Asian Cricket Council (ACC) and Pakistan Cricket Board (PCB) chairman Mohsin Naqvi waits at the field at the end of the Asia Cup 2025 Twenty20 international cricket final match between India and Pakistan at the Dubai International Stadium in Dubai on September 28, 2025. (Photo by Sajjad HUSSAIN / AFP)

ബംഗ്ലാദേശിന് പിന്നാലെ ട്വന്‍റി 20 ലോകകപ്പില്‍ നിന്നും പിന്മാറാന്‍ പാക്കിസ്ഥാന്‍. ലോകകപ്പ് കളിക്കണമോ വേണ്ടോയെ എന്നതില്‍ സര്‍ക്കാറുമായി സംസാരിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‍വി പറഞ്ഞു. ഇന്ത്യയില്‍ കളിക്കില്ലെന്ന നിര്‍ബന്ധം പിടിച്ച ബംഗ്ലാദേശിനെ ഒഴിവാക്കി സ്കോട്ട്ലാന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി നടപടിക്ക് പിന്നാലെയാണ് നഖ്‍വിയുടെ പ്രതികരണം. 

''ലോകകപ്പില്‍ കളിക്കുക എന്നതില്‍ ‍‍ഞങ്ങളുടെ തീരുമാനം പാക്ക് സര്‍ക്കാറിന്‍റെ നിര്‍ദ്ദേശത്തിന് അനുസരിച്ചിരിക്കും. പാക്ക് പ്രധാനമന്ത്രി നിലവില്‍ രാജ്യത്തില്ല. അദ്ദേഹം തിരിച്ചെത്തുമ്പോള്‍ അന്തിമതീരുമാനം നിങ്ങളെ അറിയിക്കാം.  സര്‍ക്കാര്‍ തീരുമാനമാണിത്. ഞങ്ങള്‍ അവരെയാണ് അനുസരിക്കുന്നത്, ഐസിസിയെ അല്ല'' എന്നായിരുന്നു നഖ്‍വിയുടെ വാക്കുകള്‍. 

ഐസിസിക്ക് ഇന്ത്യയെ അനുകൂലിക്കുന്ന ഇരട്ടത്താപ്പാണെന്നും ബംഗ്ലാദേശിന് സംഭവിച്ചത് അനീതിയാണെന്ന് നഖ്‍വി പറഞ്ഞു. 

ഇന്ത്യയില്‍ നിന്നും ലോകകപ്പ് മത്സരങ്ങള്‍ മാറ്റണമെന്ന ബംഗ്ലാദേശിന്‍റെ നിലപാടിനോട് അനുകൂലമായിരുന്നു പാക്കിസ്ഥാന്‍. കഴിഞ്ഞാഴ്ചയിലെ ഐസിസി യോഗത്തില്‍ ബംഗ്ലാദേശിന്‍റെ നിലപാടിനെ അനുകൂലിച്ചത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മാത്രമായിരുന്നു. ''ബംഗ്ലാദേശ് വളരെ ബുദ്ധിമുട്ടിയാണിത് ചെയ്തതെന്ന് ഞാന്‍ കരുതുന്നു. ഇരട്ടത്താപ്പ് ഉണ്ടാകരുത്. ഇന്ത്യയ്ക്ക് വേണ്ടതെല്ലാം ചെയ്ത ശേഷം മറ്റുള്ളവരോട് നേരെ വിപരീതമായി പെരുമാറരുത്. അതിനാലാണ് ഞങ്ങള്‍ ഈ തീരുമാനം എടുത്തത്. ബംഗ്ലാദേശിനോട് അനീതിയാണ് കാണിച്ചത്. അവര്‍ ലോകകപ്പ് കളിക്കേണ്ടതായിരുന്നു. അവരും ക്രിക്കറ്റിലെ ഒരു പങ്കാളിയാണ്'' എന്നും നഖ്‍വി പറഞ്ഞു. 

പാക്കിസ്ഥാന്‍ സർക്കാർ കളിക്കരുതെന്ന് പറഞ്ഞാൽ സ്കോട്ട്ലൻഡിന് ശേഷം 22-ാമത്തെ ടീമിനെ ഐസിസി കൊണ്ടുവന്നേക്കാം എന്നും നഖ്‍വി പറഞ്ഞു. ലോകകപ്പില്‍ പാക്കിസ്ഥാന്‍റെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് ക്രമീകരിച്ചിട്ടുള്ളത്. നവംബര്‍ ഏഴിന് നെതര്‍ലന്‍ഡ്സിനെതിരെയാണ് ആദ്യ മത്സരം. 

ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡ്

ട്വന്റി 20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന നിലപാടെടുത്ത ബംഗ്ലാദേശിനെ ഐസിസി പുറത്താക്കി. സ്കോട്ട്‌ലൻഡിനെ  പകരക്കാരായി ലോകകപ്പില്‍ ഉള്‍പ്പെടുത്തി. മുസ്താഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന്, സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലദേശ് ഇന്ത്യയിലേക്ക് ലോകകപ്പിനില്ലെന്ന് അറിയിച്ചത്. മല്‍സരവേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയിരുന്നു. ട്വന്റി 20 റാങ്കിങ്ങില്‍ 14ാം സ്ഥാനക്കാരായ സ്കോട്ട്‍ലന്‍ഡ്, യൂറോപ്യന്‍ യോഗ്യതാ ടൂര്‍ണമെന്റില്‍ ഇറ്റലിയോടും ജേഴ്സിയോടും പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പ് മൂന്നില്‍ സ്കോട്‍ലന്‍ഡ് മല്‍സരിക്കും. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍, ഇറ്റലി ടീമുകളും ഇതേഗ്രൂപ്പിലാണ്.

ENGLISH SUMMARY:

Pakistan T20 World Cup withdrawal is under discussion. The Pakistan Cricket Board is awaiting government approval before making a final decision about participating in the tournament.