ട്വന്‍റി ട്വന്‍റി ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യ-പാക് പോരാട്ടം ഉറപ്പായതോടെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. ഒറ്റയടിക്ക് ആറിരട്ടിയോളമാണ് വര്‍ധന. തീ വിലയായിട്ടും ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റു തീരുകയാണെന്നാണ് വിവരം. കൊച്ചിയിൽ നിന്ന് കൊളംബോയിലേക്ക് പറക്കാനും തിരിച്ചും കുറഞ്ഞത് 40,000 രൂപ നൽകേണ്ടിവരും. തിരുവനന്തപുരം-കൊളംബോ റൂട്ടിലും സമാന നിരക്കാണ്. കോഴിക്കോട് നിന്ന് കൊളംബോയിലേക്ക് പോകാന്‍ കുറഞ്ഞത് 32,000 രൂപയും നൽകേണ്ടിവരും. മുംബൈയിൽ നിന്നാണെങ്കിൽ എയർ ഇന്ത്യയ്ക്ക് 60,000 രൂപയാണ് റൗണ്ട് ട്രിപ്പിന് വേണ്ടിവരിക. ചണ്ഡിഗഡിൽ നിന്നാണെങ്കിൽ 63,000 രൂപയും നൽകണം. ഇൻഡിഗോ നിരക്ക് 70000 - 74000 വരെയും. ഡൽഹിയിൽ നിന്നാണെങ്കില്‍ 40000 - 45000 രൂപയും ആകും.
ഏഷ്യാകപ്പ് ടൂര്‍ണമെന്‍റിനിടെ സൂര്യകുമാര്‍ യാദവും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയും (ഇടത്ത്) റാഷിദ് ഖാനൊപ്പം
ആഴ്ചകൾ നീണ്ട ബഹിഷ്കരണ നാടകത്തിന് ശേഷമാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ കളിക്കാമെന്ന് സമ്മതിച്ചത്. ‘ക്രിക്കറ്റിന്‍റെ സ്പിരിറ്റ്’ ഉയർത്തിപ്പിടിച്ചാണ് തീരുമാനമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അവകാശപ്പെട്ടു. 'വിവിധ തലങ്ങളില്‍ നടന്ന ഉന്നതതല ചർച്ചകളുടെ അടിസ്ഥാനത്തിലും സുഹൃദ് രാഷ്ട്രങ്ങളുടെ അഭ്യർത്ഥന മാനിച്ചും ഫെബ്രുവരി 15 ന് ഐസിസി നിശ്ചയിച്ച മൽസരത്തിൽ കളിക്കാൻ പാക്കിസ്ഥാൻ സർക്കാർ ദേശീയ ക്രിക്കറ്റ് ടീമിന് അനുവാദം നൽകിയിരിക്കുന്നു' - എന്നാണ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നത്. ഇന്ത്യയുമായുള്ള മൽസരം ബഹിഷ്കരിക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ എമിറ്റേറ്റ്സ് ക്രിക്കറ്റ് ബോർഡും ബിസിബിയും പിസിബിക്ക് ഇമെയിൽ വഴി ബഹിഷ്കരണ നീക്കത്തിലുള്ള വിയോജിപ്പ് അറിയിച്ചു.
നെതര്‍ലന്‍ഡ്‌സുമായുള്ള ലോകകപ്പ് മല്‍സരത്തില്‍ പാക് ടീം
ഐസിസി ഷെഡ്യൂള്‍ അനുസരിച്ച് ഇന്ത്യ-പാക് മൽസരം നടക്കുമെന്ന് തീർച്ചയായതോടെ ഒഴിവായ നഷ്ടം 174 മില്യന്‍ ഡോളറാണെന്ന് ഇന്ത്യൻ എക്സ്പ്രസസ് റിപ്പോർട്ട് ചെയ്യുന്നു. മൽസരം മുടങ്ങിയിരുന്നുവെങ്കിൽ ബ്രോഡ്‍കാസ്റ്റര്‍ക്കും സ്പോൺസർമാർക്കുണ്ടായേക്കാമായിരുന്ന നഷ്ടമാണിത്. ബഹിഷ്കരണ നീക്കവുമായി പാക്കിസ്ഥാൻ മുന്നോട്ട് പോയിരുന്നുവെങ്കിൽ ഈ തുക ഐസിസി നൽകേണ്ടി വരുമായിരുന്നു. അങ്ങനെയെങ്കിൽ തുക പിസിബിക്കുള്ള വാർഷിക വിഹിതം കട്ട് ചെയ്തും പിഴ ഈടാക്കിയും വകയിരുത്താമെന്നാണ് തീരുമാനിച്ചിരുന്നത്.