അഭിഗ്യാന്‍ കുണ്ഡു, വൈഭവ് സൂര്യവംശി (ഫയല്‍ ചിത്രം)

അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ബംഗ്ലദേശിനെതിരെ 239 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. 48.4 ഓവറില്‍ 238 റണ്‍സിന് ഇന്ത്യ പുറത്തായി. മുന്‍നിര തകര്‍ന്ന ഇന്ത്യയെ 72 റണ്‍സെടുത്ത വൈഭവ് സൂര്യവംശിയാണ് കരകയറ്റിയത്. ക്യാപ്റ്റന്‍ ആയുഷ് മാത്രേ, വിഹാന്‍ മല്‍ഹോത്ര, വേദാന്ത് ത്രിവേദി, ഹര്‍വന്‍ഷ് പന്‍ഗാലിയ എന്നിവര്‍ രണ്ടക്കം കടക്കാതെ പുറത്തായി. മധ്യനിരയില്‍ അഭിഗ്യാന്‍ കുണ്ഡുവിന്റെ പ്രകടനമാണ് സ്കോര്‍ 200 കടത്തിയത്. 80 റണ്‍സെടുത്താണ് അഭിഗ്യാന്‍ പുറത്തായത്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച രീതിയില്‍ സ്കോര്‍ബോര്‍ഡ് ചലിപ്പിക്കാനായില്ല. മഴയെ തുടർന്നു മത്സരം 49 ഓവറാക്കി ചുരുക്കിയിരുന്നു. ഓപ്പണർ വൈഭവ് സൂര്യവംശി (67 പന്തിൽ 72), വിക്കറ്റ് കീപ്പർ ബാറ്റർ അഭിഗ്യാൻ കുണ്ഡു (112 പന്തിൽ 80) എന്നിവരുടെ അർധസെഞ്ചറിയുടെ കരുത്തിലാണ് ഇന്ത്യൻ സ്കോർ 200 കടന്നത്. ഇവരെ കൂടാതെ കനിഷ്ക് ചൗഹാൻ (26 പന്തിൽ 28), പതിനൊന്നാമനായി ഇറങ്ങിയ ദീപേഷ് ദേവേന്ദ്രൻ (6 പന്തിൽ 11) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അൽ ഫഹദാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്.

ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ ആയുഷ് മാത്രെ (12 പന്തിൽ6), വേദാന്ത് ത്രിവേദി (0), വിഹാൻ മൽഹോത്ര (24 പന്തിൽ 7) എന്നിവർ പെട്ടെന്നു മടങ്ങിയതോടെ 9.5 ഓവറിൽ 3ന് 53 എന്ന നിലയിലായിരുന്നു ഇന്ത്യ. നാലാം വിക്കറ്റിൽ‌ ഒന്നിച്ച വൈഭവ് സൂര്യവംശി– അഭിഗ്യാൻ കുണ്ഡു സഖ്യമാണ് ഇന്ത്യയെ വലിയ തകർച്ചയിൽ‌നിന്നു രക്ഷിച്ചത്

ഒരുവശത്ത് വൈഭവ് റൺറേറ്റ് താഴാതെ കാത്തപ്പോൾ‌ മറുവശത്ത് അഭിഗ്യാൻ, ക്ഷമയോടെ ബാറ്റുവീശി ക്രീസിൽ ഉറച്ചു നിന്നു. ലോകകപ്പിൽ അർധസെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് നേടിയ 14 വയസ്സുകാരനായ വൈഭവ്, യൂത്ത് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന വിരാട് കോലിയുടെ റെക്കോർഡും തകർത്തു. 67 പന്തിൽ നിന്ന് 72 റൺസ് നേടിയ വൈഭവ്, 27 ഓവറിൽ പുറത്തായതോടെയാണ് കൂട്ടകെട്ട് തകർന്നത്. നാലാം വിക്കറ്റിൽ വൈഭവ്–അഭിഗ്യാൻ സഖ്യം 62 റൺസാണ് കൂട്ടിച്ചേർത്തത്.

ENGLISH SUMMARY:

Vaibhav Suryavanshi and Abhigyan Kundu were instrumental in India's Under 19 World Cup innings against Bangladesh. India set a target of 239 runs, with Vaibhav scoring 72 and Abhigyan contributing 80 after an early collapse.