ടി 20 ലോകകപ്പിന് അമേരിക്കന്‍ താരം പാകിസ്ഥാൻ വംശജനായ ഫാസ്റ്റ് ബൗളർ അലി ഖാന് വിസ നിഷേധിച്ച് ഇന്ത്യ. പാകിസ്ഥാനിൽ ജനിച്ച 35 കാരനായ താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്. പാകിസ്ഥാനില്‍ ജനിച്ച അലി ഖാൻ പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയും ദേശീയ ടീമിന് വേണ്ടി കളിക്കുകയുമായിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ, പാക് വംശജരായ വ്യക്തികൾക്ക് ഇന്ത്യൻ വിസ ലഭിക്കുന്നതിന് കടുത്ത സുരക്ഷാ പരിശോധനകളും ക്ലിയറൻസുകളും ആവശ്യമാണ്. അമേരിക്കയ്ക്ക് വേണ്ടി 15 ഏകദിനങ്ങളിലും 18 ടി20 മത്സരങ്ങളിലും കളിച്ച അലി ഖാൻ ഏകദിനത്തില്‍ 33 വിക്കറ്റുകളും ടി20യിൽ 16 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2024 ടി20 ലോകകപ്പിൽ യുഎസ്എയ്ക്കായി കളിച്ചു.
ടി20 ലോകകപ്പിനുള്ള ടീമിനെ അമേരിക്ക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അലി ഖാൻ ടീമിലുണ്ടാകാനാണ് സാധ്യത. ഫെബ്രുവരി 7 മുതൽ മെയ് 8 വരെ ഇന്ത്യയിലെ അഞ്ച് വേദികളിലായും ശ്രീലങ്കയിലെ മൂന്ന് വേദികളിലായുമാണ് ലോകകപ്പ് നടക്കുന്നത്. പാക്കിസ്ഥാന്‍റെ മുഴുവൻ മത്സരങ്ങളും നടക്കുന്നത് ശ്രീലങ്കയിലാണ്. ബംഗ്ലാദേശിന്‍റെ കാര്യത്തിൽ ഇതുവരെ ഔദ്യോഗിക തീരുമാനമായിട്ടില്ല.