ട്വന്‍റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ചീഫ് സെലക്ടര്‍ സ്ഥാനം ഉറപ്പിക്കാന്‍ അജിത് അഗാര്‍ക്കര്‍. 2027 ഏകദിന ലോകകപ്പ് വരെ തന്‍റെ കാലാവധി നീട്ടണമെന്ന് അഗാര്‍ക്കര്‍ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു. 2023 ജൂണില്‍ ടീമിന്‍റെ ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കറിന്‍റെ കാലാവധി 2025 ഐപിഎല്ലിന് തൊട്ടുമുന്‍പാണ് ഒരു വര്‍ഷം നീട്ടിനല്‍കിയത്. 2024 ലെ ട്വന്‍റി20 ലോകകപ്പും 2025ലെ ചാംപ്യന്‍സ് ട്രോഫിയും നേടിയതിന് പ്രതിഫലമായിരുന്നു കാലാവധി നീട്ടിയത്.
2026 ലെ ട്വന്‍റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് അഗാര്‍ക്കറുടെ ആവശ്യം. വെസ്റ്റ് സോണിൽ നിന്നുള്ള മറ്റൊരു മുൻ ഇന്ത്യൻ താരം ചീഫ് സെലക്ടര്‍ സ്ഥാനത്ത് എത്താന്‍ സാധ്യതയുണ്ട്. ടെസ്റ്റ് ലോകകപ്പ് നിര്‍ണായക ഘട്ടത്തിലെത്തിയും അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിന് ഒരുക്കങ്ങള്‍ തുടങ്ങിയതുമായ സാഹചര്യത്തില്‍ അഗാര്‍ക്കറെ ഒഴിവാക്കാന്‍ ബി.സി.സി.ഐ തയ്യാറാകുമോ എന്നതാണ് ചോദ്യം. അഗാര്‍ക്കറുടെ ആവശ്യത്തില്‍ ചര്‍ച്ച നടക്കുകയാണ്.
2023 ജൂണിലാണ് അഗാര്‍ക്കര്‍ ഇന്ത്യന്‍ പുരുഷ ടീമിന്‍റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാകുന്നത്. ഈ കാലയളവില്‍ ഇന്ത്യ മൂന്നു ഐ.സി.സി കിരീടങ്ങള്‍ സ്വന്തമാക്കി. രണ്ട് ട്വന്‍റി 20 ലോകകപ്പ് കിരീടങ്ങളും ഒരു ചാംപ്യന്‍സ് ട്രോഫിയും. അതേസമയം ടെസ്റ്റില്‍ ഇന്ത്യ പിന്നോട്ട് പോയി. സ്വന്തം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ തോല്‍വികളും ഏവേ ഫോര്‍മാറ്റിലെ ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫി നഷ്ടമായതും ഇക്കാലയളവിലാണ്. അതേസമയം 2023-2025 കാലത്തിനിടെ ഏകദിനത്തില്‍ 33 മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് ഇന്ത്യ തോറ്റത്. ഏഷ്യ കപ്പ് കിരീടം അടക്കം ഇന്ത്യ സ്വന്തമാക്കി.