Image credit: X/TanujSingh
ബംഗ്ലദേശ് വിവാദത്തെ ചൊല്ലി ലോകകപ്പ് ബഹിഷ്കരണ ഭീഷണി മുഴക്കിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഐസിസി. ബംഗ്ലദേശിന് പിന്തുണ പ്രഖ്യാപിച്ച് ലോകകപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ആലോചിക്കുകയാണെന്നും ഉടന്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നുമായിരുന്നു പിസിബി ചെയര്‍മാന്‍ മുഹ്സിന്‍ നഖ്വി ഇന്നലെ പ്രതികരിച്ചത്. ഐസിസിക്ക് ഇരട്ടത്താപ്പാണെന്നും നഖ്വി കുറ്റപ്പെടുത്തിയിരുന്നു. ബംഗ്ലദേശിന്‍റെ മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റാതിരുന്നതും തുടര്‍ന്ന് ലോകകപ്പില്‍ നിന്ന് ബംഗ്ലദേശിനെ പുറത്താക്കിയതുമാണ് പിസിബിയെ ചൊടിപ്പിച്ചത്.
പിസിബിയുടെ നിലപാടില്‍ ഐസിസിക്ക് കടുത്ത അതൃപ്തിയുണ്ടെന്നും ഐസിസിയെ പരസ്യമായി ചോദ്യം ചെയ്ത നിലപാട് അംഗീകരിക്കാനാവില്ലെന്നുമാണ് കൗണ്‍സിലിന്‍റെ വിലയിരുത്തല്‍. ലോകകപ്പ് ബഹിഷ്കരിക്കാനുള്ള നീക്കവുമായി പാക്കിസ്ഥാന്‍ മുന്നോട്ടുപോയാല്‍ ആഗോള ക്രിക്കറ്റില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയെന്ന കടുത്ത നടപടിക്ക് ഐസിസി മുതിര്‍ന്നേക്കും. അങ്ങനെയെങ്കില്‍ ദ്വിരാഷ്ട്ര പരമ്പരകള്‍ക്ക് അനുമതി നല്‍കില്ല. മാത്രവുമല്ല, ഏഷ്യ കപ്പില്‍ നിന്ന് പുറത്തുകയും ചെയ്യും. വിദേശതാരങ്ങള്‍ പിസിഎലില്‍ കളിക്കാനെത്തുന്നതിനും വിലക്ക് വരും. ഇത്തരം വിലക്കുകള്‍ നിലവില്‍ വന്നാല്‍ അത് പിസിബിക്ക് പുറമെ പാക് സമ്പദ് വ്യവസ്ഥയെയും ദോഷകരമായി ബാധിക്കും. പാക് ആഭ്യന്തര ക്രിക്കറ്റിന്‍റെ നിലനില്‍പ്പും അപകടത്തിലാകും. ഐസിസി ടൂര്‍ണമെന്‍റുകളും രാജ്യാന്തര മല്‍സരങ്ങളും ഇല്ലാതെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മാത്രമായി പാക്കിസ്ഥാന്‍ ചുരുങ്ങുമെന്ന് സാരം.
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി ചേര്‍ന്നാകും ലോകകപ്പ് വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നായിരുന്നു നഖ്വിയുടെ ഇന്നലത്തെപ്രസ്താവന. ബംഗ്ലദേശിന് പിന്തുണ പ്രഖ്യാപിക്കാന്‍ മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളോടും നഖ്വി ആഹ്വാനം ചെയ്തു. 'അനീതിയാണ് ബംഗ്ലദേശിനോട് കാണിച്ചത്. വിയോജിപ്പുള്ള രാജ്യത്തിന്‍റെ കാര്യത്തില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ രാജ്യത്തിനുമുണ്ട്. ട്വന്‍റി 20യിലെ പ്രധാന ടീമുകളിലൊന്നാണ് ബംഗ്ലദേശ്. അവരെയാണ് പുറത്താക്കിയിരിക്കുന്നത്. ഈ അനീതി അനുവദിക്കാന്‍ പാടില്ല. പാക്കിസ്ഥാനെ പോലെ തന്നെയുള്ള ഐസിസി അംഗമാണ് ബംഗ്ലദേശും. പാക്കിസ്ഥാനും ഇന്ത്യയ്ക്കും നല്‍കുന്ന ആനുകൂല്യം ബംഗ്ലദേശിന് മാത്രമായി നിഷേധിക്കുന്നത് ശരിയല്ലെന്നും' നഖ്വി അഭിപ്രായപ്പെട്ടിരുന്നു. 'പിസിബിയുടെ നയവും നിലപാടും വ്യക്തമാണ്. സമയമാകുമ്പോള്‍ സര്‍ക്കാര്‍ തീരുമാനം എടുക്കും. എല്ലാവര്‍ക്കും അതറിയാം. ഞങ്ങള്‍ ഐസിസിക്ക് കീഴില്‍ അല്ല. സ്വന്തം രാജ്യത്തിന്റെ സര്‍ക്കാരിനോടാണ് പിസിബിക്ക് പ്രതിപത്തി. പ്രധാനമന്ത്രി തിരിച്ചെത്തിയാല്‍ അദ്ദേഹം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സര്‍ക്കാര്‍ നിലപാടിനൊപ്പം നില്‍ക്കുമെന്നും നഖ്വി കൂട്ടിച്ചേര്‍ത്തു.