ഫയല്‍ ചിത്രം
ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന തിലക് വര്‍മ ട്വന്‍റി 20 ലോകകപ്പ് സമയത്ത് ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കില്‍ പകരക്കാരന്‍ ആരാകുമെന്നാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ലോകപ്പിന് മുന്നോടിയായി ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന ട്വന്‍റി 20 പരമ്പരയ്ക്കുള്ള ടീമില്‍ താരം എന്തായാലും ടീമിലുണ്ടാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. അങ്ങനെയെങ്കില്‍ ലോകകപ്പിലും തിലക് വര്‍മ ഉണ്ടാവാനുള്ള സാധ്യത വിരളമാണ്. 'ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന തിലകിന്‍റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ക്രമേണെ പരിശീലനം ആരംഭിക്കുമെന്നും അതിനനുസരിച്ച് ശേഷമുള്ള കാര്യങ്ങള്‍ തീരുമാനിക്കാ'മെന്നും ബിസിസിഐ അറിയിച്ചു. 2025 ഏഷ്യാക്കപ്പ് ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു തിലക് വര്‍മ.
തിലകിന് ലോകകപ്പ് നഷ്ടമായാല്‍ ഗില്‍ പകരക്കാരന്‍ ആകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ എന്നാല്‍ അതിന് സാധ്യതയില്ലെന്നാണ് മുന്‍ താരമായ ആകാശ് ചോപ്ര പറയുന്നത്. ' മാനേജ്മെന്‍റിന് പുതിയ കളിക്കാരനെ കണ്ടെത്തേണ്ടി വരും. അതൊരിക്കലും ഗില്‍ ആവില്ല. യശസ്വിയും ആവില്ല. മറ്റൊരു ഓപ്പണറെയല്ലല്ലോ വേണ്ടത്. തിലക് മധ്യനിരയിലാണ് ബാറ്റ് ചെയ്യുന്നത്. അതുകൊണ്ട് മൂന്നാമനായോ നാലാമനായോ ഇറക്കാന്‍ കഴിയുന്ന ആളാവണം. ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന ആളാവണം. ശ്രേയസ് അയ്യര്‍ക്കാണ് സാധ്യത. സ്വാഭാവികമായും ശ്രേയസിലേക്കാവും സിലക്ടര്‍മാര്‍ തിരിയുക. നന്നായി കളിക്കുന്നുണ്ട്. ഏഷ്യാകപ്പില്‍ ശ്രേയസിനെ ഒഴിവാക്കിയിരുന്നു. അതൊരു തെറ്റായ തീരുമാനമായിരുന്നു. ഇപ്പോഴിതാ ശ്രേയസിനെ തേടി വീണ്ടും അവസരമെത്തിയിരിക്കുകയാണ്'- ആകാശ് ചോപ്ര പറഞ്ഞു.
ശ്രേയസ് അയ്യര്‍ അല്ലെങ്കില്‍ റിയാന്‍ പരാഗിനെയാവും താന്‍ പിന്തുണയ്ക്കുകയെന്നും ട്വന്‍റി 20 ഫോര്‍മാറ്റില്‍ ബോളിങും പ്രധാനമാണെന്നും അതുകൊണ്ട് ഓള്‍റൗണ്ടറാകും ടീമിന് ഗുണം ചെയ്യുകയെന്നും ചോപ്ര പറഞ്ഞു.
വിജയ് ഹസാരെ ട്രോഫിക്കിടെയാണ് തിലക് വര്‍മയ്ക്ക് ടെസ്റ്റിക്യുലാര്‍ ടോര്‍ഷന്‍ സംഭവിച്ചത്. തുടര്‍ന്ന് താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇതോടെയാണ് ഈ മാസം 21ന് ആരംഭിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ പരമ്പരയും പിന്നാലെ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പും താരത്തിന് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.