ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽനിന്ന് ബംഗ്ലദേശ് പുറത്ത്. ഫെബ്രുവരി 7 ന് ആരംഭിക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിൽ നിന്ന് ടി20 ലോകകപ്പ് മത്സരങ്ങൾ മാറ്റണമെന്ന് നേരത്തെ ബംഗ്ലദേശ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനോട് (ഐസിസി) അറിയിച്ചിരുന്നു. എന്നാല്‍ ബംഗ്ലദേശിന്റെ ആവശ്യം ഇന്നലെ ഐസിസി വോട്ടിനിട്ട് തള്ളി. ഇന്ത്യയിൽ മത്സരങ്ങൾ കളിക്കാൻ തയാറല്ലെങ്കിൽ ബംഗ്ലദേശ് ലോകകപ്പിൽനിന്ന് പുറത്താകുമെന്നാണ് ഐസിസിയുടെ നിലപാട്.

ബംഗ്ലദേശ് ടീമുമായുള്ള കായിക ഉപദേഷ്ടാവ് ആസിഫ് നസ്‍റുലിന്‍റെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) അന്തിമ തീരുമാനമെടുത്തത്. മത്സരത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ബിസിബിക്ക് 24 മണിക്കൂർ സമയപരിധി ഐസിസി നല്‍കിയിരുന്നു. ടൂർണമെന്റില്‍ കളിക്കാൻ താൽപ്പര്യമുണ്ടെന്നും എന്നാൽ ഇന്ത്യയിൽ കളിക്കാനില്ലെന്നുമാണ് ബിസിബി തറപ്പിച്ചു പറഞ്ഞത്. ബംഗ്ലദേശ് ലോകകപ്പിനിറങ്ങാത്ത സാഹചര്യത്തില്‍ ബംഗ്ലദേശിന് പകരം സ്കോട്ട്ലൻഡ് കളിക്കാനാണ് സാധ്യത. ബംഗ്ലാദേശിന് പകരം ഗ്രൂപ്പ് സീയിലായിരിക്കും സ്കോട്ട്ലാന്‍ഡ് കളിക്കുക.

ലോകകപ്പ് വേദി മാറ്റത്തിനായുള്ള ബംഗ്ലാദേശിന്‍റെ ആവശ്യം ഇന്നലെയാണ് ഐസിസി വോട്ടിനിട്ട് തള്ളിയത്. വെർച്വലായി നടത്തിയ ഐസിസി ബോർഡ് മീറ്റിങ്ങിൽ 14 അംഗ രാജ്യങ്ങൾ വേദി മാറ്റണം എന്ന ബംഗ്ലദേശിന്‍റെ ആവശ്യത്തെ എതിർത്തു. അതേസമയം പാക്കിസ്ഥാൻ മാത്രമായിരുന്നു ബംഗ്ലദേശിനൊപ്പം നിന്നത്. ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അറിയിച്ച ഐസിസി, ഇന്ത്യയിൽ മത്സരങ്ങൾ കളിക്കാൻ തയാറല്ലെങ്കിൽ ബംഗ്ലദേശ് ലോകകപ്പിൽനിന്ന് പുറത്താകുമെന്നും നിലപാടെടുത്തിരുന്നു. പകരം മറ്റൊരു ടീമിനെ ഉൾപ്പെടുത്തുമെന്നും ഐസിസി വ്യക്തമാക്കിയിരുന്നു. 

ENGLISH SUMMARY:

In a historic first, Bangladesh has officially withdrawn from the 2026 ICC T20 World Cup after refusing to travel to India for the tournament. The Bangladesh Cricket Board (BCB) confirmed its final decision following a high-level meeting with sports advisor Asif Nazrul, citing unresolved diplomatic tensions and security concerns. Although the BCB requested a venue change to a neutral country like Sri Lanka, the ICC Board rejected the proposal after a virtual vote where 14 out of 16 members voted against Bangladesh's plea. Only Pakistan supported Bangladesh in the meeting, while the ICC maintained that the schedule and venues in India were non-negotiable.