റായ്പൂര്‍ ട്വന്റി 20യില്‍ ന്യൂസീലന്‍ഡിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 209 റണ്‍സ് വിജയലക്ഷ്യം 15.2 ഓവറില്‍ ഇന്ത്യ മറികടന്നു. 468 ദിവസത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അര്‍ധസെഞ്ചുറി നേടി. ഇഷാന്‍ കിഷന്‍ 76 റണ്‍സെടുത്തു. കുൽദീപ് യാദവ് രണ്ടു വിക്കറ്റ് വീഴ്ത്തി. ഇതോടെ അഞ്ചുമല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2–0ന് മുന്നിലെത്തി.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ന്യൂസീലൻഡിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ കിവീസ് 208 റൺസെടുത്തു. 27 പന്തിൽ 47 റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് കിവീസ് സ്കോർ 200 കടത്തിയത്. രചിൻ രവീന്ദ്ര 26 പന്തിൽ 44 റൺസെടുത്തു.
പ്ലേയിങ് ഇലവനിൽ രണ്ടു മാറ്റവുമായാണ് ഇന്ത്യൻ ഇറങ്ങിയത്. കൈവിരലിനു പരുക്കേറ്റ വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേൽ പുറത്തായപ്പോൾ പേസർ ജസ്പ്രീത് ബുമ്രയ്ക്കു വിശ്രമം അനുവദിച്ചു. ഇവർക്കു പകരം സ്പിന്നർ കുൽദീപ് യാദവും പേസർ ഹർഷിത് റാണയും പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. അതേസമയം ന്യൂസീലൻഡ് ടീമിൽ ടിം റോബിൻസൻ, കീൽ ജാമിസൻ, ക്രിസ്റ്റ്യൻ ക്ലാർക്ക് എന്നിവർ പുറത്തായപ്പോൾ ടിം സീഫെർട്ട്, സക്കറി ഫോൾക്സ്, മാറ്റ് ഹെൻറി എന്നിവർ പ്ലേയിങ് ഇലവനിലെത്തി.