Image: X
പാക്കിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് ഇതിഹാസ താരത്തിന്റെ മകനെതിരെ വീട്ടുജോലിക്കാരിയുടെ ലൈംഗികാതിക്ര പരാതി. മുൻ പാക്കിസ്ഥാൻ ലെഗ്-സ്പിന്നർ അബ്ദുൽ ഖാദിറിന്റെ മകൻ സുലൈമാന്‍ ഖാദിറിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സുലൈമാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സുലൈമാന്റെ വീട്ടില്‍ ഏറെക്കാലമായി ജോലി ചെയ്തിരുന്ന തന്നെ ഒരു ദിവസം ബലമായി ഫാംഹൗസിലേക്ക് പിടിച്ചുകൊണ്ടുപോയി വസ്ത്രങ്ങള്‍ വലിച്ചുകീറി ബലാത്സംഗം ചെയ്തുവെന്നാണ് യുവതി നല്‍കിയിരിക്കുന്ന പരാതി. പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ ഖാദിറിന്റെ നാല് മക്കളിൽ ഒരാളായ സുലൈമാനെതിരെ പൊലീസ് നടപടി ആരംഭിച്ചു.
യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായും പരിശോധനാഫലം വന്നതിന് ശേഷം ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 41 വയസുകാരനായ സുലൈമാൻ 2005 മുതൽ 2013 വരെ 26 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 40 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക്കിസ്ഥാനു വേണ്ടി 67 ടെസ്റ്റുകളും 104 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് സുലൈമാന്റെ പിതാവ് അബ്ദുല്‍ ഖാദിര്‍ .1980കളിൽ ലെഗ്-സ്പിൻ ബൗളിങ്ങിനു പുതുജീവൻ നൽകിയത് അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2019 സെപ്റ്റംബറിലാണ് അബ്ദുല്‍ ഖാദിര്‍ അന്തരിച്ചത്.