സുരക്ഷാ ആശങ്കകളെ രാജ്യത്തിന്‍റെ അഭിമാനവുമായി കൂട്ടിക്കെട്ടിയതാണ് ട്വന്റി 20 ലോകകപ്പില്‍ നിന്നുള്ള ബംഗ്ലദേശിന്റെ പിന്‍മാറ്റത്തിന് വഴിയൊരുക്കിയത്. ലോകകപ്പ് ബഹിഷ്ക്കരിക്കുന്നതോടെ ഏകദേശം 2.7 കോടി യുഎസ് ഡോളർ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന് നഷ്ടമാകും. എന്നാല്‍ താരങ്ങള്‍ക്ക് ലോകകപ്പ് മത്സരഫീസ് നഷ്ടമാകില്ലെന്ന് ക്രിക്കറ്റ് ബോര്‍ഡ് ഉറപ്പുനല്‍കി.
സർക്കാരിന്റെ കായിക ഉപദേഷ്ടാവും നിയമോപദേഷ്ടാവുമായ ആസിഫ് നസ്റുൾ കർശന നിലപാടെടുത്തതോടെയാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന് ഇന്ത്യയിലേക്കില്ലെന്ന് പറയേണ്ടി വന്നത്. ബംഗ്ലദേശിലെ പ്രക്ഷോഭങ്ങളിലെ പ്രധാന മുഖവും ജമാഅത്ത് പ്രവർത്തകനുമാണ് നസ്റുള്‍. നസ്റുളുമായുള്ള ചര്‍ച്ചയില്‍ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളും താരങ്ങളും നിശ്ബ്ദരായിരുന്നു. അഭിപ്രായം തുറന്നുപറയാന്‍ അധികമാരും ധൈര്യപ്പെട്ടില്ല.
ലോകകപ്പില്‍ നിന്ന് പിന്‍മാറുന്നതോടെ ഐസിസിയുടെ വാർഷിക വരുമാന വിഹിതത്തിൽനിന്നുള്ള 325 കോടി ബംഗ്ലദേശ് ടാക്ക നഷ്ടമാകും. ഇതിനുപുറമെ, സംപ്രേഷണ, സ്പോൺസർഷിപ്പ് വരുമാനത്തിലും കനത്ത നഷ്ടമുണ്ടാകും. സാമ്പത്തിക വർഷത്തെ ആകെ വരുമാനത്തിൽ 60 ശതമാനമോ അതിലധികമോ ഇടിവുണ്ടായേക്കാം. പ്രത്യാഘാതങ്ങൾ അവിടെയും തീരില്ല. ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ നടക്കേണ്ട ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനവും റദ്ദാക്കപ്പെട്ടേക്കാം. മറ്റ് രാജ്യങ്ങളുമായുള്ള 10 പരമ്പരകള്‍ക്ക് തുല്യമാണ് ഈ ഒരൊറ്റ പരമ്പരയുടെ സംപ്രേഷണാവകാശ വരുമാനം.