ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി ട്വന്‍റി പരമ്പരയിലെ ഉജ്വലപ്രകടനത്തോടെ ഇന്ത്യന്‍ ബാറ്റര്‍ ഷെഫാലി വര്‍മ ഐസിസി വനിതാ ട്വന്‍റി ട്വന്‍റി റാങ്കിങ്ങില്‍ ആറാംസ്ഥാനത്ത്. പത്താംറാങ്കില്‍ നിന്നാണ് ഷെഫാലിയുടെ കുതിപ്പ്. പട്ടികയില്‍ മൂന്നാമതുള്ള സ്മൃതി മന്ഥാനയാണ്  ട്വന്‍റി ട്വന്‍റി ബാറ്റിങ്ങില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ ബാറ്റര്‍. ജെമീമ റോഡ്രിഗസ് ഒന്‍പതില്‍ നിന്ന് പത്താം സ്ഥാനത്തേക്ക് വീണു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പതിനഞ്ചാം റാങ്കിലാണ്. ഓസ്ട്രേലിയയുടെ ബെത്ത് മൂണിയാണ് ലോക ഒന്നാം നമ്പര്‍ ബാറ്റര്‍. വെസ്റ്റിന്‍ഡീസിന്‍റെ ഹെയ്​ലി മാത്യൂസ് ആണ് രണ്ടാമത്.

Thiruvananthapuram: India's Deepti Sharma bowls a delivery during the fourth T20 International cricket match of a series between India Women and Sri Lanka Women, at Greenfield International Stadium, in Thiruvananthapuram, Kerala, Sunday, Dec. 28, 2025. (PTI Photo) (PTI12_28_2025_000394B)

ട്വന്‍റി ട്വന്‍റി ബോളര്‍മാരില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ ലോകഒന്നാംറാങ്ക് നിലനിര്‍ത്തി. ഓസ്ട്രേലിയയുടെ ആനാബെല്‍ സതര്‍ലന്‍ഡും പാക്കിസ്ഥാന്‍റെ സാദിയ ഇഖ്ബാലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യയുടെ രേണുക സിങ് താക്കുര്‍ ഏഴാം റാങ്കിലെത്തി. എട്ട് റാങ്ക് ഉയര്‍ന്നാണ് രേണുകയുടെ നേട്ടം. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ പ്രകടനമാണ് രേണുകയുടെ കുതിപ്പിന് പിന്നില്‍. പതിനാറാംസ്ഥാനത്തുള്ള രാധ യാദവാണ് ടോപ് ട്വന്‍റിയിലെ മറ്റൊരു ഇന്ത്യന്‍ താരം. ഏകദിന ബോളിങ് റാങ്കിങ്ങില്‍ ദീപ്തി തന്നെയാണ് ഇന്ത്യയുടെ ടോപ്പര്‍. റാങ്ക് 5. രേണുക പത്തൊന്‍പതാംറാങ്കിലാണ്. ഓസ്ട്രേലിയയുടെ അലാന കിങ് ആണ് ഒന്നാം നമ്പര്‍ ബോളര്‍. ദക്ഷിണാഫ്രിക്കയുടെ മാരിസന്‍ കാപ് രണ്ടാമതായി.

ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ സ്മൃതി മന്ഥന രണ്ടാംസ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയുടെ ലാറ വോള്‍വാര്‍ട്ടാണ് ഒന്നാമത്. ലാറയുടെ കരിയര്‍ ബെസ്റ്റ് റേറ്റിങ് പോയന്‍റാണ് ഇപ്പോഴത്തെ 820. സ്മൃതിക്ക് 811 റേങ്ങിങ് പോയന്‍റുണ്ട്. ജെമീമ റോഡ്രിഗസ് പത്താംറാങ്കിലും. ഹര്‍മന്‍പ്രീത് പതിനാലാമതാണ്. ടി ട്വന്‍റി ഓള്‍റൗണ്ടര്‍മാരില്‍ ദീപ്തി മൂന്നാംറാങ്കിലാണ്. ഇന്ത്യന്‍ താരങ്ങളില്‍ മറ്റാരും ഇതില്‍ ഇല്ല. ഏകദിന ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ദീപ്തിക്ക് നാലാംറാങ്കുണ്ട്. ഓസ്ട്രേലിയയുടെ ആഷ്‌ലി ഗാര്‍ഡ്‌നറാണ് ഒന്നാമത്. ട്വന്‍റി ട്വന്‍റി, ഏകദിന ടീം റാങ്കിങ്ങുകളില്‍ ഇന്ത്യ മൂന്നാമതാണ്. ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് ആദ്യരണ്ട് സ്ഥാനങ്ങളില്‍. 

ENGLISH SUMMARY:

Following the Sri Lanka series, Shafali Verma moved up to 6th in the ICC Women's T20I batting rankings. Deepti Sharma continues as the No.1 T20I bowler, while Renuka Singh Thakur jumped to 7th. Smriti Mandhana retains 2nd spot in ODI batting.