ട്വന്‍റി 20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ ലിട്ടന്‍ ദാസ് നയിക്കും. 2025 മേയ് മുതലാണ് ലിട്ടന്‍ ദാസ് ടീമിനെ നായകനായത്. നജ്മുൾ ഹൊസൈൻ ഷാന്റോയ്ക്ക് പകരക്കാരനായാണ് ലിട്ടന്‍ നായക സ്ഥാനം ഏറ്റെടുത്തത്. അതേസമയം, ലോകകപ്പില്‍ പര്‍വേസ് ഹൊസൈനും തന്‍സിദ് ഹസനുമൊപ്പം ടോപ്പ് ഓര്‍ഡറില്‍ ലിട്ടന്‍ കളിക്കും. മുഹമ്മദ് സെയ്ഫ് ഹസനാണ് വൈസ് ക്യാപ്റ്റൻ. മുസ്തഫിസുർ റഹ്മാൻ, ടസ്കിൻ അഹമ്മദ് എന്നീ പേസർമാരെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. മെഹ്ദി ഹസന്‍, റിഷാദ് ഹൊസൈന്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. 

1994 ല്‍ ദിനജ്പൂര്‍ ജില്ലയിലെ ബംഗാളി ഹിന്ദു കുടുംബത്തിലാണ് ലിട്ടന്‍ ദാസ് ജനിക്കുന്നത്. 2015 ല്‍ ഇന്ത്യയ്ക്കെതിരെ ടെസ്റ്റിലാണ് ലിട്ടന്‍ ബംഗ്ലാദേശിനായി അരങ്ങേറുന്നത്. എട്ടു ദിവസത്തിന് ശേഷം ഏകദിനത്തിലും കളിച്ചു. അതേ വര്‍ഷം ദക്ഷിണാഫിക്കയ്ക്കെതിരെ ട്വന്‍റി 20 യിലും അരങ്ങേറി. സ്പെഷ്യലിസ്റ്റ് ബാറ്റ്സമാനായി തുടങ്ങിയ ലിട്ടന്‍ ദാസ്, 2017 ല്‍ വിക്കറ്റ് കീപ്പറുടെ ചുമതലകൂടി ലഭിച്ചു. 

2018 ഏഷ്യകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ നേടിയ സെഞ്ചറി ശ്രദ്ധേയമാണ്. മത്സരത്തില്‍ ബംഗ്ലാദേശ് തോറ്റെങ്കിലും മാന്‍ ഓഫ് ദി മാച്ച് ലിട്ടനായിരുന്നു. 2020 ല്‍ സിംബാവെയ്ക്കെതിരെ നേടിയ 176 റണ്‍സാണ് ഏകദിനത്തില്‍ ഒരു ബംഗ്ലാദേശ് താരത്തിന്‍റെ ഉയര്‍ന്ന സ്കോര്‍. 

2025 ല്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനിടെ മതവിശ്വാസത്തിന്‍റെ പേരില്‍ ലിട്ടന്‍ ദാസ് പരിഹസിച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

ENGLISH SUMMARY:

Litton Das will lead the Bangladesh team for the T20 World Cup. He takes over as captain from Najmul Hossain Shanto and will play in the top order alongside Parvez Hossain and Tanzid Hasan.