ഓസ്ട്രേലിയന്‍ പിച്ചുകളില്‍ നിന്ന് സ്പിന്‍ ബോളര്‍മാര്‍ അപ്രത്യക്ഷരാകുന്നു. 137 വര്‍ഷത്തെ ചരിത്രം തിരുത്തി ഇക്കുറി ആഷസ് സിഡ്നി ടെസ്റ്റില്‍ സ്പെഷലിസ്റ്റ് സ്പിന്നര്‍ ഇല്ലാതെയാണ് ഓസ്ട്രേലിയ കളത്തിലിറങ്ങിയിരിക്കുന്നത്. 5 മല്‍സരങ്ങളുള്ള ആഷസ് പരമ്പരയില്‍ ഇതുവരെ ഒന്‍പത് വിക്കറ്റ് മാത്രമാണ് സ്പിന്‍ ബോളിങ്ങില്‍ വീണത്.
ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ സ്പിൻ ബോളിങ്ങ് പിന്തള്ളപ്പെട്ടുവെന്നത് ഇനി ഔദ്യോഗികമായി പറയാം. 1887–88 സീസണിനുശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ ഒരു സ്പെഷലിസ്റ്റ് സ്പിന്നറില്ലാതെ സിഡ്‌നിയിൽ കളത്തിലിറങ്ങിയത്. രണ്ട് സ്പിന്നർമാരെ ഒരുമിച്ച് കളിപ്പിക്കുന്ന വേദിയെന്നായിരുന്നു സ്ഡിനി ക്രിക്കറ്റ് ഗ്രൗണ്ടിനുള്ള വിശേഷണം.
എന്നാല്‍ കഴിഞ്ഞ 20 വർഷത്തിനിടെ വെറും രണ്ടു തവണ മാത്രമാണ് ഓസ്‌ട്രേലിയ അവിടെ ആ തന്ത്രം പയറ്റിയത്. ഓസ്‌ട്രേലിയയിലെ സ്ഥിരം ടെസ്റ്റ് വേദികളിൽ, ഓസീസ് താരം നേഥന്‍ ലയണിന് ഏറ്റവും മോശം ബൗളിങ് ശരാശരിയുള്ളതും സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ്. ആഷസ് പരമ്പര നാലുദിവസം കൂടി ശേഷിക്കെ, സ്പിന്നർമാർക്ക് ആശ്വസിക്കാൻ വക നൽകിയത് അഡ്‌ലെയ്ഡ് ടെസ്റ്റ് മാത്രം.
ആഷസ് പരമ്പരയിൽ സ്പിന്നർമാർ വീഴ്ത്തിയ ഒൻപതു വിക്കറ്റുകളിൽ എട്ടും പിറന്നത് അഡ്‌ലെയ്ഡിലാണ്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചരിത്രത്തില്‍, കുറഞ്ഞത് മൂന്ന് മത്സരങ്ങളെങ്കിലുമുള്ള ടെസ്റ്റ് പരമ്പരകളിൽ, സ്പിന്നർമാർ ഏറ്റവും കുറവ് പന്തെറിഞ്ഞ പരമ്പരയായി ഈ ആഷസ് മാറി.