ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് പിസിബി ചെയര്‍മാന്റെ ഭീഷണി. ഐസിസി വടിയെടുത്തതോടെ ലോകകപ്പിനുള്ള ടീമിനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ടീമിനെ പ്രഖ്യാപിച്ചെങ്കിലും ലോകകപ്പ് ബഹിഷ്കരണ ഭീഷണിയില്‍ നിന്നും പാക്കിസ്ഥാന്‍ പിന്നോട്ടില്ലെന്നാണ്.
ടീമിനെ പ്രഖ്യാപിച്ചുള്ള വാര്‍ത്ത സമ്മേളനത്തില്‍ സെലക്ഷന്‍ കമ്മിറ്റി അംഗമായ അഖിബ് ജാവേദിന്‍റെ വാക്കുകളാണ് പാക്കിസ്ഥാന്റെ ലോകകപ്പ് പങ്കാളിത്തം സംശയത്തിലാക്കിയത്. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പങ്കാളിത്തം 100 ശതമാനം ഉറപ്പാക്കാനായിട്ടില്ലെന്ന് ജാവേദ് പറഞ്ഞു. '' ഞങ്ങള്‍ സെലക്ടര്‍മാരാണ്, ഞങ്ങളുടെ ജോലി ടീമിനെ തിരഞ്ഞെടുക്കുകയാണ്. അവസാന തീയതിക്ക് മുന്‍പ് ഞങ്ങള്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിന്റെ പങ്കാളിത്തം സര്‍ക്കാര്‍ തീരുമാനിക്കും, ഇതിനെ പറ്റി എനിക്കൊന്നും പറയാന്‍ സാധിക്കില്ല'' എന്നും ജാവേദ് വ്യക്തമാക്കി.
ബംഗ്ലദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആലോചിക്കുന്നുവെന്ന് പിസിബി ചെയര്‍മാന്‍ മുഹ്സിന്‍ നഖ്വി പ്രഖ്യാപിച്ചത്. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അനുമതി നല്‍കിയാല്‍ ലോകകപ്പ് ബഹിഷ്കരിക്കുമെന്നായിരുന്നു നഖ്‍വി പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഐസിസി മുന്നറിയിപ്പുമായി എത്തിയത്.
ഓസ്ട്രേലിയയ്ക്കെതിരെ അടുത്താഴ്ച നടക്കുന്ന ടൂര്‍ണമെന്‍റിനുള്ള ടീം തന്നെയാണ് ലോകകപ്പ് കളിക്കുക. സല്‍മാന്‍ അലി ആഗയാണ് ക്യാപ്റ്റന്‍. ബാബര്‍ അസമും ഷഹീന്‍ ഷാ അഫ്രീദിയും ടീമിലേക്ക് മടങ്ങിയെത്തി. ഹാരിസ് റൗഫ് ടീമിന് പുറത്തായി. അബ്രാര്‍ അഹ്മദ്, ബാബര്‍ അസം, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഖ്വാജ മുഹമ്മദ് നാഫി, മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, നസീം ഷാ, ഷാഹിബ്സദ ഫര്‍ഹാന്‍ (വിക്കറ്റ് കീപ്പര്‍),സയിം അയൂബ്, ഷഹീന്‍ ഷാ അഫ്രീദി, ഷദബ് ഖാന്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ താരിഖ് എന്നിവരാണ് ടീമിലുള്ളത്.
ലോകകപ്പില്‍ പാക്കിസ്ഥാന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് കളിക്കുക. ബിസിസിഐ, പിസിബി, ഐസിസി എന്നിവര്‍ ചേര്‍ന്നുണ്ടാക്കിയ കരാര്‍ പ്രകാരം 2027 വരെ ഇന്ത്യ–പാക്ക് മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ മാത്രമെ കളിക്കുകയുള്ളൂ.