India's Sanju Samson walks off the field after his dismissal during the second T20I cricket match between India and New Zealand, at Shaheed Veer Narayan Singh International Cricket Stadium, in Raipur, Chhattisgarh, Friday, Jan. 23, 2026. (PTI Photo/Karma Bhutia)
ട്വന്‍റി 20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് സഞ്ജു സാസംണ്‍ പരാജയപ്പെടുന്നത്. രണ്ടാം ട്വന്റി 20 യില്‍ പൂജ്യത്തിന് പുറത്താകേണ്ട അവസ്ഥയില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും അവസരം വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താന്‍ സഞ്ജുവിന് സാധിച്ചില്ല. തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് സഞ്ജു പുറത്താക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ 10 റൺസെടുത്ത് പുറത്തായ സഞ്ജു രണ്ടാം മത്സരത്തിൽ നേടിയത് ആറു റൺസ്.
‘സഞ്ജുവിനെ ടീമിലെടുക്കുന്നു, മോശം പ്രകടനം നടത്തുന്നു, പുറത്താകുന്നു. പിആർ ടീമിനെ സജ്ജമാക്കുന്നു, വീണ്ടും ടീമിലെടുക്കുന്നു, ഏറ്റവും ഫ്രോഡായ കളിക്കാരൻ’ എന്നാണ് എക്സില്‍ സഞ്ജുവിനെതിരെയുള്ള ഒരു പോസ്റ്റ്. ''സഞ്ജു സാംസൺ, നിങ്ങളെ പിന്തുണയ്ക്കാനും സംസാരിക്കാനും എന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. പക്ഷേ നിങ്ങൾ പഠിച്ചില്ല, മെച്ചപ്പെട്ടില്ല. ബാക്കി സമയംകൂടി നിങ്ങൾക്കായി പാഴാക്കാൻ എനിക്ക് കഴിയില്ല. ബെഞ്ചിലിരിക്കുക. ഐപിഎൽ കളിച്ചുകൊണ്ടിരിക്കുക. ഈ ഇന്ത്യൻ ജേഴ്‌സി നിങ്ങൾ അർഹിക്കുന്നില്ല'' എന്നാണ് മറ്റൊരു ആരാധകരന്‍റെ പോസ്റ്റ്.
വിജയലക്ഷ്യം പിന്തുടരുന്നതിനിടെ മികച്ച ഓപ്പണിങ് നല്‍കേണ്ട ഘട്ടത്തില്‍ അനാവശ്യഷോട്ട് കളിച്ച് പുറത്തായതാണ് ആരാധകരടെ ചൊടിപ്പിച്ചത്. അതേസമയം, സഞ്ജുവിന്റെ ബാക്ക്അപ്പായി ടീമിലെടുത്ത ഇഷാന്‍ കിഷന്‍ രണ്ടാം ഏകദിനത്തില്‍ അവസരം മുതലാക്കി. തിലക് വര്‍മയ്ക്ക് പരുക്കേറ്റതോടെയാണ് ഇഷാന് ഇലവനില്‍ സ്ഥാനം ലഭിച്ചത്. 32 പന്തില്‍ 76 റണ്‍സാണ് ഇഷാന്‍ കിഷന്‍ അടിച്ചെടുത്തത്. നാലു സിക്സറും 11 ഫോറും അടങ്ങുന്നതാണ് ഇന്നിങ്സ്. ഇഷാന്‍ കിഷന്‍ മിന്നിച്ചതോടെ സഞ്ജുവിന്‍റെ സാധ്യത മങ്ങിയെന്നാണ് വിലയിരുത്തല്‍.
മൂന്നാം ട്വന്‍റി 20യിലും സഞ്ജുവിന്‍റെ പ്രകടനം മോശമായാല്‍ ടോപ്പ്ഓര്‍ഡറില്‍ ഇഷാന്‍ കിഷന്‍ സഞ്ജുവിന് പകരക്കാരനാകും. തിലക് വര്‍മ നാലാം ട്വന്‍റി 20യില്‍ മൂന്നാം സ്ഥാനത്ത് കളിക്കുമെന്നുമാണ് ഒരു വിലയിരുത്തല്‍. ഇതേ വിലയിരുത്തലാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയുടെതും. നിലവില്‍ സഞ്ജു സമ്മര്‍ദ്ദത്തിലാണ്. അടുത്ത മത്സരങ്ങളിലും സഞ്ജു പരാജയപ്പെടുകയാണെങ്കില്‍ കിഷൻ പകരക്കാരനാകുമെന്നും ആകാശ് ചോപ്ര പറയുന്നു.