ട്വന്‍റി 20 ലോകകപ്പില്‍ നിന്ന് ബംഗ്ലദേശിന് പുറമെ പാക്കിസ്ഥാനും പുറത്തായാല്‍ ടൂര്‍ണമെന്‍റിന്‍റെ നടത്തിപ്പ് പ്രതിസന്ധിയില്‍ ആകുമോ? പാക് പ്രധാനമന്ത്രി പറഞ്ഞാല്‍ ലോകകപ്പില്‍ നിന്ന് പിന്‍മാറുമെന്നും ഐസിസി ബംഗ്ലദേശിനോട് ചിറ്റമ്മ നയം കാണിക്കുന്നുവെന്നുമുള്ള പിസിബി ചെയര്‍മാന്‍ മുഹ്സിന്‍ നഖ്വിയുടെ പ്രസ്താവനയോടെയാണ് ആരാധകരില്‍ ആശങ്ക ഉടലെടുത്തത്. പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്നും പിന്‍മാറിയാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും രാജ്യാന്തര മല്‍സരങ്ങള്‍ക്കടക്കം സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തുമെന്നും ഐസിസിയും നിലപാടെടുത്തു.
ഐസിസിക്ക് വഴങ്ങാതിരുന്ന ബംഗ്ലദേശ് ടൂര്‍ണമെന്‍റിന് പുറത്തായതോടെ സ്കോട്ലന്ഡ് ലോകകപ്പ് ടീമുകളില്‍ ഇടംപിടിച്ചു. എന്നാല്‍ പാക്കിസ്ഥാനും കൂടി പുറത്തേക്കാണെങ്കില്‍ പകരം ആരാകുമെന്നതിലാണ് ചര്‍ച്ച ചൂടുപിടിക്കുന്നത്. റാങ്കിങ് പ്രകാരം യുഗാണ്ടയാണ് ടൂര്‍ണമെന്‍റിലെത്താന്‍ യോഗ്യര്‍. ട്വന്‍റി 20 റാങ്കിങില്‍ 21–ാം സ്ഥാനത്താണ് യുഗാണ്ടയുള്ളത്. അങ്ങനെയെങ്കില്‍ യുഗാണ്ടയുടെ രണ്ടാം ട്വന്‍റി 20 ലോകകപ്പാകും ഇത്. ആഫ്രിക്ക റീജിയനല്‍ യോഗ്യത നേടിയതോടെ 2024 ല്‍ യുഗാണ്ട ലോകകപ്പിനെത്തിയിരുന്നു. ഗ്രൂപ്പ് സിയിലാണ് ടീം അന്ന് മല്‍സരിച്ചത്. പാപുവ ന്യൂഗിനിക്കെതിരെ ആദ്യ ജയവും നേടി. പിന്നാലെ വിന്‍ഡീസിനോടും ന്യൂസീലന്‍ഡിനോടും അഫ്ഗാനിസ്ഥാനോടും തോറ്റു. പാക്കിസ്ഥാന് പകരക്കാരായി എത്തിയാല്‍ ഫെബ്രുവരി 15ന് അഹമ്മദാബാദില്‍ ഇന്ത്യയെയാകും യുഗാണ്ടയ്ക്ക് നേരിടേണ്ടി വരിക. ഇക്കുറി നമീബിയയ്ക്കും നെതര്‍ലന്‍ഡ്സിനും യുഎസ്എയ്ക്കും ഒപ്പം ഗ്രൂപ്പ് എയിലാകും യുഗാണ്ടയുടെ സ്ഥാനം.
ഐപിഎലില്‍ മുസ്തഫിസുര്‍ റഹ്മാനെ കളിപ്പിക്കില്ലെന്ന് ഇന്ത്യ തീരുമാനിച്ചതോടെയാണ് സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യയിലേക്ക് ഇല്ലെന്ന് ബിസിബി പ്രഖ്യാപിച്ചത്. ലോകകപ്പ് മുടക്കാനാവില്ലെന്ന് താരങ്ങള്‍ പറഞ്ഞുവെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് ഇല്ലെന്ന് ബംഗ്ലദേശ് കായിക വക്താവ് നിലപാടെടുത്തതോടെ ബിസിബിയും അത് അംഗീകരിച്ചു. ബംഗ്ലദേശിന്‍റെ ലോകകപ്പ് മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബിസിബി ആവശ്യമുയര്‍ത്തിയെങ്കിലും ഐസിസി തള്ളി. ഇതോടെ ലോകകപ്പില്‍ നിന്നും ബംഗ്ലദേശ് പുറത്താകുകയും ചെയ്തു.
പാക്കിസ്ഥാന്‍ മാത്രമാണ് ബിസിബിയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയത്. ഐസിസി അനാവശ്യ പിടിവാശിയാണ് കാണിക്കുന്നതെന്നും ശ്രീലങ്കയിലേക്ക് ബംഗ്ലദേശിന്‍റെ മല്‍സരങ്ങള്‍ മാറ്റണമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു. ബംഗ്ലദേശില്ലെങ്കില്‍ പാക്കിസ്ഥാനും ലോകകപ്പ് ബഹിഷ്കരിക്കുമെന്നും പിസിബി ഭീഷണിയും മുഴക്കി. അതേസമയം, ബംഗ്ലദേശ് സര്‍ക്കാരിന്‍റെ ആവശ്യപ്രകാരമാണ് പാക്കിസ്ഥാന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ–പാക് മല്‍സരങ്ങള്‍ ദുബായില്‍ വച്ചാണ് നടത്തിയത്. സമാന രീതിയില്‍ ബംഗ്ലദേശിനെയും പരിഗണിക്കണമെന്നാണ് ഇരു ബോര്‍ഡുകളും ആവശ്യം ഉയര്‍ത്തിയത്. ബംഗ്ലദേശിനെ പിന്തുണയ്ക്കണമെന്ന് മുഹ്സിന്‍ നഖ്വി മറ്റ് ബോര്‍ഡുകളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്.