pakistan-cricket-team

ട്വന്റി 20 ലോകകപ്പിന് ആറു ദിവസം മാത്രം ബാക്കിനില്‍ക്കെ പുതിയ നാടകവുമായി പാക്കിസ്ഥാന്‍. ലോകകപ്പില്‍ പങ്കെടുക്കുമെന്നും എന്നാല്‍  ഇന്ത്യയെ മാത്രമായി ബഹിഷ്കരിക്കും എന്നുമാണ് പാക്കിസ്ഥാന്റെ പുതിയ നിലപാട്. പാക്ക് നിലപാടിന് പിന്നാലെ, ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് സൂചിപ്പിച്ച് ഐ.സി.സി. രംഗത്തെത്തി. പാക്കിസ്ഥാനെതിരായ മല്‍സരം നടക്കുന്ന പതിനഞ്ചാം തീയതി ഷെഡ്യൂള്‍ പ്രകാരം ഇന്ത്യ  കൊളംബോയിലേക്ക് പോകുമെന്ന് ബിസിസിഐ അറിയിച്ചു. 

 

ട്വന്റി 20 ലോകകപ്പില്‍ നിന്നും ബംഗ്ലദേശിനെ പുറത്താക്കിയതിനു പിന്നാലെ അവര്‍ക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണു പാക്കിസ്ഥാന്റെ നീക്കം. ഇന്ത്യയില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നു പറഞ്ഞ്, മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റണമെന്ന് ബംഗ്ലദേശ് ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു തള്ളിയ ഐസിസി കടുംപിടുത്തം തുടര്‍ന്ന ബംഗ്ലാദേശിനെ പുറത്താക്കുകയായിരുന്നു. ബംഗ്ലാദേശിന് പകരക്കരായി സ്കോട്ലന്‍ഡ് ലോകകപ്പിനു യോഗ്യത നേടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്ത്യയെ ബഹിഷ്കരിക്കുമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഭീഷണി് മുഴക്കിയത്. തുടര്‍ന്നാണ് പി.സി.ബിയെ മറികടന്ന് പാക് സര്‍ക്കാര്‍ തന്നെ ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബഹിഷ്കരിക്കുന്നതായി ഔദ്യോഗികമായി അറിയിച്ചത്. താരങ്ങളല്ല തീരുമാനമെടുത്തതെന്നും ബോര്‍ഡ് അറിയിച്ചത് അനുസരിക്കുന്നുവെന്നും ക്യാപ്റ്റന്‍ തുറന്നുപറഞ്ഞു.

 

ബഹിഷ്കരണ ഭീഷണിക്ക് പിന്നാലെ കരുതലോടെ പ്രതികരണവുമായി ഐസിസി രംഗത്തെത്തി. ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് സൂചിപ്പിച്ച ഐ.സി.സി, പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുന്നുവെന്ന് വ്യക്തമാക്കി. എല്ലാവരുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പരസ്പരസമ്മതമായ ഒരു പരിഹാരം പിസിബി കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഐസിസി വ്യക്തമാക്കി. അതേസമയം സൂപ്പര്‍ 8 ലോ സെമി ഫൈനലിലോ എത്തിയാല്‍ ഇന്ത്യയെ ബഹിഷ്ക്കരിക്കുമോ എന്നകാര്യം പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടില്ല. 

ENGLISH SUMMARY:

T20 World Cup Pakistan boycott news details the latest developments where Pakistan has announced a potential boycott of their match against India in the upcoming T20 World Cup. The International Cricket Council (ICC) has responded cautiously, hinting at serious consequences if the boycott proceeds.