ankrish-mumbai

TOPICS COVERED

വിജയ് ഹസാരെ ട്രോഫിയില്‍ ഫീല്‍ഡിങിനിടെ മുംബൈ താരം അങ്ക്രിഷ് രഘുവംശിക്ക് ഗുരുതര പരുക്ക്. ഉത്തരാഖണ്ഡിന് എതിരായ മത്സരത്തില്‍ ഫീല്‍ഡിങിനിടെയായിരുന്നു അപകടം. സ്ട്രക്ചറില്‍ മൈതാനത്ത് നിന്നും മാറ്റിയ അങ്ക്രിഷിനെ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. 

ഉത്തരാഖണ്ഡിന്‍റെ ഇന്നിങ്സില്‍ 30-ാം ഓവറിലാണ് സംഭവം. ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തലയ്ക്കും തോളിനുമാണ് പരുക്കേറ്റത്. മുംബൈയുടെ തനുഷ് കോട്ടിയാന്‍റെ പന്തില്‍ സൗരഭ് റാവത്തിന്‍റെ ഷോട്ട് ബാറ്റിലിടിച്ച് ഉയർന്നു. ഡീപ്പ് മിഡ്-വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന അങ്ക്രിഷ് രഘുവൻഷി പന്ത് പിടിക്കാനായി മുന്നോട്ട് ഓടി ഡൈവ് ചെയ്തു. നിലത്തുവീണ അങ്ക്രിഷിന്‍റെ തല തറയിലിടിക്കുകയായിരുന്നു. കഴുത്ത് അനക്കാന്‍ സാധിക്കാത്ത രീതിയിലാണ് അങ്ക്രിഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

രോഹിത് ശര്‍മയ്ക്കൊപ്പം മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്ത അങ്ക്രിഷ് 20 പന്തില്‍ 11 റണ്‍സാണെടുത്തത്. മത്സരത്തില്‍ രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ താരമായ അങ്ക്രിഷിനെ ഫ്രാഞ്ചൈസി 2026 സീസണിലേക്ക് നിലനിര്‍ത്തിയിരുന്നു. രണ്ട് സീസണിലായി കൊല്‍ക്കത്തയ്ക്കു വേണ്ടി 22 മത്സരങ്ങള്‍ കളിച്ച താരം 463 റണ്‍സാണ് നേ‌ടിയത്. വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ സിക്കിമിനെതിരെ 38 റണ്‍സും അങ്ക്രിഷ് നേടിയിരുന്നു. 

മുംബൈ 50 ഓവറില്‍ 331 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഉത്തരാഖണ്ഡിന് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 51 റണ്‍സിനാണ് മുംബൈയുടെ ജയം. 

ENGLISH SUMMARY:

Ankrish Raghuvanshi injury occurred during a Vijay Hazare Trophy match while fielding. The Mumbai cricketer sustained a head and shoulder injury and was taken to a hospital in Jaipur.