ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സ് താരം സ്റ്റീവ് സ്മിത്തിനോട് ചൂടായി സഹതാരം ബാബര്‍ അസം. ബാറ്റിങിനിടെ സ്മിത്ത് റണ്‍സിനായി ഓടാന്‍ വിസമ്മതിച്ചതാണ് തര്‍ക്കത്തിന് കാരണം. സിഡ്‌നി തണ്ടറിനെതിരായ മത്സരത്തില്‍ 11-ാം ഓവറിന്‍റെ അവസാന പന്തിലാണ് സംഭവം.
പവര്‍ സര്‍ജ് സമയത്ത് സ്ട്രൈക്ക് നിലനിര്‍ത്താന്‍ വേണ്ടിയാണ് സ്മിത്ത് അനായാസമായി ലഭിക്കുമായിരുന്ന റണ്‍സ് ഓടാന്‍ വിസമ്മതിച്ചത്. 11–ാം ഓവറില്‍ ക്രിസ് ഗ്രീന്‍ എറിഞ്ഞ പന്തില്‍ ബാബര്‍ ലോങ് ഓണിലേക്ക് ഷോട്ട് പായിക്കുകയും സിംഗളിനായി ശ്രമിക്കുകയും ചെയ്തു. അവസാന നിമിഷം സ്മിത്ത് ഓടാന്‍ വിസമ്മതിച്ചതോടെ ബാബർ പിച്ചിന്‍റെ നടുവിലെത്തി മടങ്ങി. ഇതിനു ശേഷം ബാബര്‍ അസം സ്മിത്തിന്‍റെ അടുത്തെത്തി ചൂടായി സംസാരിക്കുകയായിരുന്നു. രണ്ടു റണ്‍സ് മാത്രമാണ് ഈ ഓവറില്‍ നേടാനായത്.
പവര്‍ സര്‍ജ് സമയത്ത്, 11 ഓവറിന് ശേഷം ബാറ്റിങ് ടീമിന് ഏതെങ്കിലും രണ്ടോവര്‍ തിരഞ്ഞെടുക്കാം. ഈ സമയത്ത് രണ്ട് മാത്രമെ ഇന്നര്‍ സര്‍ക്കിളിന് പുറത്ത് നിര്‍ത്താന്‍ പാടുള്ളൂ. 12-ാം ഓവറില്‍ സ്ട്രൈക്ക് നേടിയ സ്മിത്ത് തകര്‍ത്തടിക്കുകയായിരുന്നു. റൈയാന്‍ ഹാര്‍ഡ്‍ലിയെ തുടരെ നാലു സിക്സര്‍ പറത്തിയ സമിത്ത് അടുത്ത പന്തില്‍ ബൗണ്ടറിയും നേടി. 32 റണ്‍സാണ് സ്മിത്ത് 12-ാം ഓവറില്‍ നേടിയത്. ബിബിഎല്‍ ചരിത്രത്തില്‍ ഒരോവറില്‍ നേടുന്ന ഏറ്റവും വലിയ സ്കോറാണിത്.
13-ാം ഓവറില്‍ സ്ട്രൈക്കിലെത്തിയ ബാബര്‍ അസം ആദ്യ പന്തില്‍ തന്നെ പുറത്തായി. ഡാനിയേൽ മക്ആൻഡ്രൂവിന്‍റെ പന്തില്‍ താരം ബൗള്‍ഡാവുകയായിരുന്നു. 39 പന്തില്‍ ഏഴു ബൗണ്ടറിയെടക്കം 47 റണ്‍സാണ് പാക്ക് താരം നേടിയത്. 190 പിന്തുടര്‍ന്ന സിഡ്‌നി സിക്‌സേഴ്‌സ് 17.2 ഓവറില്‍ ലക്ഷ്യം കണ്ടു. അഞ്ചു വിക്കറ്റിനാണ് ടീമിന്‍റെ വിജയം. 42 പന്തില്‍ 100 റണ്‍സാണ് സ്മിത്ത് നേടിയത്.