bangladesh-pakistan

ബംഗ്ലാദേശ് ട്വന്‍റി 20 ലോകകപ്പിന് ഇല്ലെന്ന് ഉറപ്പായതിന് ശേഷമാണ് പാക്കിസ്ഥാന്‍ ബഹിഷ്കരണ ഭീഷണിയുമായി രംഗത്തെത്തിയത്. പാക്കിസ്ഥാന്‍ ലോകകപ്പ് കളിക്കുമോ ഇല്ലയോ എന്നതില്‍ വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ തീരുമാനം ഉണ്ടാകുമെന്നാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‍‍വി പറഞ്ഞത്. തിങ്കളാഴ്ച ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ നഖ്‍വി പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിനെ കണ്ടിരുന്നു. പാക്കിസ്ഥാന്‍ ബഹിഷ്കരിച്ചാല്‍ ബംഗ്ലാദേശ് തിരികെ എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

പാക്കിസ്ഥാന്‍ ടൂര്‍ണമെന്‍റ് പൂര്‍ണമായും ബഹിഷ്കരിക്കാന്‍ സാധ്യതയില്ലെന്നാണ് ഐസിസി കരുതുന്നത്. എങ്കിലും പാക്കിസ്ഥാന്‍ ബഹിഷ്കരിച്ചാല്‍ ബംഗ്ലാദേശിനെയാണ് ഐസിസി പകരക്കാരായി പരിഗണിക്കുന്നത്. ബംഗ്ലാദേശിനെ ഗ്രൂപ്പ് എയിലേക്ക് മാറ്റും. എല്ലാ മത്സരങ്ങളും അവരുടെ ആവശ്യംപോലെ ശ്രീലങ്കയില്‍ നടത്തും. ഇതിന് കാര്യമായ അധിക ചെലവ് വരുന്നില്ല, ഐസിസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കില്ലെന്നതിനാല്‍ ജനുവരി 24 ന് ബംഗ്ലാദേശിന് പകരം സ്കോട്ട്ലന്‍ഡിനെ ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.  

പ്രധാനമന്ത്രിയുമായി ഫലപ്രദമായി രീതിയില്‍ ഐസിസി വിഷയം സംസാരിച്ചു എന്നാണ് നഖ്‍വി പറഞ്ഞത്. എല്ലാ സാധ്യതകളും മുന്നിൽ വെച്ചുകൊണ്ട് തന്നെ ഈ പ്രശ്നം പരിഹരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചുവെന്നും നഖ്‍വി എക്സില്‍ പോസ്റ്റ് ചെയ്തു. പോസ്റ്റിലെ വാക്കുകളില്‍ പൂര്‍ണമായ പിന്മാറ്റ സാധ്യതയില്ല പറയുന്നില്ല. പിന്മാറാന്‍ ശക്തമായ കാരണമില്ല എന്നതാണ് പാക്കിസ്ഥാന്‍റെ നാടകത്തിന് തിരിച്ചടിയാകുന്നത്. 

അതേസമയം, പൂര്‍ണമായ പിന്മാറ്റത്തിന് മുതിരാതെ ഗ്രൂപ്പ് എയില്‍ ഇന്ത്യയ്ക്ക് എതിരായ മത്സരം ഉപേക്ഷിക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിക്കും എന്നാണ് വിവരം. പോയിന്‍റ് ബഹിഷ്കരിക്കാനും പാക്കിസ്ഥാന്‍ തയ്യാറെടുക്കുന്നതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളിലടക്കം വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ അന്തിമ തീരുമാനം ഉണ്ടാകും. 

ENGLISH SUMMARY:

Pakistan T20 World Cup boycott is under discussion, with the Pakistan Cricket Board chairman meeting the Prime Minister to finalize their participation. The ICC believes a full boycott is unlikely, but Pakistan might consider not playing their match against India.