Raipur: India's Sanju Samson walks off the field after his dismissal during the second T20I cricket match between India and New Zealand, at Shaheed Veer Narayan Singh International Cricket Stadium, in Raipur, Chhattisgarh, Friday, Jan. 23, 2026. (PTI Photo/Karma Bhutia)(PTI01_23_2026_000720B)
ഇന്ത്യ–ന്യൂസീലന്‍ഡ് ട്വന്‍റി20 പരമ്പരയിലെ മൂന്നാം മല്‍സരം ഇന്ന് നടക്കാനിരിക്കെ എല്ലാ കണ്ണുകളും സഞ്ജു സാംസണിലേക്ക്. ഇന്നും ബാറ്റിങില്‍ പാളിയാല്‍ സഞ്ജുവിന്‍റെ ഭാവി തുലാസിലാകുമെന്നാണ് മുന്‍താരങ്ങളുടെ വിലയിരുത്തല്‍. വിക്കറ്റ് കീപ്പറായി ടീമിന്‍റെ പ്രഥമ പരിഗണന സഞ്ജുവിനാണ്. ഇഷാനെ ബാക്കപ്പായുമാണ് ലോകകപ്പിനുള്ള ടീം ബിസിസിഐ പ്രഖ്യാപിച്ചതും. തിലക് വര്‍മയ്ക്ക് പരുക്കേറ്റ് പുറത്തായതോടെ ന്യൂസീലന്‍ഡ് പരമ്പരയില്‍ ഇഷാന്‍ കിഷന് അവസരവും കിട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിലേക്കുള്ള മടങ്ങിവരവ് ഇഷാന്‍ കിഷന്‍ ആഘോഷമാക്കുകയും ചെയ്തു. വണ്‍ ഡൗണ്‍ ആയി ഇറങ്ങിയ താരം 32 പന്തുകളില്‍ നിന്ന് 76 റണ്‍സാണ് അടിച്ചുകൂട്ടിയത്. പക്ഷേ സഞ്ജുവാകട്ടെ തീര്‍ത്തും നിറം മങ്ങുകയും ചെയ്തു. രണ്ട് മല്‍സരങ്ങളില്‍ നിന്നായി 16 റണ്‍സ് മാത്രമാണ് സഞ്ജുവിന്‍റെ സമ്പാദ്യം.
പരുക്ക് ഭേദമായ തിലക് വര്‍മ അവസാനത്തെ രണ്ട് ട്വന്‍റി 20 മല്‍സരങ്ങള്‍ക്കായി ടീമിനൊപ്പം ചേരുമെന്ന് ഏറെക്കുറെ ഉറപ്പിച്ച നിലയിലാണ്. ഇതോടെയാണ് സഞ്ജുവിനെയാണോ അതോ ഇഷാനെയാണോ നിലനിര്‍ത്തേണ്ടതെന്ന തലവേദന മാനേജ്മെന്‍റിന് മുന്നില്‍ ഉടലെടുത്തത്. സഞ്ജു പുറത്തിരിക്കാനാണ് സാധ്യതയെന്നാണ് മുന്‍താരമായ കെ.ശ്രീകാന്ത് വിലയിരുത്തുന്നത്. 'തിലക് തിരിച്ചുവരുമ്പോള്‍ എന്ത് ചെയ്യുമെന്നതാണ് ചോദ്യം. സഞ്ജു പുറത്താകുമോ? സഞ്ജു കടുത്ത സമ്മര്‍ദത്തിലാണ്. നിരാശനാണ്. എന്തിനാണ് എങ്ങനെയാകുന്നത്?' എന്നാണ് ചീക്കി കീഡയോട് ശ്രീകാന്ത് പ്രതികരിച്ചത്.
ന്യൂസീലന്‍ഡിനെതിരായ രണ്ടാം മല്‍സരത്തില്‍ രണ്ടാമത്തെ പന്തില്‍ സഞ്ജു പുറത്താകേണ്ടതായിരുന്നു. ന്യൂസീലന്‍ഡ് നല്‍കിയ ജീവന്‍ പക്ഷേ മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. രണ്ട് പന്തുകള്‍ കൂടി കഴിഞ്ഞതോടെ വിക്കറ്റ് കളഞ്ഞ് താരം മടങ്ങി. 'സ്ട്രൈക്ക് അഭിഷേകിന് നല്‍കാതിരുന്നതില്‍ സഞ്ജുവിന് പിഴച്ചു. സ്ട്രൈക്ക് കൈമാറി താളം വീണ്ടെടുക്കുന്നതിന് പകരം സമ്മര്‍ദത്തിലായി വിക്കറ്റ് തുലച്ചു'– ശ്രീകാന്ത് വിശദീകരിച്ചു.
ഇഷാന്‍ കിഷന്‍റെ പ്രകടനവും സഞ്ജുവിന് മേല്‍ സമ്മര്‍ദമേറ്റുന്നുണ്ടെന്നും ശ്രീകാന്ത് വിലയിരുത്തുന്നു. 'വിക്കറ്റ് കീപ്പറെന്ന നിലയിലും ഇഷാന്‍ മികച്ചപ്രകടനമാണ് പുറത്തെടുക്കുന്നത്. ഇത് സഞ്ജുവിന് പ്രശ്നമാണ്. ഗില്‍ പുറത്തിരിക്കുന്നു, ശ്രേയസ് അയ്യര്‍ പുറത്തിരിക്കുന്നു. ഫോമിലേക്ക് സൂര്യകുമാര്‍ മടങ്ങിയെത്തി. സഞ്ജുവും തിരിച്ചുവരേണ്ടതുണ്ട്'- അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലോകകപ്പ് ടീമിലെ ഒന്നാം വിക്കറ്റ് കീപ്പര്‍, ഓപ്പണിങ് ബാറ്റര്‍ എന്നീ സ്ഥാനങ്ങള്‍ സുരക്ഷിതമാക്കണമെങ്കില്‍ ഫോം വീണ്ടെടുക്കുകയല്ലാതെ സഞ്ജുവിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. ഗുവാഹത്തിയില്‍ വൈകിട്ട് ഏഴിനാണ് മല്‍സരം.