ഇന്ത്യ–ന്യൂസീലന്‍ഡ് രണ്ടാം ട്വന്‍റി 20 മല്‍സരം ഇന്ന് റായ്പൂരില്‍. ആദ്യമല്‍സരത്തില്‍ പത്തുറണ്‍സിന് പുറത്തായ സഞ്ജുവിന്, ടോപ് ഓർഡറിൽ ലഭിച്ച സ്ഥിരം സ്ഥാനം മുതലാക്കി, ഫോമിലേക്കുയരേണ്ടത് അനിവാര്യമാണ്. രാത്രി ഏഴുമണിക്കാണ് മല്‍സരം.
ആദ്യ മത്സരത്തിൽ നിസ്സാരമായി പുറത്തായതിന്‍റെ ക്ഷീണം തീര്‍ക്കാനാകും സഞ്ജു സാംസൺ ശ്രമിക്കുക. ടീം മാനേജ്മെന്‍റിന്‍റെ വിശ്വാസം കാക്കേണ്ട മറ്റൊരു താരം ഇഷാൻ കിഷനാണ്. ലോകകപ്പ് ടീമിലെ അപ്രതീക്ഷിത അംഗമായ കിഷൻ, കഴിഞ്ഞ മത്സരത്തിൽ ശ്രേയസ് അയ്യരെ മറികടന്നാണ് ആദ്യ ഇലവനിൽ ഇടംപിടിച്ചത്. ലഭിക്കുന്ന ചുരുങ്ങിയ അവസരങ്ങൾ മുതലാക്കേണ്ടത് ഇഷാൻ കിഷനും അത്യാവശ്യമാണ്.
കുൽദീപ് യാദവിന്‍റെ അഭാവത്തിലും ബോളിങ് വിഭാഗം സന്തുലിതമാണ്. പവർപ്ലേയിൽ അർഷ്ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയും വിക്കറ്റുകൾ വീഴ്ത്തുന്നതിൽ സ്ഥിരത പുലർത്തിയാൽ, ജസ്പ്രീത് ബുമ്രയെ മധ്യ ഓവറുകളില്‍ ഇന്ത്യ ഉപയോഗപ്പെടുത്തും. കൂറ്റൻ സ്കോർ നേടിയതു കൊണ്ടുതന്നെ, നാഗ്പുരിലെ മഞ്ഞുവീഴ്ച ഇന്ത്യന്‍ ബോളിങ്ങിനെ ബാധിച്ചിരുന്നില്ല. മഞ്ഞിന്‍റെ സാന്നിധ്യം പ്രതീക്ഷിക്കുന്നതിനാൽ റായ്പൂരിലും ഒരു സ്കോറും സുരക്ഷിതമാകില്ല.