Mumbai: India's head coach Gautam Gambhir with captain Suryakumar Yadav before the start of the ICC Men's T20 World Cup 2026 cricket match between India and USA, at the Wankhede Stadium, in Mumbai, Saturday, Feb. 7, 2026. (PTI Photo/Kunal Patil)(PTI02_07_2026_000480B)

ഇന്ത്യയുടെ ട്വന്‍റി 20 നായകന്‍ സൂര്യകുമാര്‍ യാദവിനെ വാനോളം പുകഴ്ത്തി ഗൗതം ഗംഭീര്‍. പകരം വയ്ക്കാനാവാത്ത ക്യാപ്റ്റനാണ് സൂര്യകുമാര്‍യാദവെന്നും അത് തനിക്ക് പകരുന്ന ആശ്വാസം ചില്ലറയല്ലെന്നും ഗംഭീര്‍ വെളിപ്പെടുത്തുന്നു. ടീം അംഗങ്ങളുടെയും തന്‍റെയും സമ്മര്‍ദത്തെപ്പോലും അലിയിച്ച് കളയാന്‍ സൂര്യയ്ക്ക് സാധിക്കുന്നുണ്ടെന്നും ഗംഭീര്‍ വെളിപ്പെടുത്തി. ട്വന്‍റി 20  ലോകകപ്പ് മല്‍സരങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ്  ഫോമിലേക്ക് മടങ്ങിയെത്തിയ ക്യാപ്റ്റന് കോച്ച് വാരിക്കോരി പ്രശംസ ചൊരിയുന്നത്. 

സ്റ്റാര്‍സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് സൂര്യകുമാര്‍ ടീം അംഗങ്ങളോട് പെരുമാറുന്ന രീതിയും കളിക്കളത്തിലെ പ്രകടനവും ഡ്രസിങ് റൂമിന് പകരുന്ന ഊര്‍ജവും മികച്ചതാണെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. 'ട്വന്‍റി 20യില്‍ എന്‍റെ ജോലിഭാരം വളരെ കുറച്ച് തന്നയാളാണ് സൂര്യ. മികച്ച നായകനാണ് താരമെന്നും കളിക്കളത്തിലെ സൂര്യയെക്കാള്‍ ഡ്രസിങ് റൂമില്‍ എല്ലാവരെയും കോര്‍ത്തിണക്കി മുന്നോട്ട് പോകുന്ന സൂര്യയെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും ഗംഭീര്‍ വ്യക്തമാക്കി. 'ഫീല്‍ഡിങിലും ബാറ്റിങിലും കളിക്കാരോടുള്ള ഇടപെടലിലും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിലുമെല്ലാം സൂര്യയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരാളില്ല'- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ഏതു കോച്ചും സ്വപ്നം കാണുന്ന ക്യാപ്റ്റനാണ് സൂര്യയെന്നും അദ്ദേഹം പറഞ്ഞു.  

ലോകകപ്പ് നിലനിര്‍ത്താന്‍ ഒരുങ്ങിയിറങ്ങിയ ടീം ഇന്ത്യ യുഎസ്എയ്ക്കെതിരെ ജയത്തോടെയാണ് തുടങ്ങിയത്. താരതമ്യേനെ ദുര്‍ബലരെന്ന് കരുതിയിരുന്ന യുഎസ്എയ്ക്കെതിരെ മുന്‍നിര ബാറ്റര്‍മാര്‍ തകര്‍ന്നപ്പോഴും ഒരുവശത്ത് സൂര്യകുമാര്‍ ഉറച്ച് നിന്നു. 49 പന്തില്‍ നിന്ന് ക്യാപ്റ്റന്‍ നേടിയ 84 റണ്‍സാണ് ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഫോമിലുള്ള സൂര്യയെ പിടിച്ചുകെട്ടാന്‍ ഒരു സമ്മര്‍ദത്തിനും കഴിയില്ലെന്നും ഗംഭീര്‍ വ്യക്തമാക്കുന്നു. 

'അതിഗംഭീരനായ നായകനാണ് സൂര്യകുമാര്‍ യാദവ്. കടുത്ത സമ്മര്‍ദത്തിന് നടുവിലും ശരിയായ തീരുമാനം കൈക്കൊള്ളാന്‍ സൂര്യയ്ക്കുള്ള കഴിവ് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്'. ക്യാപ്റ്റനെന്ന നിലയില്‍ എല്ലാ ഗുണങ്ങളും തികഞ്ഞയാളാണ് താരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘകാലം അര്‍ധസെഞ്ചറി പോലുമടിക്കാനാവാതെ കുഴങ്ങിയിരുന്ന സൂര്യകുമാര്‍ ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലാണ് ഫോം വീണ്ടെടുത്തത്. യുഎസ്എയ്ക്കെതിരെ 77ന് ആറ് വിക്കറ്റെന്ന നിലയിലേക്ക് ഇന്ത്യ വീണപ്പോള്‍ താന്‍ കനത്ത സമ്മര്‍ദം അനുഭവിച്ചതായി ഇന്ത്യന്‍ നായകന്‍ വെളിപ്പെടുത്തിയിരുന്നു. അതുപോലെയുള്ള സാഹചര്യങ്ങളില്‍ താന്‍ മുന്‍പും ബാറ്റ് ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ തിരിച്ച് വരാന്‍ കഴിയുമെന്ന് മനസില്‍ ഉറപ്പിച്ചിരുന്നുവെന്നുമായിരുന്നു മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം ഏറ്റുവാങ്ങി സൂര്യ പറഞ്ഞത്. വ്യാഴാഴ്ച നമീബിയയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. ഞായറാഴ്ച പാക്കിസ്ഥാനെതിരെ കൊളംബോയിലും. 

ENGLISH SUMMARY:

Indian Head Coach Gautam Gambhir has hailed T20 captain Suryakumar Yadav as an irreplaceable leader following his match-winning performance in the 2026 T20 World Cup. Speaking to Star Sports, Gambhir stated that Suryakumar's ability to handle pressure and unite the dressing room makes him a "dream captain" for any coach. After a stellar knock of 84 runs off 49 balls against the USA, Surya proved his form is back at the right time for Team India. Gambhir emphasized that Surya's tactical decisions and interpersonal skills significantly reduce his coaching workload. With crucial matches against Namibia and Pakistan ahead, India relies heavily on Surya's leadership.