A man waves the national flag on the eve of ICC Men's T20 World Cup 2026 final cricket match between India and New Zealand, at the Narendra Modi Stadium, in Ahmedabad.
ട്വന്‍റി 20 ലോകകപ്പ് ഫൈനല്‍ നടക്കുന്നത് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ്. 1.30 ലക്ഷം കാണികളെ ഉള്‍കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണെങ്കിലും ഇന്ത്യയ്ക്ക് അത്ര രാശിയില്ലാത്ത വേദിയാണെന്നാണ് ആരാധകര്‍ പറയുന്നത്. 2023 ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ഫലമാണ് ഇന്ത്യന്‍ ആരാധകരുടെ സ്റ്റേഡിയം പേടിക്ക് പിന്നില്‍.
2023ലെ ഏകദിന ലോകകപ്പ് ഫൈനലാണ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഇതിന് മുന്‍പ് നടന്ന പ്രധാനപ്പെട്ട മത്സരം. 1.30 ലക്ഷം കാണികള്‍ക്ക് മുന്നില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോല്‍ക്കുകയായിരുന്നു. ഇതാണ് നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് സ്റ്റേഡിയം നിർഭാഗ്യകരമാണെന്ന് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. അതേസമയം, ഈ ട്വന്‍റി 20 ലോകകപ്പില്‍ അവസാന കളിച്ച മത്സരവും ഇന്ത്യ ഈ സ്റ്റേഡിയത്തില്‍ തോറ്റിരുന്നു.
2023 ഏകദിന ലോകകപ്പില്‍ ഇന്ത്യ–പാക്ക് മത്സരം നടന്നത് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ്. മത്സരം ഇന്ത്യ ജയിച്ചു. 2023 ലെ ഫൈനലില്‍ ഇന്ത്യയ്ക്ക് കാലിടറി. പിന്നീട് നടന്ന ഐസിസി ടൂര്‍ണമെന്‍റ് 2026 ലെ ട്വന്‍റി 20 ലോകകപ്പാണ്. ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡിനെ ഇന്ത്യ 17 റണ്‍സിന് തോല്‍പ്പിച്ചു. അവസാനം കളിച്ച സൂപ്പര്‍ എട്ട് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ 76 റണ്‍സിന് തോറ്റു.
അതേസമയം സ്റ്റേഡിയങ്ങളോട് അന്ധവിശ്വാസം വെച്ചു പുലര്‍ത്തരുതെന്ന് അശ്വിന്‍ ആരാധകരോട് ആവശ്യപ്പെട്ടു. മുന്‍ പരാജയങ്ങളുടെ പേരില്‍ മൈതാനത്തെ അയിത്തം കല്‍പ്പിക്കരുതെന്നും അശ്വിന്‍ പറഞ്ഞു. ഒരു മത്സരം തോറ്റാല്‍ അടുത്ത മത്സരം ജയിക്കാം. അതിലെന്താണുള്ളത്. ഈ സ്റ്റേഡിയത്തില്‍ ഒരുപാട് മത്സരം ജയിച്ചിട്ടുണ്ട്. സ്റ്റേഡിയത്തെ ഇത്തരത്തില്‍ അയിത്തം കല്‍പ്പിക്കരുതെന്നാണ് അശ്വിന്‍റെ ആവശ്യം.
സ്റ്റേഡിയത്തില്‍ ഇന്ത്യ പത്തു ട്വന്‍റി 20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ഏഴു ജയവും നാലു തോല്‍വിയും. 70 ശതമാനമാണ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ വിന്‍ റേറ്റ്. സ്റ്റേഡിയത്തില്‍ ആകെ 17 ട്വന്റി20 മത്സരങ്ങള്‍ ഇതുവരെ നടന്നു. ആദ്യം ബാറ്റു ചെയ്ത ടീമാണ് ഏറ്റവും കൂടുതല്‍ തവണ ജയിച്ചത്, 11 തവണ. ഇന്ത്യ ന്യൂസീലന്‍ഡിനെതിരെ നേടിയ 234/4 ആണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍.