ഓട്ടോ ചേട്ടൻമാർ പറഞ്ഞിരുന്നു ഒരുനാൾ നിന്നെ ഇന്ത്യൻ കുപ്പായത്തിൽ കാണാനാവുമെന്ന്. അത് യാഥാർഥ്യമായെന്ന് മാത്രമല്ല രാജ്യത്തിന്റെ അഭിമാനമായി അവൻ മാറുകയും ചെയ്തു. ട്വന്റി–20 ലോകകപ്പ് ഫൈനലിൽ ന്യൂസീലാൻഡിനെതിരെ ഇന്ത്യ കലാശപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ ഓപ്പണർ സഞ്ജു സാംസന്റെ ജന്മനാടായ വിഴിഞ്ഞത്ത് ആവേശത്തിരയിളക്കമാണ്.  

കടലിരമ്പം കരുത്ത് നൽകിയ കാലം. തിരയോട് കലഹിക്കാതെ സഹനമറിയുന്ന തീരത്തിന്റെ ശാന്തത പോലെ. കളിയിലെ വേലിയേറ്റവും വേലിയിറക്കവുമെല്ലാം ശീലമാക്കിയത് ആഴക്കടലിൽ ആടിയുലയാതെ കപ്പലുകൾ നങ്കൂരമിടുന്ന തീരമായ വിഴിഞ്ഞത്തിന്റെ കാറ്റേറ്റ് കൊണ്ട്. അതെ. ഗ്യാലറികൾ ആർത്തുവിളിക്കും മുൻപ് സഞ്ജു കമോൺട്രാ എന്ന് വിളിച്ചിരുന്ന ഓട്ടോ ചേട്ടൻമാരുള്ള നാട്. അഭിമാനം വാനോളമുയർത്തി സഞ്ജുവിൻ്റെ ഫ്ളക്സ് പ്രത്യക്ഷപ്പെട്ട് തുടങ്ങിയ നാട്ടിൽ. 

ക്വാർട്ടറും, സെമിയുമെന്ന അലകടൽ കടന്ന് ഫൈനൽ എന്ന തീരത്തേക്ക് ഇന്ത്യയെ നങ്കൂരമിടാൻ കരുത്ത് നൽകിയ സഞ്ജു കലാശപ്പോരാട്ടത്തിലും കരുത്ത് കാട്ടുമെന്ന്.  വിഴിഞ്ഞത്ത് നിന്നും രണ്ട് ബസുകൾ മാറിക്കയറി മൈതാനത്ത് എത്തി പരിശീലനം. പൈപ്പ് വെള്ളം എനർജി ഡ്രിങ്കാങ്കി. വിയർത്തൊട്ടിയ ജഴ്സി മരത്തിൻ്റെ മറതീർത്ത ഡ്രസിങ് റൂമിൻ്റെ പിന്നിൽ നിന്ന് മാറ്റി കോളജിൽ പോയിരുന്ന സഞ്ജുവിൻ്റെ കൗമാരം. അനുഭവങ്ങളേറെയുള്ള സഞ്ജു  കടലോളം പ്രതീക്ഷയുമായി. കോടിക്കണക്കിന് ആരാധകരുടെ ഉള്ളിൽ കാറ്റും കോളും നിറയാൻ ഇടവരുത്താതെ കപ്പുയർത്തി അനന്തപുരിയിലേക്ക് പറന്നിറങ്ങുമെന്ന് ആരാധകർ.

ENGLISH SUMMARY:

Sanju Samson's hometown of Vizhinjam is buzzing with excitement as the opening batsman prepares to play in the T20 World Cup final. His journey from humble beginnings to representing India is a source of immense pride for his community.