ന്യൂസീലൻഡിനെതിരായ നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു തോല്‍വിയും പരമ്പര നഷ്ടവും. 41 റണ്‍സിനാണ് തോല്‍വി. ജയിക്കാന്‍ 338 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 46 ഓവറില്‍ 296 റണ്‍സിനു എല്ലാവരും പുറത്തായി. സെഞ്ചറിയുമായി മത്സരത്തിന്റെ അവസാനം വരെ പിടിച്ചു നിന്ന വിരാട് കോലിയിലായിരുന്നു ഇന്ത്യന്‍ പ്രതീക്ഷ മുഴുവനും. എന്നാല്‍ 46ാം ഓവറില്‍ കോലിയുടെ ഷോട്ട് മിച്ചലിന്റെ കൈകളില്‍ ഒതുങ്ങിയപ്പോള്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായി. 108 പന്തുകളില്‍ നിന്നും 124 റണ്‍സാണ് താരം നേടിയത്. 91 പന്തുകളിലാണ് കോലി 100 പിന്നിട്ടത്. രണ്ടു സിക്സുകളും എട്ട് ഫോറുകളുമടങ്ങുന്നതാണ് സെഞ്ചറി. രാജ്യാന്തര ക്രിക്കറ്റിൽ കോലിയുടെ 85–ാം സെഞ്ചറിയാണ് ഇൻഡോറിൽ നേടിയത്. ഏകദിന ഫോർമാറ്റിൽ താരത്തിന്റെ 54–ാം സെഞ്ചറി കൂടിയാണിത്.
Also Read: ഇന്ത്യയിലേക്കില്ല; നിലവിലെ ഗ്രൂപ്പില്‍ കളിക്കില്ല; ഐസിസിക്ക് മുന്നില്‍ കളിയറിക്കി ബംഗ്ലാദേശ്
അര്‍ധസെഞ്ചറികള്‍ നേടിയ നിതീഷ് കുമാർ റെഡ്ഡിയും (57 പന്തിൽ 53), 52 റണ്‍സെടുത്ത ഹര്‍ഷിത് റാണയും മാത്രമാണ് കോലിക്ക് പിന്തുണ നല്‍കിയത്. രോഹിത് ശർമ (11), ശുഭ്മൻ ഗിൽ (23), ശ്രേയസ് അയ്യർ (മൂന്ന്), കെ.എൽ. രാഹുൽ (ഒന്ന്), രവീന്ദ്ര ജഡേജ (12) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ.
37 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ ന്യൂസിലന്‍ഡ് പരമ്പര ജയം നേടുന്നത്. ആദ്യ മല്‍സരം തോറ്റശേഷമായിരുന്നു കിവീസിന്റെ പരമ്പര നേട്ടം . ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. 13 ഓവറില്‍ കിവീസ് മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെന്ന നിലയിലായിരുന്നു. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗ്ലെന്‍ ഫിലിപ്സും ഡാരില്‍ മിച്ചലുമാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. മിച്ചല്‍ 137 റണ്‍സും ഫിലിപ്സ് 106 റണ്‍സും നേടി. 131 പന്തുകൾ നേരിട്ട ഡാരിൽ മിച്ചൽ മൂന്നു സിക്സുകളും 15 ഫോറുകളും സഹിതം 137 റൺസെടുത്തു. 88 പന്തുകളില്‍ 106 റൺസാണ് ഗ്ലെൻ ഫിലിപ്സ് അടിച്ചെടുത്തത്. 219 റണ്‍സ് കൂട്ടുകെട്ട് പൊളിച്ച് ഫിലിപ്സിനെ അര്‍ഷ്ദീപ് സിങ്ങ് പുറത്താക്കി. ഓപ്പണര്‍മാരായ ഡിവന്‍ കോണ്‍വെയും ഹെന്‍റി നിക്കോള്‍സും രണ്ടക്കം കടക്കാതെ പുറത്തായി. ഇന്നുജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം
58 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായ കിവീസിനെ സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചത് ഡാരിൽ മിച്ചൽ– ഫിലിപ്സ് സഖ്യമാണ്. ഇരുവരും ചേർന്ന് 219 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. സ്കോർ അഞ്ചിൽ നിൽക്കെ ഹെൻറി നിക്കോൾസിനെ അർഷ്ദീപ് സിങ്ങും തൊട്ടുപിന്നാലെ ഡെവോൺ കോൺവെയെ ഹർഷിത് റാണയും പുറത്താക്കിയത് ഇന്ത്യയ്ക്കു പ്രതീക്ഷയായിരുന്നു. പിന്നീടായിരുന്നു കിവീസ് ബാറ്റര്‍മാരുടെ രക്ഷാപ്രവർത്തനം.
സ്കോർ 277 ൽ എത്തിയപ്പോൾ, ഗ്ലെൻ ഫിലിപ്സിനെ പുറത്താക്കി അർഷ്ദീപ് സിങ്ങാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വിൽ യങ് (41 പന്തിൽ 30), മിച്ചൽ ബ്രേസ്‍വെൽ (18 പന്തിൽ 28) എന്നിവരാണ് ന്യൂസീലൻഡിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. മുഹമ്മദ് സിറാജിനും കുൽദീപ് യാദവിനും ഓരോ വിക്കറ്റുണ്ട്.