ലോകകപ്പ് ബഹിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാറുമായുള്ള ചര്‍ച്ചകള്‍ തുടര്‍ന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പിന്മാറിയാലുണ്ടാകുന്ന രാഷ്ട്രീയ, നിയമ, സാമ്പത്തിക പ്രത്യാഘാതങ്ങൾ ക്രിക്കറ്റ് ബോര്‍ഡ്  വിലയിരുത്തുന്നുണ്ടെന്നാണ് വിവരം. ഭരണാധികാരികളുമായും ക്രിക്കറ്റ് വിദഗ്ധരുമായും പിസിബി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. 

വീണ്ടും ട്വിസ്റ്റ്; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പാക്കിസ്ഥാന് മുട്ടന്‍പണി; ബഹിഷ്കരിച്ചാല്‍ ബംഗ്ലാദേശ്

തിങ്കളാഴ്ച പാക്ക് പ്രധാനമന്ത്രിയുമായി പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‍വി ചര്‍ച്ച നടത്തി. അന്തിമ തീരുമാനത്തിന് മുന്‍പ് ഉന്നത രാഷ്ട്രീയ തലത്തിൽ നിന്നും മാർഗനിർദേശം തേടും. വരും ദിവസങ്ങളിൽ നഖ്‌വി മുൻ പിസിബി ചെയർമാൻമാരെയും കാണും. ടൂര്‍ണമെന്‍റിനപ്പുറം ഉണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങളെ പറ്റിയും ചര്‍ച്ച ചെയ്യുന്നു എന്നാണ് വിവരം. 

ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുന്നതിലാണ് പാക്കിസ്ഥാന്‍ കേന്ദ്രങ്ങളില്‍ പ്രധാന ചര്‍ച്ച നടക്കുന്നത്. ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുന്‍പ് പാക്കിസ്ഥാന് ഫെബ്രുവരി ഏഴിന് നെതര്‍ലന്‍ഡ്സുമായും പത്തിന് യു.എസ്.എയുമായും മത്സരങ്ങളുണ്ട്. ഈ രണ്ടു മത്സരങ്ങളിലുമാണ് പാക്കിസ്ഥാന്‍റെ ശ്രദ്ധ. മത്സരങ്ങള്‍ ജയിച്ചാല്‍ ഇന്ത്യയ്ക്കെതിരായ മത്സരം ഉപേക്ഷിക്കാന്‍ സാധ്യത കൂടുതലാണെന്ന് പാക്കിസ്ഥാന്‍ സോഴ്സിനെ ഉദ്ധരിച്ച് ടെലികോ ഏഷ്യാ സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുമായി നഖ്‍വി ചര്‍ച്ച ചെയ്തത്. പ്രധാനമന്ത്രിയുമായി ഫലപ്രദമായി രീതിയില്‍ ഐസിസി വിഷയം സംസാരിച്ചു എന്നാണ് നഖ്‍വി പറഞ്ഞത്. എല്ലാ സാധ്യതകളും മുന്നിൽ വെച്ചുകൊണ്ട് തന്നെ ഈ പ്രശ്നം പരിഹരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചുവെന്നും നഖ്‍വി എക്സില്‍ പോസ്റ്റ് ചെയ്തു. പിന്മാറ്റത്തിന്റെ കാര്യങ്ങളിലടക്കം വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ അന്തിമ തീരുമാനം ഉണ്ടാകും.

ENGLISH SUMMARY:

Pakistan is considering a complete withdrawal, a significant part of the debate focuses on boycotting the high-stakes match against India. Reports suggest that if Pakistan wins its initial matches against the Netherlands and the USA, the pressure to skip the India clash may increase.