അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ തോറ്റുകൊണ്ടാണ് പാക്കിസ്ഥാന്‍ തുടങ്ങിയത്. 210 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം 47-ാം ഓവറില്‍ ഓള്‍ഔട്ടായി. അവസാന വിക്കറ്റ് കയ്യിലിരിക്കെ 21 പന്തില്‍ 37 റണ്‍സായിരുന്നു പാക്ക് ടീമിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്നാം പന്തില്‍ അവസാന ബാറ്റ്സ്മാന്‍ അലി റാസ കാണിച്ച അബദ്ധം പാക്കിസ്ഥാനെ തോല്‍വിയിലേക്ക് എത്തിച്ചു.
ഈ സമയം 21 പന്തില്‍ 37 റണ്‍സായിരുന്നു പാക്കിസ്ഥാന് ജയിക്കാന്‍ ആവശ്യം. ഒരു റണ്‍സുമായി അലി റാസയും 18 റണ്‍സെടുത്തു മോമിങ് ഖമറുവും ക്രീസില്‍. മാന്നി ലംസ്ഡെന്റെ പന്തില്‍ മോമിങ് ഖമര്‍ സിംഗിളെടുത്തു. അലി റാസ സ്ട്രൈക്കര്‍ എന്‍ഡില്‍ ഓടിയെത്തിയെങ്കിലും ക്രീസിനുള്ളിലേക്ക് കയറിയില്ല. ഇംഗ്ലീഷ് താരം എറിഞ്ഞ പന്ത് ദേഹത്ത് കൊള്ളാതിരിക്കാന്‍ ക്രീസില്‍ നിന്നും അകലെ മാറി നില്‍ക്കുകയായിരുന്നു അലി റാസ.
ഈ സമയം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ തോമസ് റോ പന്ത് പിടിച്ചെടുക്കുകയും അലി റാസയെ സ്റ്റംബ് ചെയ്ത് പുറത്താക്കുകയുമായിരുന്നു. തെറ്റ് ശ്രദ്ധയില്‍പ്പെട്ട പാക്ക് താരം ക്രീസിലേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. അവസാന വിക്കറ്റ് അബദ്ധത്തില്‍ വീണതോടെ പാക്കിസ്ഥാന്‍ 37 റണ്‍സിന് മത്സരം തോറ്റു,
85 ന് ആറെന്ന നിലയില്‍ വീണ പാക്കിസ്ഥാനെ ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസഫാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 86 പന്തില്‍ 65 റണ്‍സെടുത്ത ഫര്‍ഹാന് പിന്തുണ നല്‍കാന്‍ ആരുമില്ലാത്തതാണ് തോല്‍വിക്ക് കാരണം. 19 തിന് സ്കോട്ട്ലാന്‍ഡിനെതിരെയാണ് പാക്കിസ്ഥാന്‍റെ അടുത്ത മത്സരം. ഇംഗ്ലണ്ട് സിംബാവെയെ നേരിടും.