ഒരു ഫസ്റ്റ് ക്ലാസ് മല്‍സരത്തില്‍ പോലും സെഞ്ചുറി നേടിയിട്ടില്ലാത്ത ഇംഗ്ലീഷ് താരം ജേക്കബ് ബെഥലിന്റെ കരിയറിലെ ആദ്യ റെഡ് ബോള്‍ സെഞ്ചുറിയാണ് അഷസ് അവസാന ടെസ്റ്റില്‍ പിറന്നത്. നിരാശസമ്മാനിച്ച ആഷസ് പരമ്പരയിലെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷയായി 22കാരന്‍. 162 പന്തില്‍ നിന്നാണ് ബെഥലിന്റെ സെഞ്ചുറി നേട്ടം.
കരീബിയന്‍ ദ്വീപില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് എത്തിയ സ്റ്റാര്‍ ബോയ്. ഓര്‍മിക്കാന്‍ അധികമൊന്നുമില്ലാത്ത ആഷസ് പരമ്പരയില്‍ ജോ റൂട്ടിന് ശേഷം സെഞ്ചുറി നേടുന്ന താരമായി ജേക്കബ് ബെഥല്‍. സിഡ്നിയിലെ ബാറ്റിങ് പ്രകടനത്തോടെ എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന് ഇംഗ്ലണ്ട് ആരാധകര്‍ ആര്‍ത്തുവിളിച്ചത് വെറുതെയല്ല. ആദ്യ മൂന്നുമല്‍സരങ്ങള്‍ തോറ്റ് ഇംഗ്ലണ്ട് ആഷസ് പരമ്പര കൈവിട്ടതിന് ശേഷം പബ്ബില്‍ നൃത്തംചെയ്യുന്ന ജേക്കബ് ബെഥലിന്റെ വിഡിയോയായിരുന്നു വിമര്‍ശകര്‍ക്ക് പ്രിയപ്പെട്ടത്. അവസാന രണ്ടുമല്‍സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ച ബെഥല്‍ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ചു. 175 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 40 റണ്‍സുമായി ടോപ് സ്കോറര്‍. ഒന്നാം ഇന്നിങ്സില്‍ ബെഥലിന്റെ പത്തുറണ്‍സില്‍ താഴെ മാത്രം. രണ്ടാം ഇന്നിങ്സിലാകട്ടെ 78 റണ്‍സ് ശരാശരിയില്‍ ബാറ്റുചെയ്യുന്നുവെന്ന കൗതുകവുമുണ്ട്. കഴിഞ്ഞ ആറ് മല്‍സരങ്ങളില്‍ നേടിയ നാല് അര്‍ധസെഞ്ചുറിയും രണ്ടാം ഇന്നിങ്സില്‍. ഇംഗ്ലണ്ടിന്റെ പ്രായം കുറഞ്ഞ ക്യാപ്റ്റനായ ബെഥല്‍ ട്വന്റി 20യില്‍ ടീമിനെ നയിച്ചിട്ടുണ്ട്. മൂന്നുഫോര്‍മാറ്റിലും ഒരേ മികവ് പുലര്‍ത്തുന്ന യുവതാരം ഇംഗ്ലണ്ടിന്റെ ഭാവി നായകന്‍ കൂടിയാണ്.