ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങാതെപോയ രണ്ട് താരങ്ങളാണ് രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും. ഒരുകാലത്ത് ടീമിനെ ഒറ്റയ്ക്ക് നയിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന താരങ്ങള്‍ നിറം മങ്ങിയതില്‍ ആരാധകരും നിരാശയിലാണ്.
വിരമിക്കല്‍ ആവശ്യങ്ങളെയും വിമര്‍ശനങ്ങളെയും ബൗണ്ടറി കടത്തിയ പ്രകടനമായിരുന്നു ഓസ്ട്രേലിയയ്ക്കെതിരായ പരമ്പയില്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയും മിന്നും പ്രകടനം. പക്ഷേ ഹോം ആനൂകൂല്യം ഉണ്ടായിരുന്നിട്ടും, പുതുമുഖങ്ങള്‍ നിറഞ്ഞ ന്യൂസീലന്‍ഡ് ടീമിനെതിരെ ഇതേ പ്രകടനം പുറത്തെടുക്കാന്‍ രോഹിത്തിനായില്ല. 26, 24, 11 എന്നിങ്ങനെയായിരുന്നു ന്യൂസീലന്‍ഡിനെതിരായ ഹിറ്റ്മാന്റെ സ്കോര്‍ഷീറ്റ്.
യുവതാരങ്ങള്‍ അവസരംകാത്ത് നില്‍ക്കുമ്പോള്‍ കഴിഞ്ഞ പരമ്പരയിലെ പ്രോഗ്രസ് കാര്‍ഡ് രോഹിത്തിന് ക്ഷീണമാകും. 2027ലെ ഏകദിന ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ അനുഭവസമ്പത്തിനപ്പുറം ആ പഴയ ഹിറ്റ്മാന്‍ പര്‍ഫോമന്‍സും രോഹിത് പുറത്തെടുക്കേണ്ടിവരും. ബോള്‍ ചുഴുറ്റിയെറിഞ്ഞ്, ബാറ്റ്സ്മാനെ അമ്പരിപ്പിച്ച്, കുറ്റിതെറിപ്പിക്കുന്ന ജഡേജ മാജിക്ക്, പക്ഷേ ന്യൂസീലന്‍ഡിനെതിരെ ഫലിച്ചില്ല. മൂന്ന് മല്‍സരങ്ങളുടെ പരമ്പയില്‍ ഒറ്റ വിക്കറ്റ്പോലും നേടാന്‍ ഇടംകയ്യന്‍ ഓള്‍റൗണ്ടറിനായില്ല. മൂന്നാം ഏകദിനത്തിന്റെ മധ്യ ഓവറുകളില്‍ ജഡേജയും കുല്‍ദീപും വിക്കറ്റ് നേടാതിരുന്നതും പരമ്പര കൈവിടാന്‍ കാരണമായി.
സമീപകാല പ്രകടനങ്ങളും ജഡേജയെ തുണയ്ക്കുന്നതല്ല. പരീക്ഷണങ്ങള്‍ക്ക് മുതിരാതെ കഴിവുള്ള യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസനം നല്‍കണമെന്ന ആവശ്യം ഉയരുമ്പോഴും പരിചയസമ്പത്തുള്ള മുതിര്‍ന്ന താരങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാക്കില്ലെന്നും ഒരുവിഭാഗം വാദിക്കുന്നു. അവസരങ്ങളോട് നീതിപുലര്‍ത്തേണ്ട ഉത്തരവാദിത്വം താരങ്ങള്‍ക്കുമുണ്ട്.