Image Credit: AP (Left), X/sheri (right)
ബഹിഷ്കരണ ഭീഷണികള്‍ക്കൊടുവില്‍ ഐസിസിക്ക് വഴങ്ങി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ട്വന്‍റി 20 ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. സല്‍മാന്‍ അലി ആഗയാണ് ക്യാപ്റ്റന്‍. ബാബര്‍ അസമും ഷഹീന്‍ ഷാ അഫ്രീദിയും ടീമിലേക്ക് മടങ്ങിയെത്തി. ഹാരിസ് റൗഫ് ടീമിന് പുറത്തായി. ടീം ഇങ്ങനെ: സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹ്മദ്, ബാബര്‍ അസം, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഖ്വാജ മുഹമ്മദ് നാഫി, മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, നസീം ഷാ, ഷാഹിബ്സദ ഫര്‍ഹാന്‍ (വിക്കറ്റ് കീപ്പര്‍),സയിം അയൂബ്, ഷഹീന്‍ ഷാ അഫ്രീദി, ഷദബ് ഖാന്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ താരിഖ്. ബാറ്റിങ് നിരയ്ക്ക് ബാബര്‍ മടങ്ങിയെത്തിയതോടെ കരുത്താകും.
ഷഹീനും നസീം ഷായും പേസ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കും. ഫിറ്റ്നസില്ലാത്തതിനെ തുടര്‍ന്നാണ് ഹാരിസ് റൗഫ് ടീമിന് പുറത്തായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്‍റിലെ പാക്കിസ്ഥാന്‍റെ മല്‍സരങ്ങള്‍ ഇങ്ങനെ: ഫെബ്രുവരി 7– പാക്കിസ്ഥാന്‍ vs നെതര്‍ലന്‍ഡ്സ്, ഫെബ്രുവരി 10– പാക്കിസ്ഥാന്‍ vs യുഎസ്എ, ഫെബ്രുവരി 15– പാക്കിസ്ഥാന്‍ vs ഇന്ത്യ, ഫെബ്രുവരി 18– പാക്കിസ്ഥാന്‍ vs നമീബിയ. കൊളംബോയില്‍ വച്ചാകും പാക്കിസ്ഥാന്‍റെ മല്‍സരങ്ങളെല്ലാം നടക്കുക.
ബംഗ്ലദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആലോചിക്കുന്നുവെന്ന് പിസിബി ചെയര്‍മാന്‍ മുഹ്സിന്‍ നഖ്വി പ്രഖ്യാപിച്ചത്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അനുമതി നല്‍കിയാല്‍ ലോകകപ്പ് ബഹിഷ്കരിക്കുമെന്നായിരുന്നു നഖ്വിയുടെ വാക്കുകള്‍. ബഹിഷ്കരിക്കാന്‍ ഒരുങ്ങിയാല്‍ പിസിഎലില്‍ വിദേശ താരങ്ങളെ അനുവദിക്കില്ലെന്നും രാജ്യാന്തര മല്‍സരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും ഏഷ്യാക്കപ്പില്‍ നിന്നും പുറത്താക്കുമെന്നും ഐസിസി മുന്നറിയിപ്പ് നല്‍കി. അത്തരത്തിലൊരു വിലക്ക് വന്നാല്‍ അത് പിസിബിയെ മാത്രമല്ല, പാക് സമ്പദ്ഘടനയെ കൂടി ബാധിക്കുമെന്ന് വന്നതോടെയാണ് പാക്കിസ്ഥാന്‍ ഐസിസിക്ക് വഴങ്ങിയത്.