതെ നിന്നു. ശ്രീലങ്കന്‍ വംശജനായ ലെഗ് സ്പിന്നര്‍ ക്രിഷന്‍ കലുഗമഗെ 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്തു. ക്രിഷന്‍ ആണ് പ്ലേയര്‍ ഓഫ് ദ് മാച്ച്. 9 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ബെന്‍ മനെന്‍റിയും ജെജെ സ്മട്സും ക്രിഷന് മികച്ച പിന്തുണ നല്‍കി.
124 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റെടുത്ത ഇറ്റലി തുടക്കം മുതല്‍ ആക്രമിച്ചുകളിച്ചു. ജസ്റ്റിന്‍ മോസ്കയും ആന്തണി മോസ്കയും പവര്‍ ഹിറ്റിങ്ങും ബുദ്ധിപരമായ ഷോട്ടുകളുമായി കളംനിറഞ്ഞപ്പോള്‍ നേപ്പാള്‍ ബോളര്‍മാര്‍ക്ക് മറുപടിയില്ലായിരുന്നു. ആന്തണി 32 പന്തില്‍ 62 റണ്‍സും ജസ്റ്റിന്‍ 44 പന്തില്‍ 60 റണ്‍സുമെടുത്തു. ഈ ജയത്തോടെ ഇറ്റലി സി ഗ്രൂപ്പില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി മൂന്നാംസ്ഥാനത്തേക്ക് കയറി. നെറ്റ് റണ്‍ റേറ്റിലാണ് അവര്‍ മുന്നിലെത്തിയത്. കരുത്തരായ ഇംഗ്ലണ്ടിനും വെസ്റ്റിന്‍ഡീസിനുമെതിരെയാണ് ഇറ്റലിയുടെ അടുത്ത മല്‍സരങ്ങള്‍.