TOPICS COVERED

ട്വന്റി 20 ലോകകപ്പ് ടീമിലുണ്ടെങ്കിലും, സ്ഥിരതയില്ലായ്മയ്ക്ക് സഞ്ജു സാംസണ് പ്ലെയിങ് ഇലവനിലെ സ്ഥാനം വിലയായി നല്‍കേണ്ടി വന്നേക്കും. ഓപ്പണറായി കളിച്ച കഴിഞ്ഞ ഒന്‍പത് ഇന്നിങ്സുകളില്‍ പവർപ്ലേ ഓവറുകള്‍ അതിജീവിക്കാൻ സഞ്ജുവിന് സാധിച്ചത് ഒരേയൊരു തവണ മാത്രം . 

ഒരു ദശാബ്ദത്തിലേറെയായി, ഇന്ത്യൻ ക്രിക്കറ്റിലെ കൗതുകകരമായ വൈരുധ്യങ്ങളിലൊന്നായി സഞ്ജു സാംസൺ തുടരുകയാണ്.  ശരീരത്തിനുനേരെ വേഗമേറിയ ഷോർട്ട് ബോളുകൾ എറിഞ്ഞ്, ഒട്ടും കരുത്തോ ടൈമിങ്ങോ ഇല്ലാത്ത പുൾ ഷോട്ടിന് സഞ്ജുവിനെ നിര്‍ബന്ധിക്കുക എന്ന തന്ത്രമാണ് എതിരാളികള്‍  വിജയകരമായി പയറ്റുന്നത്. കിവീസിനെതിരായ പരമ്പരയില്‍ മണിക്കൂറിൽ 130 കിലോമീറ്ററിനടുത്ത് വേഗത്തിൽ പന്തെറിയുന്ന മാറ്റ് ഹെൻറിയും കൈൽ ജാമിസണും ഓഫ് സൈഡിൽ ബാറ്റുവീശാൻ സഞ്ജുവിന് അവസരം നൽകാതെ കുരുക്കി. 11 വർഷത്തിനിടെ കളിച്ച 55 രാജ്യാന്തര ടി20 മത്സരങ്ങളിൽ നിന്ന് 1048 റൺസാണ് സഞ്ജു നേടിയത്. മൂന്ന് സെഞ്ചറികളും മൂന്ന് അർധസെഞ്ചറികളും ഇതിൽ ഉൾപ്പെടുന്നു.  ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചശേഷം ഒൻപത് ഇന്നിങ്സുകളിൽനിന്ന് 11.55 ശരാശരിയില്‍ നേടിയത് 104 റൺസ് മാത്രം. ക്രീസിൽ കൂടുതൽ നേരം തുടരാനാകാത്തത് ടീമിന്റെ പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നു. തുടക്കത്തിലേയുള്ള പുറത്താകലുകൾ മധ്യനിരയെ സമ്മർദത്തിലാക്കുകയും, സ്കോറിങ്ങിന് വേഗം കൂട്ടുന്നതിനു പകരം ഇന്നിങ്സ് വീണ്ടും കെട്ടിപ്പടുക്കാൻ ഇന്ത്യയെ നിർബന്ധിതരാക്കുകയും ചെയ്യുന്നു.

ENGLISH SUMMARY:

Sanju Samson's place in the T20 World Cup playing eleven is uncertain due to inconsistency. His struggles in the powerplay and vulnerability to short balls pose challenges to the Indian cricket team's plans.